
കൊല്‍ക്കത്ത: തന്റെ ഫോട്ടോ മോര്‍ഫ് ചെയ്തതില്‍ തൃണമൂല്‍ എം.പിക്കെതിരേ സി.പി.എം നേതാവ് പ്രകാശ് കാരാട്ട് പരാതി നല്കി. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ദരീക്ക് ഒബ്രീയിനെതിരേയാണ് പരാതി.
ഇദ്ദേഹം നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ കാരാട്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലഢു നല്കുന്ന ഫോട്ടോ കാണിച്ചിരുന്നു. ഇതാണ് വിവാദമായത്. സി.പി.എം- ബി.ജെ.പി ചങ്ങാത്തത്തിന്റെ ഉദാഹരണമായിട്ടാണ് ദരീക്ക് ഫോട്ടോ കാണിച്ചത്.
എന്നാല്‍ ഇത് മോര്‍ഫ് ചെയ്ത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് പ്രകാശ് കാരാട്ട് പരാതിയില്‍ പറഞ്ഞു. എം.പിക്കെതിരേ പരാതി നല്‍കുമെന്ന് ബി.ജെ.പിയും സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവിനെ അറിയിച്ചിരുന്നു. ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഇത് വ്യാജമാണെന്ന് ബി.ജെ.പി നേതാവ് സിദ്ധാര്‍ത്ഥ് നാഥും രംഗത്തെത്തിയിരുന്നു.
രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മധുരം നല്‍കുന്നതാണ് യഥാര്‍ത്ഥ ചിത്രം. സിദ്ധാര്‍ത്ഥ് നാഥ് സിങ് തന്നെയാണ് ഇക്കാര്യവും ചൂണ്ടിക്കാണിച്ചത്. തനിക്ക് രാജ്നാഥ് സിങിനെ കാണേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചിത്രം വ്യാജമാണെന്നും കാരാട്ടും വ്യക്തമാക്കി. സംഭവം വിവാദമായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവന ഇറക്കി രക്ഷപ്പെടാനുള്ള ശ്രമം നടത്തി.
ആറു ചിത്രങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ എം.പി പ്രദര്‍ശിപ്പിച്ചിരുന്നെന്നും അവയില്‍ ഒരു ചിത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഒഴിവാക്കിയെന്നുമായിരുന്നു പ്രസ്താവന.