ലഖ്‌നൗ • ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയെത്താത്ത ദലിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. സഹൈൽ, ജുനൈദ്, ഹഫീസുൽ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ്, ഛോട്ടു എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെടാൻ ശ്രമിച്ച ജൂനൈദിന്റെ കാലിൽ വെടിവച്ചാണ് പിടികൂടിയത്. പെൺകുട്ടികളെ പ്രതികൾക്ക് പരിചയപ്പെടുത്തിയ കേസിലാണ് അയൽവാസി ഛോട്ടു അറസ്റ്റിലായത്.
സുഹൈലും ജുനൈദും 16ഉം 17ഉം വയസുള്ള സഹോദരിമാരുമായി പ്രണയത്തിലായിരുന്നുവെന്നും ബുധനാഴ്ച രണ്ടുപേരും അവരെ ലൈംഗികമായി പീഡിപ്പിച്ചെന്നും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലിസ് കേസ്. ഇവർക്കൊപ്പം പെൺകുട്ടികൾ ബൈക്കിൽ പോവുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. എന്നാൽ, പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയതാണെന്ന് കുടുംബം പറയുന്നു. ആത്മഹത്യയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് കെട്ടിത്തൂക്കിയതെന്ന് പ്രതികൾ മൊഴി നൽകി. കമറുദ്ദീനും ആരിഫും ചേർന്നാണ് കെട്ടിത്തൂക്കിയതെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തിന് ഹഫീസുലും പങ്കാളിയായി.
അതിവേഗ വിചാരണ നടത്തി പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും ഒരുകോടി നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും ആവശ്യപ്പെട്ട് കുടുംബം പ്രതിഷേധിച്ചിരുന്നു. മൃതദേഹം അടക്കംചെയ്യാതെ റോഡ് ഉപരോധിച്ചതോടെ അതിവേഗ വിചാരണചെയ്യുമെന്നും എസ്.സി-എസ്.ടി വിഭാഗത്തിന് നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം കേസ് പരിഗണിക്കുമെന്നും സർക്കാർ ഉറപ്പുനൽകി. കൂടാതെ എട്ടുലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചതോടെ വൈകിട്ടോടെയാണ് മൃതദേഹം സംസ്‌കരിക്കാൻ കുടുംബം തയാറായത്.
Comments are closed for this post.