വാഷിങ്ടണ്‍: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോടു തോറ്റെന്നു പരോക്ഷമായി സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അമേരിക്കയില്‍ ഇനി മറ്റൊരു ഭരണകൂടം വരാന്‍ പോകുന്നുവെന്ന തരത്തില്‍ അദ്ദേഹം പ്രതികരിച്ചത്. നേരത്തെ, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്നു തുടര്‍ച്ചയായി ആരോപിച്ചിരുന്ന ട്രംപ്, തെരഞ്ഞെടുപ്പ് ഫലത്തിനെതിരേ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന ട്രംപിന്റെ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതിനു പിന്നാലെ വൈറ്റ് ഹൗസില്‍ കൊവിഡ് വാക്‌സിന്‍ പുരോഗതി സംബന്ധിച്ചു നടന്ന ചടങ്ങിനിടെയായിരുന്നു തന്റെ ഭരണകൂടം അമേരിക്കയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെന്നും ഇനി അതാരാണ് പ്രഖ്യാപിക്കുകയെന്നു നിങ്ങള്‍ക്കു സമയമാകുമ്പോള്‍ മനസിലാകുമെന്നും ട്രംപ് പറഞ്ഞത്. ഭാവിയില്‍ എന്തു സംഭവിക്കുമെന്നറിയില്ല. ഏതു ഭരണകൂടമാകുമെന്ന് ആര്‍ക്കറിയാമെന്നും എല്ലാം കാലം പറയുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് പരാജയപ്പെട്ടെന്നും രാജ്യത്ത് ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും ബൈഡനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത് പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രസ്താവന.
അതേസമയം, കൊവിഡ് വ്യാപനം കാരണം അമേരിക്കയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും അത്തരം ആലോചനകള്‍ ഇല്ലെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേഷ്ടാവ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.
Comments are closed for this post.