ബെയ്ജിങ്: ആണവപോര്‍മുനകള്‍ വഹിക്കുന്ന എച്ച്-6 ബോംബര്‍ വിമാനങ്ങള്‍ യു.എസ് വ്യോമതാവളത്തിനു നേരെ സാങ്കല്പിക ആക്രമണം നടത്തുന്ന വിഡിയോ പുറത്തുവിട്ട് ചൈന. ഗുവാം ദ്വീപിലെ യു.എസിന്റെ ആന്ഡേഴ്സന് വ്യോമതാവളത്തിനു നേരെ ആക്രമണം നടത്തുന്നതാണ് വിഡിയോയിലുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ വാഗ്യുദ്ധം തുടരുന്നതിനിടെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വ്യോമസേനാ വിഭാഗത്തിന്റെ വെയ്ബോ എക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ടു മിനുട്ടും 15 സെക്കന്‍ഡും നീണ്ടുനില്‍ക്കുന്ന വിഡിയോ ഒരു ഹോളിവുഡ് സിനിമയുടെ രീതിയില്‍ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഒരുക്കിയിരിക്കുന്നത്. യുദ്ധദേവനായ എച്ച്-6കെ ആക്രമണം നടത്തുന്നു എന്നാണ് വിഡിയോയുടെ പേര്. ഗുവാം പോലുള്ള യു.എസിന്റെ സൈനിക താവളങ്ങള്‍ സുരക്ഷിതമല്ലെന്ന ഭയം യു.എസിനുണ്ടാക്കുകയാണ് വിഡിയോയുടെ ലക്ഷ്യമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മുതിര്‍ന്ന യു.എസ് വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥന് ഈയിടെ തായ്പേയ് സന്ദര്‍ശിച്ചതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തായ്വാനു സമീപം ചൈനീസ് സേന സൈനികാഭ്യാസം നടത്തിവരുന്നതിനിടെയാണ് വിഡിയോ പുറത്തുവിട്ടത്. മോസ്കോയില്‍ ഇന്നലെ തുടങ്ങിയ റഷ്യയുടെ സംയുക്ത സൈനികാഭ്യാസത്തിലും ചൈനീസ് സേന പങ്കെടുക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.