2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യു.പി തദ്ദേശതെരഞ്ഞെടുപ്പ്: പകുതിയോളം ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച പണം പോയി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ത്രിതല തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ മുഴുവന്‍ കണക്കുകളും പുറത്തുവന്നു. സംസ്ഥാനത്ത് ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിച്ച പകുതിയോളം സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം പോയി.
ആകെയുള്ള 3656 ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ 2366 പേര്‍ക്കു മാത്രമാണ് കെട്ടിവച്ച പണം തിരിച്ചുകിട്ടിയത്. ഇത് ആകെയുള്ള സ്ഥാനാര്‍ഥികളുടെ 45 ശതമാനം വരും.
തെരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും ബി.ജെ.പിയാണ്. എസ്.പിയുടെ 54 ശതമാനവും ബി.എസ്.പിയുടെ 66ഉം കോണ്‍ഗ്രസിന്റെ 74ഉം സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായിട്ടുണ്ട്.
ത്രിതല പഞ്ചായത്ത്- മുനിസിപ്പാലിറ്റി- കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് 30.8 ശതമാനം മാത്രം വോട്ടാണ് ലഭിച്ചത്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് വിഭാഗങ്ങളിലേക്ക് കഴിഞ്ഞയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. 16 കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ പതിനാലിലും ബി.ജെ.പിയും രണ്ടിടത്ത് ബി.എസ്.പിയുമാണ് ജയിച്ചത്. കോര്‍പറേഷനുകളിലെ ആകെയുള്ള 652 സീറ്റുകളില്‍ 184 സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. സ്വതന്ത്രര്‍ 225, എസ്.പി 128, കോണ്‍ഗ്രസ് 76 സീറ്റുകളില്‍ ജയിച്ചു.
438 നഗരസഭാ അധ്യക്ഷരില്‍ 182 പേര്‍ സ്വതന്ത്രരും 100 പേര്‍ ബി.ജെ.പി പ്രതിനിധികളുമാണ്. എസ്.പി (83), ബി.എസ്.പി (45), കോണ്‍ഗ്രസ് (17), ആര്‍.എല്‍.ഡി (3), എ.എ.പി, ആര്‍.ജെ.ഡി (രണ്ടുവീതം), മജ്‌ലിസ് (1) എന്നീ പാര്‍ട്ടികള്‍ ബാക്കിയുള്ള പദവികളും സ്വന്തമാക്കി. ഗ്രാമപഞ്ചായത്തുകളില്‍ ബി.ജെ.പി 664ഉം എസ്.പി 453ഉം ബി.എസ്.പി 218ഉം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 126 എണ്ണം മാത്രമെ ലഭിച്ചുള്ളൂ.
ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 1,462 സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവച്ച പണം നഷ്ടമായത്. എസ്.പിയുടെ 769ഉം ബി.എസ്.പിയുടെ 713ഉം കോണ്‍ഗ്രസിന്റെ 513ഉം പേര്‍ക്ക് കെട്ടിവച്ച പണംപോയി. ഇതില്‍ കോര്‍പറേഷനിലെ തെരഞ്ഞെടുപ്പുഫലം മാത്രം റിപ്പോര്‍ട്ട്‌ചെയ്തതിനാല്‍ യു.പിയിലെ തദ്ദേശ തെരഞ്ഞെടുപ്പും ബി.ജെ.പി തൂത്തുവാരി എന്ന വിധത്തിലായിരുന്നു ഒരുവിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.