
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പദവിയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന് സ്വാമി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. ഇക്കഴിഞ്ഞ 17നാണ് നേരത്തെ രഘുറാമിനെ പുറത്താക്കണമെന്നു ആവശ്യപ്പെട്ട് സ്വാമി കത്തയച്ചത്. രഘുറാം രാജന്റെ തന്നിഷ്ടത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ടടിക്കുന്നെന്ന് സ്വാമി ആദ്യ കത്തില്‍ ആരോപിച്ചിരുന്നു. ആറ് ആരോപണങ്ങള്‍ ഉന്നയിച്ചാണ് സ്വാമി ഇത്തവണ കത്തയച്ചിരിക്കുന്നത്.
ഒട്ടും സുരക്ഷിതമല്ലാത്ത ചിക്കാഗോ യൂനിവേഴ്സിറ്റി ഇമെയില്‍ ഐഡിയിലൂടെയാണ് സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ രാജന് അയക്കുന്നതെന്നും ബി.ജെ.പി സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിച്ചുകാണിക്കാനാണ് രഘുറാമിന്റെ ശ്രമമെന്നും സ്വാമി പുതിയ കത്തില്‍ ആരോപിക്കുന്നു. പലിശ നിരക്കുകളില്‍ വര്‍ധനവ് വരുത്താനുള്ള രഘുറാമിന്റെ തീരുമാനം ചെറുകിട വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതുണ്ടാക്കുന്ന പ്രത്യാഘാതം ഒരു തരത്തിലും ഒഴിവാക്കാനാവില്ല. രഘുറാമിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രഥമദൃഷ്ട്യാ രാജ്യ താത്പര്യങ്ങള്‍ക്കെതിരാണെന്നും സ്വാമി കത്തില്‍ ചൂണ്ടിക്കാട്ടി.