2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മോന്‍സണെതിരായ കേസ് അട്ടിമറിക്കാന്‍ ഐ.ജി ലക്ഷ്മണ ഇടപെട്ടു

 

സ്വന്തം ലേഖകന്‍
കൊച്ചി: മോന്‍സണെതിരായ കേസ് അട്ടിമറിക്കാന്‍ ഐ.ജി ലക്ഷ്മണ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലിസ് മേധാവി അനില്‍ കാന്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐ.ജി ശ്രമിച്ചു. എന്നാല്‍, എ.ഡി.ജി.പി ഇടപെട്ട് ഈ നീക്കം തടയുകയും ലക്ഷ്മണയോട് വിശദീകരണം ചോദിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊലിസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ടാണ് ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മോന്‍സണെതിരേ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും യാതൊരുവിധ സംശയത്തിനും അടിസ്ഥാനമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പാണ്.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം മോന്‍സണെതിരേ അന്വേഷണം നടത്തുന്നതിന് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബെഹ്‌റ ആവശ്യപ്പെട്ടപ്രകാരമാണ് എ.ഡി.ജി.പി മനോജ് എബ്രഹാം ഒപ്പംപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഉന്നത ഉദ്യോഗസ്ഥര്‍ മ്യൂസിയത്തിലെത്തിയത് മോന്‍സന് സ്വീകാര്യത ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിലല്ല. ഇവരെല്ലാം സന്ദര്‍ശനത്തിനുശേഷം മോന്‍സണെതിരേ അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. മോന്‍സന്റെ കൊച്ചിയിലെയും ചേര്‍ത്തലയിലെയും വീടുകളില്‍ പൊലിസ് നിരീക്ഷണം മാത്രമാണ് ഏര്‍പ്പെടുത്തിയത്. പ്രത്യേക സംരക്ഷണം നല്‍കിട്ടില്ലെന്നും പൊലിസ് മേധാവി വ്യക്തമാക്കി.
മോന്‍സന്റെ ഡ്രൈവര്‍ അജിത്തിനെ പൊലിസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിട്ടില്ല. മോന്‍സണെതിരേ സംസ്ഥാനത്ത് പോക്‌സോ കേസ് ഉള്‍പ്പെടെ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.