2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘യു.പി.എസ്.സി ജിഹാദി’ന് സുപ്രിംകോടതിയുടെ വിലക്ക്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് ചാനലായ സുദര്‍ശന്‍ ന്യൂസ് ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘യു.പി.എസ്.സി ജിഹാദ്’ എന്ന പരിപാടിയുടെ തുടര്‍ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യുന്നതിന് സുപ്രിം കോടതിയുടെ താല്‍ക്കാലിക വിലക്ക്.
ഗൂഢലക്ഷ്യത്തോടെയുള്ള പരിപാടിയാണിതെന്നും മുസ്‌ലിംകള്‍ യു.പി.എസ്.സിയിലേക്ക് നുഴഞ്ഞു കയറുന്നുവെന്ന് പ്രചരിപ്പിക്കാന്‍ കോടതി നിങ്ങളെ അനുവദിക്കില്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മറിച്ചൊരു ഉത്തരവുണ്ടാകുന്നത് വരെ സംപ്രേഷണം നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.
മുസ്‌ലിംകള്‍ യു.പി.എസ്.സിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുവെന്ന് മുദ്രകുത്തി സമുദായത്തെ താറടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രോഗ്രാമാണിതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ അത് അനിയന്ത്രിതമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാമുദായിക സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ മൂല്യങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. ഭരണഘടനയുടെ സംരക്ഷകരെന്ന നിലയില്‍ സഹവര്‍ത്തിത്വം ഇല്ലാതാക്കാനുള്ള നീക്കത്തെ അംഗീകരിക്കാന്‍ കോടതിക്ക് കഴിയില്ല. ഇലക്ട്രോണിക് മാധ്യമങ്ങള്‍ അവരുടെ ഉടമകളും ഓഹരിയുടമകളും ആരെന്ന് വെളിപ്പെടുത്തേണ്ടതുണ്ടെന്നും വാദത്തിനിടെ ജസ്റ്റിസ് കെ.എം ജോസഫ് നിരീക്ഷിച്ചു. അവരുടെ വരുമാന സ്രോതസും പരിശോധിക്കണം.
സര്‍ക്കാര്‍ ഒരു സ്ഥാപനത്തിന് എത്ര പരസ്യം നല്‍കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ മറ്റു മാധ്യമങ്ങളോട് വിവേചനമുണ്ടാകുന്നുണ്ടോയെന്നും പരിശോധിക്കണം.
ടെലിവിഷന്‍ ചര്‍ച്ചകളില്‍ മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ അവതാരകരാണ് ഇപ്പോള്‍ കൂടുതല്‍ സംസാരിക്കുന്നതെന്നും കെ.എം ജോസഫ് പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം രാജ്യത്ത് ചോദ്യം ചെയ്യപ്പെടാനാവാത്തതാണെന്നായിരുന്നു വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുടെ നിലപാട്. രാജ്യത്ത് യഥാര്‍ഥ ഉടമകളുടെ പേര് പരസ്യപ്പെടുത്താത്ത നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ടെന്നും തുഷാര്‍ മേത്ത വാദിച്ചു.
ജനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം മാത്രമേ മാധ്യമങ്ങള്‍ക്കുമുള്ളൂ എന്നായിരുന്നു ഇതിന് ജസ്റ്റിസ് കെ.എം ജോസഫിന്റെ മറുപടി. ഇന്ത്യയുടെ വൈവിധ്യത്തെ അംഗീകരിക്കാത്ത നിലപാടാണ് താങ്കളുടെ കക്ഷിയ്ക്കുള്ളതെന്നും അവര്‍ മാധ്യമസ്വാതന്ത്ര്യമെല്ലാം സൂക്ഷിച്ചുപയോഗിക്കേണ്ടതാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് സുദര്‍ശന്‍ ന്യൂസ് ടെലിവിഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാംദിവാനോടും പറഞ്ഞു.

ഒരേ പരീക്ഷ എഴുതുന്ന മുസ്‌ലിംകള്‍ എങ്ങനെ നുഴഞ്ഞുകയറ്റക്കാരാകും?

‘ഒരേ പരീക്ഷയെഴുതി, ഒരേ പാനലിനു മുന്നില്‍ അഭിമുഖത്തിന് ഹാജരായാണ് മുസ്‌ലിംകളും സിവില്‍ സര്‍വിസിലെത്തുന്നത്. ഇതിനെ നുഴഞ്ഞു കയറ്റമെന്ന എങ്ങനെ പറയാനാവും’. സുപ്രിം കോടതി ചോദിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങളുടെ നിലവാരം പരിശോധിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കണം. ഈ സമിതിയില്‍ രാഷ്ട്രീയ വിഭജനമുണ്ടാക്കുന്ന പശ്ചാത്തലമുള്ള ആളുകളാരും ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു.
ഒരു സമുദായം സിവില്‍ സര്‍വിസിലേക്ക് കൂടുതലായി എത്തുന്നുവെന്നതിലാണ് പരിപാടിയുടെ അവതാരകന്‍ പരാതിപ്പെടുന്നതെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. എന്തൊരു ദുഷ്ടലാക്കോടെയുള്ളതാണത്. യു.പി.എസ്.സി പരീക്ഷകളുടെ വിശ്വാസ്യതയും അത് ചോദ്യം ചെയ്യുന്നുണ്ട്. ഒരടിസ്ഥാനമില്ലാതെയാണ് കുറ്റപ്പെടുത്തല്‍ നടത്തുന്നത്. ഒരു സ്വതന്ത്ര സമൂഹത്തില്‍ എങ്ങനെയാണ് ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയുകയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. അഭിപ്രായ സ്വതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ മാധ്യമങ്ങളുടെ നിലവാരം പരിശോധിക്കപ്പെടേണ്ടതാണെന്നും കോടതി പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.