2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

രാജാവും സന്യാസിയും

‘ഗുരോ, അങ്ങ് പലപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നുവല്ലോ മനസിനെ വരുതിയിൽ നിർത്തുക, നിയന്ത്രണത്തിൽ നിർത്തുക എന്നൊക്കെ! എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്? വിശദീകരിച്ചു തരാമോ. എനിക്ക് എന്നെ നിയന്ത്രിക്കാൻ എന്താണ് ഉചിതമായ മാർഗ്ഗം?’ ചൈനീസ് ഗുരുവായ യാങ്ഷ്യൂവിനോട് ശിഷ്യൻ ചോദിച്ചു.
ഉത്തരമായി, ഗുരു ഒരു കഥ പറയാൻ തുടങ്ങി. മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് ഒരിക്കൽ ഒരു സന്യാസി കടന്നുവന്നു.നേരെയങ്ങ് കയറി വരികയാണ്. അനുവാദം ചോദിക്കുന്നത് പോലുമില്ല!

പക്ഷേ അദ്ദേഹത്തിന്റെ തേജസും പ്രഭയും ഒക്കെ കാരണം കാവൽക്കാർ തടഞ്ഞതുമില്ല! രാജസദസിലൂടെ അവിടെയും ഇവിടെയുമൊക്കെ നോക്കിക്കൊണ്ട് സന്യാസി നടന്നു. അതുകണ്ട മന്ത്രി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. ‘അല്ലയോ സന്യാസി ശ്രേഷ്ഠാ, ഇത് രാജസദസാണ്. കാണുന്നില്ലേ മഹാരാജാവ് സിംഹാസനത്തിൽ ഇരുന്നരുളുന്നത്. അദ്ദേഹത്തെ വണങ്ങുക.എല്ലാവരും മഹാരാജനെ വണങ്ങേണ്ടതുണ്ട്’
എന്നാൽ വണങ്ങുന്നതിന് പകരം സന്യാസി ഇപ്രകാരം മറുപടി നൽകുകയാണുണ്ടായത്. ‘മന്ത്രീ, താങ്കൾ ചക്രവർത്തിയോട് ചോദിക്കുക. അങ്ങ് സ്വന്തം മനസിന്റെ അടിമയാണോ? അതോ നേരെ മറിച്ച് മനസ് അങ്ങയുടെ അടിമയാണോ?

അങ്ങേക്ക് സ്വയംനിയന്ത്രണം സാധ്യമാവുന്നുണ്ടോ?’ ഇതുകേട്ട് മന്ത്രി രാജാവിനരികിലേക്ക് ചെന്നു. കാര്യം വിനയപുരസ്സരം ബോധിപ്പിച്ചു.
ചോദ്യങ്ങൾ കേട്ട മഹാരാജാവ് അതിശയത്തോടെ പറഞ്ഞു. ‘ഹേ മന്ത്രീ, ഇതെന്തൊരു ചോദ്യമാണ്!! എല്ലാ മനുഷ്യരും സ്വന്തം മനസിന്റെ അടിമകളല്ലേ! ഞാനും അങ്ങനെ തന്നെ. മനസ് എന്തുപറയുന്നുവോ, ‘അത് ഞാൻ അനുസരിക്കുന്നു! അത്ര തന്നെ!’ മന്ത്രി സന്യാസിക്കരികിൽ ചെന്ന് മഹാരാജാവിന്റെ ഉത്തരം അറിയിച്ചു.
ഉത്തരം കേട്ട് സന്യാസി ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി. എന്നിട്ട് ഇപ്രകാരം പറഞ്ഞു ‘ഹേ,മന്ത്രി ശ്രേഷ്ഠ, അങ്ങയുടെ രാജാവ് അദ്ദേഹത്തിന്റെ മനസിന്റെ അടിമയാണ്. കേവലം അടിമ മാത്രം!! പക്ഷേ ഞാൻ അങ്ങനെയല്ല. എന്റെ മനസ് എന്റെ വരുതിയിലാണ്. ഞാൻ ഉടമയും മനസ് അടിമയും!!
കേവലം അടിമമാത്രമായ രാജാവിനെ ഞാൻ എന്തിനു വണങ്ങണം! എന്ത് യുക്തിയാണതിലുള്ളത്! അദ്ദേഹത്തെ വണങ്ങാൻ എനിക്ക് സാധ്യമേയല്ല.
മഹാരാജൻ മഹാരാജൻ ആയിരിക്കണം. മഹാ അടിമയായാൽ പോരാ. ഈ അവസ്ഥയിൽ ബഹുമാനത്തിന് എന്തർഥം? ആദരവിന് എവിടെ സ്ഥാനം?കുതിരയെ നിയന്ത്രിക്കുന്നത് അതിന് പുറത്തിരിക്കുന്ന യാത്രികനായിരിക്കണം. എങ്കിൽ എല്ലാം ഭംഗിയായി നടക്കും. കുതിര എപ്പോഴും അയാളുടെ വരുതിയിൽത്തന്നെ ആയിരിക്കും. ആയിരിക്കണം. എങ്കിൽ ആ യാത്രികൻ ലക്ഷ്യത്തിലെത്തും!

അല്ലാത്തപക്ഷം, തോന്നിയ വഴിയേ സഞ്ചരിച്ച കുതിര, യാത്രികനെ ഒരിക്കലും ഉദ്ദേശിക്കാത്ത അപകടകരമായ സ്ഥലങ്ങളിലേക്കായിരിക്കും കൊണ്ടുപോകുക. അപകടങ്ങളാവും സംഭവിക്കുക ‘ഈ വാക്കുകൾ മന്ത്രി സശ്രദ്ധം കേട്ടു.
സന്യാസിയുടെ ധിക്കാരമോ അഹങ്കാരമോ ഒന്നുമല്ല, മറിച്ച് രാജാവിനോടും രാജ്യത്തോടുമുള്ള സ്‌നേഹം തന്നെയാണ് ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നതെന്ന് മന്ത്രിയും മഹാരാജാവും തിരിച്ചറിഞ്ഞു.

മഹാരാജാവ് സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റു. സന്യാസിയെ ഉപചാരപൂർവം സ്വീകരിച്ചു. കഥ ശ്രദ്ധയോടെ കേട്ട ശിഷ്യനോട് ഗുരു യാങ്ഷ്യൂ പറഞ്ഞു.
‘മനസിന്റെ ചിന്തകളേയും അതിമോഹങ്ങളെയും സ്വന്തം

നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ മാത്രമേ നിനക്ക് നല്ലൊരു പഠിതാവാകാൻ കഴിയൂ ഭാവിയിൽ ഗുരുവാകാൻ കഴിയൂ. ജീവിതത്തിൽ സംതൃപ്തിയും വിജയവും നേടാൻ സാധിക്കുകയുള്ളൂ. കുതിരയെ നിയന്ത്രിക്കുന്നത് കടിഞ്ഞാൺ ആണ്. എന്നാൽ ആ കടിഞ്ഞാൺ കുതിരയുടെ കൈകളിലല്ല. അതുപയോഗിക്കുന്നവരുടെ കൈകളിലാണ്. ഇതേപോലെ മനുഷ്യനും നേർവഴിയുടെ കടിഞ്ഞാൺ ആവശ്യമാണ്.

പക്ഷെ പുറത്തുനിന്നല്ല, അകത്തുനിന്നുള്ള സ്വയംപ്രേരണയുടെ കടിഞ്ഞാൺ ആണ് ഉണ്ടാവേണ്ടത്. അതിനാണ് കരുത്ത്.
അതിനാണ്ഫലപ്രാപ്തി. ശക്തമായ ആത്മനിയന്ത്രണമാണ് വേണ്ടത്. അല്ലാതെ വിദ്യാർഥി എങ്ങനെ പുരോഗതി നേടും? സ്വന്തം കടിഞ്ഞാണിന്റെ കുറവല്ലേ വിദ്യാർഥികൾക്കിടയിലും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിലും ഒക്കെ ഇപ്പോൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നത്!!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.