തിരുവനന്തപുരം
സർക്കാർ കൊണ്ടുവന്ന പുതിയ നിരക്ക് വർധനവിലൂടെ രാജ്യത്ത് ഏറ്റവും കൂടുതൽ ബസ് ചാർജുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധനവിലൂടെ വലിയൊരു ബാധ്യതയാണ് സാധാരണക്കാർക്കg മേൽ സർക്കാർ അടിച്ചേൽപ്പിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മിനിമം ചാർജ് പത്തു രൂപയായി വർധിപ്പിച്ചപ്പോൾ മിനിമം ദൂരം അഞ്ചു കിലോമീറ്ററായിരുന്നത് രണ്ടര കിലോമീറ്ററായി ചുരുക്കി. കൊറോണക്കാലത്ത് മിനിമം ദൂരം രണ്ടര കിലോമീറ്ററായി കുറച്ചത് മഹാമാരിക്കു ശേഷവും അതേരീതിയിൽ നിലനിർത്തുന്നത് ശരിയല്ല.
നേരത്തെയുണ്ടായ എല്ലാ വർധനകളിലും മിനിമം ദൂരം അഞ്ചു കിലോമീറ്ററായിരുന്നു. ഇത്തവണ അത് രണ്ടര കിലോമീറ്ററായി ചുരുക്കിയെന്നു മാത്രമല്ല നിരക്ക് പത്തു രൂപയായി വർധിപ്പിക്കുകയും ചെയ്തു. എല്ലാ സ്റ്റേജുകളിലും ഇതനുസരിച്ചുള്ള വർധനവുണ്ടായി.
തമിഴ്‌നാട്ടിൽ ഫസ്റ്റ് സ്റ്റേജിൽ അഞ്ചു രൂപയും സെക്കന്റ് സ്റ്റേജിൽ ആറു രൂപയും തേഡ് സ്റ്റേജിൽ ഏഴു രൂപയും ഫോർത്ത് സ്റ്റേജിൽ എട്ടു രൂപയുമാണ്. എന്നാൽ കേരളത്തിൽ ഇത് യഥാക്രമം 10, 13, 15, 18 രൂപയാണ്.
നിരക്ക് വർധനയ്ക്കു പകരം ആറു കൊല്ലംകൊണ്ട് ഇന്ധന വിൽപനയിലൂടെ സംസ്ഥാന സർക്കാരിനു ലഭിച്ച ആറായിരം കോടി രൂപയുടെ അധിക വരുമാനത്തിൽനിന്ന് 25 ശതമാനമെടുത്ത് ഇന്ധന സബ്‌സിഡി നൽകണമെന്ന നിർദേശം പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. ഇതു നടപ്പാക്കിയിരുന്നെങ്കിൽ ഭീമമായ വർധന ഒഴിവാക്കാമായിരുന്നു.
സിൽവർ ലൈൻ ഡി.പി.ആർ തട്ടിപ്പാണെന്നതുൾപ്പെടെ സിസ്ട്രയുടെ മുൻ തലവൻ അലോക് കുമാർ വർമ ഉന്നയിച്ച ആരോപണങ്ങൾക്ക് കെ. റെയിൽ കോർപറേഷൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. സ്ഥലമേറ്റെടുപ്പിനു വേണ്ടി ഇടുന്ന കല്ലുകൾ പിഴുതെറിയുമെന്ന് യു.ഡി.എഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമ ലംഘനമാണെങ്കിൽ അതിനുള്ള ശിക്ഷ അനുഭവിക്കാൻ തയാറാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വീടുകളിൽ കയറി വിശദീകരണം നൽകിയാൽ യു.ഡി.എഫ് നേതാക്കളും വീടുകളിലേക്കിറങ്ങുമെന്നും സതീശൻ പറഞ്ഞു.
Comments are closed for this post.