
ബദിയടുക്ക: ബാഡൂര്‍ ചക്കട്ടച്ചാലില് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ പുഴയോരത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ചക്കട്ടച്ചാലിലെ ജയന്തി (40) മരണപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് പത്മാഭ കുലാലി(45)നെ കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്‍ അറസ്റ്റു ചെയ്തത്.
ജയന്തിയുടെ മരണം ഭര്‍ത്താവിന്റെ പീഡനം മൂലമാണെന്നു കാട്ടി അച്ഛന് പെര്‍ള നെല്‍ക്കയിലെ മഞ്ജുളഗിരിയില് ശങ്കരമൂല്യ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. ജൂലൈ ഒന്പതിനു ജയന്തിയെ കാണാതായതായി ഭര്‍ത്താവ് ബദിയടുക്ക പൊലിസില്‍ പരാതി നല്‍കിയിരുന്നു. പൊലിസ് അന്വേഷിക്കുന്നതിനിടെ 16ന് രാവിലെ ബന്തിയോടിനു സമീപം ഹേരൂര്‍ പുഴയോരത്താണു ജയന്തിയുടെ മൃതദേഹം കണ്ടത്. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ജയന്തിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.