2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യമനില്‍ ഭീകരരുടെ പിടിയില്‍നിന്നും മോചിതരായ മലയാളികള്‍ വീടണഞ്ഞു

വടകര: വടകര യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നും മോചിതരായ മലയാളികള്‍ ഇന്നലെ വീടുകളിലെത്തി. 10 മാസമായി മരണത്തെ മുഖാമുഖം കണ്ട ഇവര്‍ക്ക് മലയാളികളായ പൊതു പ്രവര്‍ത്തകരുടെ ഇടപെടലിലൂടെയാണ് മോചനം ഉറപ്പായത്. വടകര കുരിയാടിയിലെ കോയന്റവളപ്പില്‍ ടി. കെ. പ്രവീണ്‍ തിരുവനന്തപുരം സ്വദേശി മുസ്തഫ എന്നിവരാണ് തിരിച്ചത്തിയത്. 10 മാസം മുമ്പാണ് ഇവരുള്‍പ്പെടെ 14 പേര്‍ യമനില്‍ ഹൂത്തികളുടെ പിടിയിലായത്.

കഴിഞ്ഞ ഫെബ്രവരിയിലാണ് 14 അംഗ ഇന്ത്യക്കാരും ബംഗ്ലാദേശികളും അടങ്ങിയ സംഘം കപ്പല്‍ യാത്രക്കിടയില്‍ ഭീകരരുടെ പിടിയിലായത്. 16 ന് ഒമാന്‍ കമ്പനിയുടെ മൂന്ന് സെറി ബോട്ടുകളും ഒരു ചെറിയ ബോട്ടുമായാണ് സൗദിയിലേക്ക് നീങ്ങിയത്. ഇതിലൊരു സെറി ബോട്ട് യമനിലെ 20 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള അതാസ് എന്ന സ്ഥലത്ത് വെള്ളം കയറി കടലില്‍ താണു. ഈ ബോട്ട് ഒഴിവാക്കന്‍ കമ്പനി ബോട്ടിന്റെ ക്യാപ്റ്റനായ പ്രവീണിന് നിര്‍ദേശം നല്‍കി. ഈ ബോട്ടിലെ ജീവനക്കാര്‍ മറ്റ് ബോട്ടുകളിലേക്ക് മാറിയപ്പോള്‍ എഞ്ചിന്‍ തകരാറിലായി മുങ്ങി.

കമ്പനിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മറ്റ് രണ്ട് ബോട്ടുകളിലായി മുങ്ങിപ്പോയ ബോട്ടിലെ ജീവനക്കാരെ അടുത്തുള്ള ദ്വീപില്‍ നങ്കൂരമിടാന്‍ കമ്പനി നിര്‍ദേശിച്ചതായി പ്രവീണ്‍ പറഞ്ഞു. ബോട്ടുകള്‍ നങ്കൂരമിട്ടതോടെയാണ് ഹൂത്തി വിമതര്‍ തോക്ക് ചൂണ്ടി ജീവനക്കാരെ വളയുകയായിരുന്നെന്ന് പ്രവീണ്‍ അറിയിച്ചു. തുറമുഖത്തെത്തിച്ച് പരിശോധന നടത്തി ഫെബ്രവരി 19 ന് സനയിലെത്തിച്ച് ഒമ്പതര മാസം ഒരു ഹോട്ടലില്‍ താമസിപ്പിച്ചു. പാസ്‌പോര്‍്ട്ട്, പണം, വസ്ത്രം ഉള്‍പ്പെടയുള്ളവ കൈക്കലാക്കുകയും ചെയ്തു. ഇവര്‍ക്ക് ഒരു ലഗ്ഗിന്‍സും, ഒരു ബനിയനുമാണ് ധരിക്കാന്‍ നല്‍കിയത്. പെരുന്നാളിന് ജീന്‍സും ഷര്‍ട്ടും നല്‍കിയിരുന്നു. 20 പേര്‍ക്ക് കൂടി നാട്ടിലേക്ക് ഫോണ്‍ ചെയ്യാനനുവദിച്ചത് അര മണിക്കൂര്‍ മാത്രമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ മാറി വന്നതോടെയാണ് ചില സൗകര്യങ്ങള്‍ ലഭിച്ചത്. കപ്പല്‍ ഉടമയില്‍ നിന്ന് 10,000 ഡോളറാണ് മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മോചന ദ്രവ്യം നല്‍കാന്‍ ഉടമ തയാറായില്ല. കോടതി ആവശ്യപ്പെട്ടിട്ടും മോചിപ്പിക്കാന്‍ തയാറായില്ലെന്ന് പ്രവീണ്‍ പറഞ്ഞു. ഇവരെ തടങ്കലില്‍ പാര്‍പ്പിച്ച ഹോട്ടലില്‍ കടുത്ത യാതനകള്‍ അനുഭവിക്കുകയായിരുന്നു. ഇതിനിടയിലാണ് ബഹറനിലെ പൊതു പ്രവര്‍ത്തകനും ജാഗ്രത പ്രവാസ ലോകം കോഓര്‍ഡിനേറ്ററുമായ വേണു ചെമ്മരത്തൂര്‍ ഇടപെടുന്നത്. ഇദ്ദേഹം പ്രവാസി ലീഗല്‍ സെല്‍ ബഹറിന്‍ ഹെഡ് സുധീര്‍ തിരുനിലത്തുമായി ബന്ധപ്പെട്ട് രംഗത്ത് വന്നതോടെയാണ് മോചനം സാധ്യമായത്.

ഞായറാഴ്ച വൈകീട്ട് മുംബൈയിലെത്തിയ ശേഷം മുസ്തഫയും പ്രവീണും കണ്ണൂര്‍ വിമാനത്താവളത്തിലേക്കും, മറ്റുള്ളവര്‍ അവരവരുടെ നാട്ടിലേക്കും പോകുകയായിരുന്നു. രാത്രി 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇരുവരും കാറില്‍ വീടുകളിലേക്ക് തിരിച്ചു. പ്രവീണ്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീട്ടിലെത്തിയത്. ഏറെ പ്രയാസപ്പെട്ടു കഴിയുകയായിരുന്ന വീട്ടുകാര്‍ അതിരുറ്റ സന്തോഷത്തിലായിരുന്നു. പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ ഇനി എന്ത് എന്ന ചിന്ത മനസ്സിനെ അലട്ടുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് മോചനത്തിന് വഴി തുറന്നത്. മാത്രവുമല്ല ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തിയതും വല്ലാത്തൊരനുഭവമായി. ഊണും ഉറക്കുമില്ലാതെ പ്രാര്‍ഥനയോടെ കഴിയുകയായിരുന്ന വീട്ടുകാര്‍ക്ക് ഇവരുടെ വരവ് സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. വസ്ത്രങ്ങള്‍ അടങ്ങിയ ലഗേജ് ലഭിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ വിട്ടുകിട്ടാന്‍ അല്‍പം താമസം നേരിട്ടു. ഇക്കാര്യം വിദേശ കാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ എംബസി അധികൃതര്‍ പെട്ടെന്ന് ഇടപെട്ടാണ് തടസ്സം നീങ്ങിയത്. ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയ പ്രവീണിനെ സ്വീകരിക്കാന്‍ ഉറക്കമൊഴിച്ച് ഭാര്യ അമൃതയും മക്കളും ബന്ധുക്കളും കാത്തിരിക്കുകയായിരുന്നു. പ്രവീണിന് ക്വാറന്റൈനില്‍ കഴിയേണ്ടതിനാല്‍ അമ്മയും പ്രവീണിന്റെ ഒരു മകളും മറ്റൊരു വീട്ടിലേക്കു മാറി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.