ലണ്ടൻ • അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത് 500 വിദേശ പ്രതിനിധികൾ ഉൾപ്പെടെ 2000 അതിഥികൾ. വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് ചടങ്ങുകൾ. പതിറ്റാണ്ടുകൾക്കിടെ ലണ്ടനിൽ ഒരുക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര ചടങ്ങായിരിക്കും ഇത്. ഈ മാസം 19ന് ഇന്ത്യൻ സമയം 3.30 നാണ് സംസ്‌കാരം.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെയുള്ള വിദേശ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. ബ്രിട്ടന്റെ അധീനതയിലുള്ള കാനഡ, ആസ്‌ത്രേലിയ, ന്യൂസിലൻഡ് പ്രധാനമന്ത്രിമാരായ ജസ്റ്റിൻ ട്രൂഡ്, അന്തോണി ആൽബനീസ്, ജസീന്ത ആർഡേൻ എന്നിവരും ചടങ്ങിനെത്തും. ഉത്തര കൊറിയൻ പ്രതിനിധിയെയും ബ്രിട്ടൻ ക്ഷണിച്ചതായി റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, സിറിയ, വെനസ്വേല രാജ്യങ്ങളെ ക്ഷണിച്ചിട്ടില്ല.
രാജ്ഞിയുടെ സംസ്‌കാരം നടക്കുന്ന ദിവസം ലോകത്തെ ഏറ്റവും തിരക്കേറിയ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. വിമാനങ്ങളുടെ ശബ്ദം ഒഴിവാക്കി ശാന്തതയ്ക്കു വേണ്ടിയാണ് നിയന്ത്രണമെന്ന് എയർട്രാഫിക് അധികൃതർ പറഞ്ഞു. ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്ക് മൃതദേഹം കൊണ്ടുപോകുന്ന സമയത്താണ് വിമാനങ്ങൾക്ക് നിയന്ത്രണം. എട്ടു യൂറോപ്യൻ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
Comments are closed for this post.