2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രണ്ടില കൈവിടാനില്ല; മുസ്‌ലിം ലീഗിനെ മധ്യസ്ഥരാക്കി യു.ഡി.എഫ് നീക്കം

കോട്ടയം: രണ്ടിലയും കേരള കോണ്‍ഗ്രസി (എം)നെയും സ്വന്തമാക്കിയ ജോസ് കെ. മാണിയെ തിരിച്ചെത്തിക്കാന്‍ മുസ്‌ലിം ലീഗിന്റെ മധ്യസ്ഥതയില്‍ നീക്കം സജീവമാക്കി യു.ഡി.എഫ്.
മുന്നണി നേതൃയോഗം ചേര്‍ന്ന് പുറത്താക്കാനിരുന്നവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കുമാണ് ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്താനുള്ള ചുമതല.
കെ.എം മാണിയുമായി ആത്മബന്ധമുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയുമായി ജോസ് കെ. മാണിക്കും ഏറെ അടുപ്പമുണ്ട്. ഡോ. എം.കെ മുനീര്‍ ജോസ് കെ. മാണിയുമായി വിഷയം സംസാരിച്ചതായാണ് വിവരം. ജോസ് കെ. മാണി പക്ഷത്തിനെതിരേ പരസ്യ പ്രതികരണങ്ങള്‍ ഉണ്ടാകരുതെന്ന നിര്‍ദേശം യു.ഡി.എഫ് നല്‍കിയിട്ടുണ്ട്. ജോസ് പക്ഷത്തെ പ്രകോപിപ്പിക്കരുതെന്ന് പി.ജെ ജോസഫിനോടും നിര്‍ദേശിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യ പ്രതികരണങ്ങള്‍ വേണ്ടെന്ന് ജോസ് കെ. മാണിയും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. യു.ഡി.എഫ് വിപ്പ് ലംഘിച്ചതിന് പുറത്താക്കാനുള്ള നീക്കം മുന്നണി നടത്തുന്നതിനിടെയാണ് ജോസ് പക്ഷത്തിന് അനുകൂലമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വന്നത്. രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസി (എം)ന്റെ അവകാശവും തിരിച്ചു കിട്ടിയതോടെ രാഷ്ട്രീയമായി ജോസ് പക്ഷത്തിന്റെ കരുത്ത് കൂടി.
ഇത് തിരിച്ചറിഞ്ഞാണ് യു.ഡി.എഫ് ജോസ് കെ. മാണിയെ തിരിച്ചെത്തിക്കാനുള്ള നീക്കം സജീവമാക്കിയത്. ജോസ് പക്ഷം മുന്നണിയില്‍ പുറത്തായപ്പോഴും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. യു.ഡി.എഫിന്റെ പുതിയ നീക്കത്തോട് ജോസ് പക്ഷവും അനുകൂലമാണ്. യു.ഡി.എഫ് തന്നെ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തതോടെ
നിയമസഭ സീറ്റുകളില്‍ ഉള്‍പ്പെടെ വ്യക്തമായ ധാരണയുണ്ടാക്കി മുന്നണിയിലേക്ക് മടങ്ങുകയെന്നതാണ് ജോസ് കെ. മാണിയും കൂട്ടരും കണക്കുകൂട്ടുന്നത്. യു.ഡി.എഫുമായി അകന്നതോടെ
സി.പി.എമ്മും ഇടത് മുന്നണിയുമായി അടുക്കാനുള്ള ശ്രമം ജോസ് പക്ഷം നടത്തിയിരുന്നു. എന്നാല്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആ നിലപാടില്‍ നിന്ന് ജോസ് പക്ഷം പിന്നോട്ടു പോയിട്ടുണ്ട്. തങ്ങള്‍ക്ക് സുരക്ഷിതം യു.ഡി.എഫ് തന്നെയാണെന്ന നിലപാടിലേക്കും തിരിച്ചെത്തിയിട്ടുണ്ട്.
പാര്‍ട്ടിയുമായി അകന്നു ജോസഫ് വിഭാഗത്തിനൊപ്പം പോയ മുതിര്‍ന്ന നേതാക്കളെയും തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും തിരികെ കൊണ്ടുവരാനുള്ള നീക്കം ജോസ് പക്ഷം സജീവമാക്കി. കേരള കോണ്‍ഗ്രസും രണ്ടിലയും ജോസ് കൊണ്ടു പോയതോടെ പി.ജെ ജോസഫും കൂട്ടരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരേ ഡല്‍ഹി ഹൈക്കോടതയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ ജോസഫ് പക്ഷം ആരംഭിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും.

ജോസ് കെ. മാണിക്ക് എളുപ്പം യു.ഡി.എഫിലേക്ക്
തിരിച്ചുവരാനാവില്ല: പി.ജെ ജോസഫ്

തൊടുപുഴ: ജോസ് കെ. മാണിക്ക് എളുപ്പം യു.ഡി.എഫിലേക്ക് തിരിച്ചുവരാനാകില്ലെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ. മണി വിഭാഗം വിപ്പ് ലംഘിച്ചവരാണ്. തികച്ചും യു.ഡി.എഫ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന അവര്‍ക്ക് എളുപ്പത്തില്‍ മുന്നണിയിലേക്ക് വരാന്‍ കഴിയില്ല. ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരാന്‍ യു.ഡി.എഫില്‍ ഘടകകക്ഷികളാരും ശ്രമം നടത്തുന്നില്ല.
അങ്ങനെ ജോസ് വിഭാഗം തന്നെ പ്രചരിപ്പിക്കുന്നതാണ്. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇടതുപക്ഷവുമായി ധാരണയാകുന്നുവെന്നാണ്. നല്ല കുട്ടികളായി വന്നാല്‍ തിരിച്ചെടുക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷെ, അവരുടെ പോക്ക് അങ്ങനെയല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കും. കേരള കോണ്‍ഗ്രസ് ( എം) ചെയര്‍മാന്‍ എന്ന സ്ഥാനം ജോസ് കെ. മാണി ഉപയോഗിക്കുകയോ പ്രവര്‍ത്തനം നടത്തുകയോ ചെയ്യരുതെന്ന ഇടുക്കി മുന്‍സിഫ് കോടതിയുടെ വിധി ഇന്നും നിലനില്‍ക്കുകയാണെന്നും പി.ജെ ജോസഫ് പറഞ്ഞു.

   

‘ജോസഫും ജോസും അണയാന്‍ പോകുന്ന ദീപങ്ങള്‍’

കോട്ടയം: ജോസ് കെ. മാണിയും പി.ജെ ജോസഫുംഅണയാന്‍ പോകുന്ന ദീപമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ജോസ് കെ. മാണിയുടേത് തല്‍കാലത്തേക്കുള്ള ആളിക്കത്തലാണ്.
സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകുന്നയാളാണ് ജോസ്. പി.ജെ ജോസഫ് കരിന്തിരിയായി മാറിക്കഴിഞ്ഞു.
പുതിയ പാര്‍ട്ടി രൂപീകരിക്കുക എന്നത് മാത്രമാണ് ജോസഫിന് മുന്‍പിലുള്ള പോംവഴിയെന്നും പി.സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ സി.പി.എം കരിദിനം ആചരിച്ചത് അപമാനകരമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.