2022 July 02 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

യമന്‍ യുദ്ധം: 15 സൈനികര്‍ ഉള്‍പ്പെടെ 19 തടവുകാര്‍ സഊദിയിലെത്തി

റിയാദ്: യമനില്‍ യുദ്ധത്തടവുകാരായി പിടികൂടിയവരില്‍ 19 തടവുകാരെ റിയാദിലെത്തിച്ചു. ഇരു കൂട്ടരും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് യുദ്ധത്തടവുകാരെ റിയാദിലെത്തിച്ചത്. വിട്ടയച്ച 19 തടവുകാരില്‍ 15 പേര്‍ സഊദി പൗരന്മാരാണ്. നാല് തടവുകാര്‍ സുഡാന്‍ പൗരന്മാരുമാണ്. റിയാദിലെത്തിച്ച യുദ്ധ തടവുകാര്‍ക്ക് വന്‍ സ്വീകരണമാണ് അധികൃതര്‍ ഒരുക്കിയിരുന്നത്. സംയുക്ത സേന കമാണ്ടര്‍ കേണല്‍ മുത്‌ലഖ് ബിന്‍ സാലിം അല്‍ ഇസ്മിയ, സഊദിയിലെ സുഡാന്‍ എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ ജനറല്‍ മജ്ദി അല്‍ സമാനി, സുഡാന്‍ ഭാഗത്തു നിന്നുള്ള നിരവധി ഉദ്യോഗസ്ഥര്‍, തടവുകാരുടെ കുടുംബങ്ങള്‍ എന്നിവര്‍ റിയാദ് കിങ് സല്‍മാന്‍ യൂത്ര് ബേസില്‍ തടവുകാരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
യമന്‍ സര്‍ക്കാരും ഇറാന്‍ അനുകൂല ഹൂതികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ആയിരത്തിലധികം യുദ്ധത്തടവുകാരെയാണ് പരസ്പരം കൈമാറുക. കഴിഞ്ഞ മാസം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നുള്ള സമാധാന കരാറിന്റെ ഭാഗമായാണ് തടവുകാരെ ഇരു കൂട്ടരും പരസ്പരം കൈമാറുന്നത്. ഇരു ഭാഗത്തു നിന്നുമായി 1081 യുദ്ധത്തടവുകാരെയാണ് കൈമാറാനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിട്ടയക്കപ്പെട്ടവരില്‍ രണ്ടു യു.എസ് പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്. തടവുകാരെ വിട്ടയക്കാന്‍ ശ്രമം നടത്തിയ സഊദി സര്‍ക്കാരിനെ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയന്‍ നന്ദിയറിച്ചു. പിടികൂടിയവരില്‍ മൂന്നിലൊന്നു തടവുകാരെയും വിട്ടയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 250 ഹൂതികളെയും വിട്ടയച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.