2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

രാമായണ മ്യൂസിയം; കേന്ദ്രമന്ത്രി നാളെ അയോധ്യയിലെത്തും

 

അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമായണ മ്യൂസിയം നിര്‍മിക്കുന്നതിന്റെ മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ നാളെ സ്ഥലം സന്ദര്‍ശിക്കും. അടുത്തവര്‍ഷം യു.പിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നു കണക്കുകൂട്ടിയാണ് ബി.ജെ.പിയുടെ നീക്കം.

എന്നാല്‍, തന്റെ അയോധ്യ സന്ദര്‍ശനം തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനല്ലെന്നും ടൂറിസം മന്ത്രിയെന്ന നിലയ്ക്കാണ് അവിടെ പോകുന്നതെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു. അയോധ്യ സന്ദര്‍ശനം വികസന അജണ്ടയുടെ ഭാഗമാണ്. അയോധ്യയിലും രാജ്യത്താകമാനവും ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നും രാഷ്ട്രീയം ചേര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രാമായണ സര്‍ക്യൂട്ടിനു വേണ്ടി 225 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി. അതില്‍ 151 കോടി രൂപ സര്‍ക്യൂട്ട് ഹബ്ബായ അയോധ്യയിലേക്കാണ്.

ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സില്‍ രാമനുണ്ട്. മത ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രാമായണ സര്‍ക്യൂട്ട്, കൃഷ്ണ സര്‍ക്യൂട്ട്, ബുദ്ദിസ്റ്റ് സര്‍ക്യൂട്ട് എന്നീ മൂന്നു സര്‍ക്യൂട്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു.

രാമായണ മ്യൂസിയത്തിനായി ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്നതിന്റെ 15 കിലോമീറ്റര്‍ മാറി 25 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുമായി ധാരണയായിട്ടുണ്ട്. നാളെ സ്ഥലം സന്ദര്‍ശിക്കുന്ന മന്ത്രി രാമായണ സര്‍ക്യൂട്ട് ഉപദേശ സമിതിയുമായി ചര്‍ച്ച നടത്തും.

അന്താരാഷ്ട്ര രാമായണ സമ്മേളനം അയോധ്യയില്‍ നടത്താനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. 12 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഈ സമ്മേളനത്തില്‍ സംബന്ധിക്കുക.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.