2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭര്‍ത്താവ്; മൃതദേഹം സംസ്‌കരിക്കുന്നത് പൊലിസ് തടഞ്ഞു

അമ്പലപ്പുഴ: യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭര്‍ത്താവ്. മൃതദേഹം സംസ്‌കരിക്കുന്നത് പൊലിസ് തടഞ്ഞു. തകഴി പഞ്ചായത്ത് 10ാം വാര്‍ഡില്‍ അമ്പിളി ഭവനില്‍ (വേലി പറമ്പ്) തങ്കപ്പന്റെ മകള്‍ അമ്പിളി (43) ആണ് ഇന്നലെ രാവിലെ 11 ഓടെ ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. തുടര്‍ന്ന് മൃതദേഹം തകഴിയില്‍ എത്തിച്ച് സംസ്‌ക്കരിക്കാന്‍ തയ്യാറായപ്പോള്‍ രാജേഷിന്റെ പരാതിയെ തുടര്‍ന്ന് പൊലിസ് തടയുകയായിരുന്നു. മരണത്തിന് പിന്നില്‍ അച്ഛന്‍ തങ്കപ്പനും, രണ്ടാനമ്മയുമാണെന്നു കാട്ടിയാണ് രാജേഷ് അമ്പലപ്പുഴ പൊലിസില്‍ പരാതി നല്‍കിയത്.
അമ്പിളിയുടെ തകഴിയിലെ വീട്ടില്‍ ആയിരുന്നു രാജേഷ് താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 4 വര്‍ഷം മുന്‍പ് സാമ്പത്തിക ഇടപാടിനെച്ചൊല്ലി തങ്കപ്പന്‍ രാജേഷിനെ തകഴിയില്‍ നിന്ന് ഇറക്കിവിടുകയും അമ്പിളിയെ വീട്ടില്‍ തന്നെ താമസിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് രാജേഷ് കാക്കാഴത്തെ വീട്ടില്‍ താമസമാക്കി. ഇടക്കിടെ അപസ്മാര രോഗം വരുന്ന അമ്പിളിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചികിത്സ നല്‍കാതിരിക്കുകയും അമ്പിളിയെ രാജേഷിനെ കാണുവാന്‍ സമ്മതിക്കാതെ രണ്ടാനമ്മയും, തങ്കപ്പനും ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്യുമായിരുന്നെന്ന് രാജേഷ് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് അസുഖത്തെ തുടര്‍ന്ന് ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്പിളി ഇന്നലെ ഇവിടെ വച്ച് മരണപ്പെടുകയായിരുന്നു. എന്നാല്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കാട്ടിയാണ് രാജേഷ് പരാതി നല്‍കിയിരിക്കുന്നത്.
അമ്പിളി മരിച്ച വിവരവും രാജേഷിനെ അറിയിച്ചിരുന്നില്ല. മൃതദേഹം തകഴിയില്‍ എത്തിയ ശേഷം അയല്‍വാസികള്‍ പറഞ്ഞാണ് രാജേഷ് വിവരം അറിഞ്ഞത്. തുടര്‍ന്ന് അമ്പലപ്പുഴ പൊലിസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മക്കള്‍ രേവതി, ലക്ഷമി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News