
വാഷിങ്ടണ്‍: വിസ നിരക്കു വര്‍ധിപ്പിക്കാനുള്ള യു.എസ് തീരുമാനത്തിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്ത്. യു.എസിന്റെ തീരുമാനം വിവേചനപരമെന്നും ഇന്ത്യന്‍ ഐ.ടി പ്രൊഫഷനകളെയാണ് ഇതു കൂടുതലായും ബാധിക്കുകയെന്നും ജയ്റ്റ്ലി പറഞ്ഞു.
യു.എസില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ജയ്റ്റ്ലി യു.എസ് ട്രേഡ് പ്രതിനിധി മിഷേല്‍ ഫ്രോമാനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് വിസ നിരക്കു കൂട്ടിയ നടപടിയില്‍ അതൃപ്തി അറിയിച്ചത്.
എച്ച്-1ബി, എല്‍-1 എന്നീ വിഭാഗത്തിലുള്ള വിസകള്‍ക്ക് 4500 ഡോളര്‍ വരെ പ്രത്യേക ഫീ ഏര്‍പ്പെടുത്താനാണ് യു.എസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ ജനപ്രിയ വിസകളാണിത്.
ഐ.എം.എഫ്, ലോക ബാങ്ക് സമ്മേളനങ്ങളില്‍ പങ്കെടുക്കാനാണ് ജയ്റ്റ്ലി യു.എസില്‍ എത്തിയത്. ആര്.ബി.ഐ ഗവര്‍ണര്‍ രഘുരാം രാജന്, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് എന്നിവരും ജയ്റ്റ്ലിയുടെ കൂടെയുണ്ട്.