2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

രണ്ടു മാസത്തിനിടയില്‍ രണ്ടാമത്തെ ട്രെയിന്‍ ദുരന്തം


കണ്ടറിയാത്തവന്‍ കൊണ്ടാലറിയുമെന്ന പഴഞ്ചൊല്ലിനെ പതിരാക്കിക്കൊണ്ടിരിക്കുകയാണു റയില്‍വേ. കണ്ടാലും കൊണ്ടാലും അറിയാത്തവരാണ് ഇന്ത്യന്‍ റയില്‍വേയെന്നു വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഓരോ ട്രെയിനപകടമുണ്ടാകുമ്പോഴും മരിക്കുന്നവരുടെ ആശ്രിതര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കു നഷ്ടപരിഹാരം പ്രഖ്യാപിച്ചു നിസംഗത തുടരുകയെന്നതു റെയില്‍വേ ശീലമാക്കിയിരിക്കുകയാണ്. ദുരന്തകാരണമന്വേഷിക്കാന്‍ ഉത്തരവിടുകയുചം ചെയ്യും.

ഈ പതിവു നടപടികള്‍ക്കപ്പുറം ഇടക്കിടെയുണ്ടാകുന്ന പാളം തെറ്റല്‍ ഇല്ലാതാക്കാന്‍ ഗൗരവതരമായ നടപടികള്‍ക്കു റെയില്‍വേ മുതിരുന്നില്ല. കാന്‍പൂര്‍ റെയില്‍ ദുരന്തം കഴിഞ്ഞു രണ്ടുമാസം തികയും മുമ്പാണ് ആന്ധ്രയിലെ കുനേരു സ്‌റ്റേഷനു സമീപം ജഗതല്‍പൂര്‍-ഭുവനേഷര്‍ ഹിരാക്കുണ്ട് എക്‌സ്പ്രസ് പാളംതെറ്റിയിരിക്കുന്നത്. ദുരന്തത്തില്‍ നാല്‍പതിലേറെപ്പേര്‍ മരിക്കുകയും അമ്പതിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ കൂടാനാണു സാധ്യത.

സംഭവത്തിനു പിന്നില്‍ നക്‌സല്‍ സംഘമാണെന്നാണു റെയില്‍വേയുടെ നിഗമനം. നേരത്തെതന്നെ ഈ പ്രദേശത്ത് അട്ടമറിശ്രമം നടന്നതായി പറയപ്പെടുന്നു. അപ്പോഴെങ്കിലും റെയില്‍വേ ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മാവോയിസ്റ്റുകളുടെ വിഹാരഭൂമിയായ കുനേരുവില്‍ മറ്റൊരു ദുരന്തം സംഭവിക്കില്ലായിരുന്നു. പതിവുപോലെ റെയില്‍വേ മന്ത്രി സുരേഷ്പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെ നടന്ന റെയില്‍വേ അപകടങ്ങളുടെ അന്വേഷണ ഫലമൊന്നും പുറത്തുവന്നിട്ടില്ലെന്നിരിക്കേ കാന്‍പൂരിലേയും ഇപ്പോള്‍ നടന്ന ആന്ധ്രയിലേയും അപകടങ്ങളെ കുറിച്ചുള്ള അന്വേഷണഫലങ്ങളും പുറത്തുവരുമോയെന്നറിയില്ല.

കാന്‍പൂര്‍ ദുരന്തത്തിനു പിന്നില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇതിനു ഉപോല്‍ബലമായ തെളിവൊന്നും ലഭിച്ചിട്ടില്ല. ആന്ധ്രയിലെ പാളം തെറ്റലിനു പിന്നില്‍ അട്ടിമറിയാണെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മാവോയിസ്റ്റ് അട്ടിമറിയാകാനാണു സാധ്യതയെന്നും പറയപ്പെടുന്നു.
ശരിയായ അന്വേഷണത്തിലൂടെ മാത്രമേ അന്തിമതീരുമാനത്തിലെത്താന്‍ കഴിയൂ. ഈ പ്രദേശത്ത് മാവോയിസ്റ്റുകളുടെ ഭീഷണി വര്‍ധിച്ചിട്ടുണ്ടെന്നതു വാസ്തവമാണ്. അപകടത്തിനിരയായ ഹിരാകുണ്ട് എക്‌സ്പ്രസ് കടന്നുപോകുന്നതിന്റെ തൊട്ടുമുമ്പ് പാളത്തിലൂടെ ചരക്കുവണ്ടി കടന്നുപോയെങ്കിലും അപകടമുണ്ടായിരുന്നില്ല.

നവംബര്‍ 21 നു യു.പിയിലെ കാന്‍പൂരില്‍ പുലര്‍ച്ചെ മൂന്നിനു പാറ്റ്‌ന ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 ബോഗികളായിരുന്നു പാളംതെറ്റിയത്. നൂറിലധികംപേര്‍ മരിക്കുകയും 150 ല്‍ പരം ആളുകള്‍ക്കു മാരകമായി പരുക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നു മണിക്കൂറുകള്‍ക്കുശേഷമാണ് റയില്‍വേ ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്.

അതിനാല്‍ത്തന്നെ മരണസംഖ്യ കൂടുകയും ചെയ്തു. കാന്‍പൂര്‍ ദുരന്തത്തിനുശേഷവും മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിനു ഉത്തരവിട്ടതാണ്. ഐ.എസ്.ഐയെയും ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തെയും പഴിചാരുന്നുണ്ടെങ്കിലും റെയില്‍വേയുടെ ഭാഗത്തുനിന്നു നിരന്തമായുണ്ടാവുന്ന നിരുത്തരവാദപരമായ സമീപനങ്ങള്‍ക്ക് അറുതിയുമുണ്ടാകുന്നില്ലെന്നതാണ് ഏറെ വിചിത്രം.
അന്വേഷണപ്രഹസനങ്ങള്‍ ഒഴിവാക്കി ഇനിയെങ്കിലും യാത്രക്കാരുടെ സുരക്ഷയ്ക്കു മുന്‍ഗണന നല്‍കി റെയില്‍വേ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. റെയില്‍വേയുടെ പല പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തിനോ വകപ്പുമന്ത്രിക്കോ കൃത്യമായി അറിയില്ലെന്നതാണു നേര്. റെയില്‍വേ മന്ത്രാലയം നിശ്ചയിക്കുന്നതുപോലെയാണു കാര്യങ്ങള്‍ നടന്നുപോകുന്നത്.
യാത്രക്കാരുടെ സുരക്ഷക്കു മുന്‍ഗണന നല്‍കുന്നതിനേക്കാളേറെ പ്രാധാന്യം വരുമാനം വര്‍ധിപ്പിക്കുന്നതിനാണു നല്‍കിയിരിക്കുന്നത്. അതിനാല്‍ സമയനിഷ്ട പാലിക്കാനായി വണ്ടികള്‍ നിരന്തരം ഓടിക്കൊണ്ടേയിരിക്കുന്നു. ഇതുകാരണം പാളങ്ങള്‍ക്കു ബലക്ഷയം സംഭവിക്കുന്നു. പാളങ്ങളുടെ സുരക്ഷയോ ബോഗികളുടെ തകരാറുകളോ യഥാസമയം പരിശോധിക്കുകയോ അറ്റകുറ്റപണി നടത്തുകയോ ചെയ്യുന്നില്ല. തകര്‍ന്ന പാളങ്ങളിലൂടെയും വണ്ടികള്‍ ഓടിക്കൊണ്ടിരിക്കുന്നു.

ദൈവകൃപയാലാണു യാത്രക്കാര്‍ പലപ്പോഴും അപകടത്തില്‍പെടാതെ രക്ഷപ്പെടുന്നത്. സുരക്ഷിതയാത്രയ്ക്കു ട്രെയിന്‍ എന്ന ധാരണ പൊതുസമൂഹത്തില്‍നിന്നു പതുക്കേ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ദേശീയൈക്യത്തിന്റെ പ്രതീകമായ റെയില്‍വേയെ നിരന്തരമായുണ്ടാകുന്ന അപകടങ്ങളെത്തുടര്‍ന്നു യാത്രക്കാര്‍ കൈയൊഴിയുന്ന കാലം വിദുരമാവില്ല.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.