2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യൂറോയുടെ നഷ്ടങ്ങള്‍

 
 
വിളിപ്പാടകലെ എത്തിനില്‍ക്കുകയാണ് യൂറോകപ്പ്. ഇത്തവണ യൂറോകപ്പിന് പന്തുരുളുമ്പോള്‍ പല പ്രധാന താരങ്ങളേയും ടൂര്‍ണമെന്റില്‍ കാണാന്‍ സാധിക്കില്ല. പരുക്കിനെ തുടര്‍ന്നാണ് പല താരങ്ങള്‍ക്കും യൂറോകപ്പില്‍ കളിക്കാന്‍ കഴിയാത്തത്. പരുക്ക് കാരണം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, വിര്‍ജില്‍ വാന്‍ഡിക്, സെര്‍ജിയോ റാമോസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇത്തവണ ഗാലറിയിരുന്ന് കളി കാണും. പരുക്ക് കാരണം ആരെല്ലാമാണ് ഇത്തവണ യൂറോ കപ്പില്‍ നിന്ന് പുറത്തായതെന്ന് നോക്കാം. 
 
ഇബ്രാഹീമോവിച്ച്
 
സീരീ എയിലെ മികച്ച പ്രകടനം കണക്കിലെടുത്തായിരുന്നു സ്വീഡന്‍ താരം 39 കാരനായ സ്‌ലാറ്റന്‍ ഇബ്രാഹീമോവിച്ചിനെ സ്വീഡന്‍ തിരിച്ചുവിളിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് രാജ്യന്തര ഫുട്‌ബോളില്‍ നിന്ന് താരം വിരമിച്ചിട്ടുണ്ടെങ്കിലും പ്രകടന മികവ് കണക്കിലെടുത്തായിരുന്നു ദേശീയ ടീമിലേക്ക് വീണ്ടും വിളിയെത്തിയത്. ദേശീയ ടീമില്‍ തിരിച്ചെത്തിയ ഇബ്ര രണ്ട് സൗഹൃദ മത്സങ്ങളില്‍ സ്വീഡന് വേണ്ടി ബൂട്ടുകെട്ടിയെങ്കിലും ലീഗ് മത്സരത്തില്‍ പരുക്കേറ്റത് വിനയാവുകയായിരുന്നു. യുവന്റസിനെതിരേയുള്ള മത്സരത്തില്‍ പരുക്കേറ്റ ഇബ്രയുടെ യൂറോ സ്വപ്നങ്ങള്‍ അതോടെ അവസാനിക്കുകയും ചെയ്തു. 
 
വിര്‍ജില്‍ വാന്‍ഡിക്
 
അവസാന സീസണില്‍ പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന നെതര്‍ലന്‍ഡ്‌സ് താരം വിര്‍ജില്‍ വാന്‍ഡിക്കും ഇത്തവണ യൂറോ കപ്പില്‍നിന്ന് പുറത്താണ്. പരുക്ക് തന്നെയാണ് വാന്‍ഡിക്കിന്റെയും യൂറോ കപ്പ് സ്വപ്നത്തെ തകര്‍ത്തത്. പരുക്കിനെ തുടര്‍ന്ന് ഏറെ കാലമായി താരം വിശ്രമത്തിലാണ്. സീസണ്‍ തുടക്കത്തില്‍ പരുക്കേറ്റ വാന്‍ഡികിന് സീസണ്‍ നഷ്ടമായിരുന്നു. വാന്‍ഡിക്ക് പരുക്കേറ്റ് പുറത്തായത് ലിവര്‍പൂളിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. പ്രതിരോധത്തില്‍ വാന്‍ഡിക്ക് ഇല്ലാത്തത് ഡച്ച് ടീമിനെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 
സെര്‍ജിയോ റാമോസ് 
പരുക്കേറ്റ് വിശ്രമത്തിലായിരുന്ന സ്പാനിഷ് താരം സെര്‍ജിയോ റാമോസ് ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതാണ് വിനയായിരിക്കുന്നത്. സ്പാനിഷ് ടീം പരിശീലകന്‍ ലൂയീസ് എന്റിക്കെയാണ് താരത്തെ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാലാണ് ടീമിലേക്ക് പരിഗണിക്കാത്തതെന്ന് അറിയിച്ചത്. പരുക്കും കൊവിഡും കാരണം റാമോസിന് കൂടുതല്‍ ലീഗ് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ജനുവരിയില്‍ കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ റാമോസിന് കൊവിഡ് ബാധിച്ചതായിരുന്നു തിരിച്ചടിയായത്. പിന്നീട് റയല്‍ മാഡ്രിഡില്‍ തിരിച്ചെത്തിയ റാമോസ് രണ്ട് മത്സരം മാത്രമാണ് കളിച്ചത്. 2004ന് ശേഷം റാമോസ് ഇല്ലാതെ ആദ്യമായാണ് സ്പാനിഷ് സംഘം പ്രധാന ടൂര്‍ണമെന്റിന് ഇറങ്ങുന്നത്. 
 
അന്‍സു ഫാത്തി
 
സ്പാനിഷ് ടീമിന്റെ മുന്നേറ്റനിരയില്‍ ഉണ്ടായിരിക്കേണ്ട പ്രധാന താരമായിരുന്നു ബാഴ്‌സലോണയുടെ അന്‍സു ഫാത്തി. പരുക്ക് തന്നെയാണ് അന്‍സുവിനും തിരിച്ചടിയായത്. അവസാന സീസണില്‍ ബാഴ്‌സലോണക്ക് വേണ്ടി ചുരുക്കം മത്സരങ്ങള്‍ മാത്രമേ അന്‍സു കളിച്ചിട്ടുള്ളു. കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന്റെ യൂറോ കപ്പ് സ്വപ്നങ്ങള്‍ അവതാളത്തിലായത്. പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് അന്‍സുവിന് കഴിഞ്ഞ മാസവും ശസ്ത്രക്രിയ നടത്തിയിരുന്നു. 
 
ജെസ്സി ലിംഗാര്‍ഡ്
 
 ഇംഗ്ല@ണ്ടിന്റെ യൂറോ കപ്പ് ടീമില്‍ നിന്ന് പുറത്തായ പ്രധാന താരമാണ് ജെസ്സി ലിംഗാര്‍ഡ്. മാഞ്ചസ്റ്റര്‍ യൂനൈറ്റഡിനൊപ്പം അത്ര മികച്ച സീസണ്‍ അല്ലായിരുന്നെങ്കിലും ജനുവരിയില്‍ ലോണില്‍ വെസ്റ്റ് ഹാമില്‍ എത്തിയതോടെ മികച്ച ഫോമിലേക്കുയര്‍ന്നു . 28 കാരന്‍ വെസ്റ്റ് ഹാമിനെ യൂറോപ്പ ലീഗിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. 16 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ഒന്‍പത് ഗോളുകള്‍ നേടി നാല് അസിസ്റ്റുകള്‍ നല്‍കിയ ലിംഗാര്‍ഡ് പക്ഷെ യൂറോ ടീമില്‍ ഇടം ക@െണ്ടത്താനായില്ല . ഇംഗ്ലണ്ട് ടീമില്‍ കൂടുതല്‍ താരങ്ങളുള്ളതുകൊണ്ടാവാം ലിംഗാര്‍ഡിനെ പരിഗണിക്കാതിരുന്നത്. 
 
ജെറോം ബോട്ടെങ് 
 
ഏറെകാലമായി പരുക്കിന്റെ പിടിയിലുള്ള ബയേണ്‍ മ്യൂണിക് താരം ജെറാം ബോട്ടെങ് ഇത്തവണ ജര്‍മനി സംഘത്തിലുണ്ടാവില്ല. 2019 മുതല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കാത്ത ജെറോം ബോട്ടെങ്ങ് മാത്രമാണ് ജര്‍മന്‍ സംഘത്തില്‍ നിന്ന് പുറത്തായ പ്രമുഖ താരം. അവസാന സീസണില്‍ പരുക്ക് കാരണം ക്ലബ് ഫുട്‌ബോളിലും വേണ്ടത്ര തിളങ്ങാന്‍ ബോട്ടെങ്ങിന് കഴിഞ്ഞിരുന്നില്ല. പരിശീലകന്‍ ജോക്വിം ലോ ബോട്ടെങ്ങിനെ യൂറോ കപ്പിന് പരിഗണിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാറ്റ് ഹമ്മല്‍സ്, അന്റോണിയോ റൂഡിഗര്‍, നിക്ലാസ് സുലെ, മത്തിയാസ് ജിന്റര്‍ എന്നിവരെ മറികടന്ന് ടീമിലിടം സ്വന്തമാക്കാന്‍ ബോട്ടെങ്ങിന് കഴിഞ്ഞില്ല. 
 
വാന്‍ ഡി ബീക്
 
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ വാന്‍ ഡി ബീകിനെ കഴിഞ്ഞ ദിവസമാണ് നെതര്‍ലന്‍ഡ്‌സ് ടീമില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം അറിയിച്ചത്. പരുക്കിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതെന്നാണ് ഡച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചത്. സ്‌കോട്ട്‌ലന്‍ഡ്, ജോര്‍ജിയ എന്നിവര്‍ക്കെതിരേയുള്ള സൗഹൃദ മത്സരത്തിനുള്ള ടീമില്‍ വാന്‍ ഡീ ബിക് കളിച്ചിരുന്നു. ജോര്‍ജിയക്കെതിരേയുള്ള മത്സരത്തില്‍ പരുക്കേറ്റതായിരുന്നു താരത്തിന് വിനയായത്. 
പരുക്കില്‍നിന്ന് മുക്തനാകാന്‍ സമയം എടുക്കുമെന്നതിലാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഡച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന്റെ അവസാന മത്സരത്തില്‍ വോള്‍വ്‌സിനെതിരേ 90 മിനുട്ടും താരം കളത്തിലിറങ്ങിയിരുന്നു. 
 
 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.