2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുവനടിയെ അപമാനിക്കാന്‍ ശ്രമം; പൊലിസ് കേസെടുത്തു

കൊച്ചി: ഇടപ്പള്ളിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ വ്യാഴാഴ്ച എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം പിന്‍തുടര്‍ന്നെന്നുമുള്ള പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ദുരനുഭവം പുറംലോകത്തെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ വിജയ് സാഖറെ കളമശേരി പൊലിസിന് നിര്‍ദേശം നല്‍കി.
പൊലിസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ്. പ്രതികള്‍ മാളില്‍ നിന്ന് പുറത്തുകടന്ന വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പ്രതികളെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ സമീപത്തെ മറ്റ് സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിക്കും. നടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം അമ്മയില്‍ നിന്ന് പൊലിസ് പരാതി എഴുതി വാങ്ങി. സംഭവത്തില്‍ വനിതാകമ്മിഷനും, യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. രണ്ടുപേര്‍ ഹൈപര്‍ മാര്‍ക്കറ്റില്‍ വച്ച് നടിയെ പിന്തുടരുകയും ശരീരത്തില്‍ ഉരസി പോകുകയുമായിരുന്നു. ആദ്യം അറിയാതെ പറ്റിയതാണെന്ന് കരുതി നടി പ്രതികരിച്ചില്ല. എന്നാല്‍ നടിയുടെ സഹോദരി ഇത് കണ്ടിരുന്നു. സഹോദരി അടുത്തെത്തി കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചു. ഇതോടെ നടി ഞെട്ടലിലായി. പിന്നീട് നടി ഇവരുടെ അരികിലേക്ക് നടന്നപ്പോള്‍ കണ്ടില്ലെന്ന് നടിച്ച് ഇവര്‍ മാറി.
പിന്നീട് കാഷ് കൗണ്ടറില്‍ പണമടയ്ക്കാന്‍ നില്‍ക്കുമ്പോള്‍ ഇവര്‍ വീണ്ടും നടിയുടെയും സഹോദരിയുടെയും അരികിലെത്തി സംസാരിക്കാന്‍ ശ്രമിച്ചു. ഏതൊക്കെ സിനിമയിലാണ് അഭിനയിച്ചതെന്നായിരുന്നു ഇവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഇത് അവഗണിച്ച നടി, അവരോട് സ്വന്തം കാര്യം നോക്കി പോകാന്‍ പറഞ്ഞു. നടിയുടെ അമ്മ അടുത്തെത്തിയപ്പോഴേക്കും ഇവര്‍ സ്ഥലംവിട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.