
കൊല്‍ക്കത്ത: യാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ രാജ്യദ്രോഹം നടക്കുന്നതായി ആരോപിച്ച് ആര്.എസ്.എസ് വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷം.
യൂണിവേഴ്സിറ്റിക്കു പുറത്തു സമരം നടത്തിയ സമരക്കാര്‍ പ്രവേശനകവാടത്തിലുയര്ത്തിയ ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനം നിയമവിരുദ്ധമാണെന്നും അനുമതി നല്‍കിയിട്ടില്ലെന്നുമുള്ള പൊലിസ് മുന്നറിയിപ്പ് വകവയ്ക്കാതെയായിരുന്നു പ്രകടനം.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ യൂണിവേഴ്സിറ്റിയെ രാജ്യദ്രോഹത്തിനു വേദിയാക്കാന്‍ തുനിഞ്ഞാല്‍ ഇടതു വിദ്യാര്‍ഥികളുടെ കാലരിയുമെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി സുബിര്‍ ഹല്‍ദര്‍ ഭീഷണിമുഴക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശദ്രോഹം വളരുകയാണെന്നും ഇതിനെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരം നടത്തുമെന്നും ഹല്‍ദര്‍ അറിയിച്ചു.
നേരത്തെ ഗോല്പാര്ക്കില് നിന്നും യാദവ്പൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ എ.ബി.വി.പി, ബി.ജെ.പി അനുയായികള്‍ പങ്കെടുത്തു.
അതേസമയം എ.ബി.വി.പിയും സംഘപരിവാറും യൂണിവേഴ്സിറ്റിയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും കാംപസിനുള്ളില്‍ പ്രതിഷേധിച്ചു.