കൊച്ചി: രാജ്യത്തെ മത്സ്യോല്‍പാദനത്തില്‍ നേരിയ വര്‍ധനവുണ്ടായപ്പോള്‍ കേരളത്തില്‍ അയലയുടെയും മത്തിയുടെയും ലഭ്യതയില്‍ വന്‍ ഇടിവ്.കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മത്സ്യലഭ്യതയിലും ഗണ്യമായ കുറവുണ്ടായി. മുന്‍വര്‍ഷത്തേക്കാള്‍ 15.4 ശതമാനമാണ് കുറവ്. 2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കാണ് സി.എം.എഫ്.ആര്‍.ഐ പുറത്തുവിട്ടത്.
മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. വെറും 44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്. 2018ല്‍ ഇത് 77,093 ടണ്‍ ആയിരുന്നു. 2012ല്‍ 3.9 ലക്ഷം ടണ്‍ സംസ്ഥാനത്ത് നിന്ന് പിടിച്ചിരുന്നു. അതിന് ശേഷമുള്ള ഓരോ വര്‍ഷങ്ങളിലും മത്തി കുറഞ്ഞുവന്നെങ്കിലും 2017ല്‍ ചെറിയ തോതില്‍ കൂടി. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മത്തിയുടെ ഉല്‍പാദനം വീണ്ടും താഴോട്ടുപോയി. അയല മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനമാണ് കുറഞ്ഞത്. ലഭിച്ചത് 40,554 ടണ്‍. 2018ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യമായിരുന്നു അയല.
മത്സ്യലഭ്യതയില്‍ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോല്‍പാദനത്തില്‍ കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തി. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. ഇത്തവണ കൊഴുവയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പിടിച്ച മത്സ്യം.74,194 ടണ്‍ കൊഴുവയാണ് ലഭ്യമായത്.
അതേസമയം രാജ്യത്തെ മൊത്തം സമുദ്ര മത്സ്യോല്‍പാദനത്തില്‍ 2.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇന്ത്യയില്‍ ആകെ ലഭിച്ചത് 35.6 ലക്ഷം ടണ്‍ മത്സ്യമാണ്. ഇന്ത്യയിലെ ആകെയുള്ള മത്സ്യലഭ്യതയില്‍ 21.7 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3 ശതമാനമാണ്.
Comments are closed for this post.