
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസം സംബന്ധിച്ച് വിവാദം നിലനില്‍ക്കേ ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ബി.ജെ.പി പുറത്തുവിട്ടു. പാര്‍ട്ടി പ്രസിഡന്റ് അമിത്ഷായും മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചത്.
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും മോദി നേടിയതായി പറയുന്ന ബിരുദ സര്‍ട്ടിഫിക്കറ്റും ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നും നേടിയതായി പറയുന്ന ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുമാണ് പുറത്തുവിട്ടത്.
പാര്‍ട്ടി ആസ്ഥാനത്താണ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചത്. മോദിയുടെ വിദ്യാഭ്യാസം സംബന്ധിച്ച് വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതിനു മുതിരുന്നതെന്നും മോദിയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാള്‍ മോദിയോടും രാജ്യത്തിനോടും മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അടിയന്തരാവസ്ഥക്കാലത്ത് താനായിരുന്നു ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന് നേതാവെന്നും അവിടെ പരീക്ഷയ്ക്കെത്തിയ മോദിയെ അറിയാമായിരുന്നെന്നും ജെയ്റ്റ്ലി പറഞ്ഞു.
അതേസമയം ഇതിനു തൊട്ടുപിന്നാലെ പത്രസമ്മേളനം വിളിച്ച കെജ് രിവാള്‍ ബിരുദം വ്യാജമാണെന്ന് ആരോപിച്ചു. ബിരുദ സര്‍ട്ടിഫിക്കറ്റില്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയെന്നും ഒപ്പം വിതരണം ചെയ്ത മാര്‍ക്ക് ഷീറ്റില്‍ നരേന്ദ്ര കുമാര്‍ ദാമോദര്‍ ദാസ് മോദി എന്നാണെന്നും കെജ് രിവാള്‍ ചൂണ്ടിക്കാട്ടി. മാര്‍ക്ക് ഷീറ്റ് 1977ലെ ആയിരുന്നെന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് 1978ലേതാണെന്നും കെജ് രിവാള്‍ ചൂണ്ടിക്കാട്ടി