2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മോദിക്കും മുണ്ടുടുത്ത മോദിക്കും എതിരേയുള്ള താക്കീത്!

കുഞ്ഞഹമ്മദ്, പട്ടാമ്പി

ആര്‍.എസ്.എസിനെ നിരോധിച്ച ഇന്ദിരാജിയെ വരേ സംഘിയെ വളര്‍ത്തിയവരാണ് എന്ന മട്ടിലുള്ള പച്ചക്കള്ളം പറഞ്ഞാണ് ഇടതര്‍ മലപ്പുറത്തു ജനങ്ങളെ സമീപിച്ചിരുന്നത്. ഉത്തരേന്ത്യയില്‍ മുസ്‌ലിം മുന്‍തൂക്ക മണ്ഡലങ്ങള്‍ വരെ ബിജെപിക്ക് ഏല്‍പിക്കാന്‍ മടിയില്ലാത്ത ജനങ്ങളേയും അവിടുത്തെ കോണ്‍ഗ്രസ് നേതാക്കളെ കൂടു മാറ്റക്കാരായി ചിത്രീകരിച്ച് സംഘികളെ സഹായിച്ച് സ്വന്തംവോട്ടുനില ഭദ്രമാക്കാനാണ് ഇടതര്‍ ശ്രമിച്ചത്.
മനസാവാചാ ചിന്തിച്ചിട്ടുപോലുമില്ലാത്ത ബിജെപിയിലേക്കുള്ള കൂടുമാറ്റം സാധുക്കളായ കോണ്‍ഗ്രസ്‌നേതാക്കളില്‍ വച്ചുകെട്ടി വോട്ടു തട്ടാനാണ് ഇടതര്‍ ശ്രമിച്ചത്.
അല്ലാതെ യുഡിഎഫ് ഭരണകാലത്ത് ചാണ്ടിസാറ് പറഞ്ഞതുപോലെ തങ്ങളുടെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നില്ല ഇടതന്റെ വോട്ടഭ്യര്‍ഥന. കൂടാതെ, സഖാക്കള്‍ സ്വയംസൃഷ്ടിച്ച ശൈഖുനാ എ.പി വിരുദ്ധ പോസ്റ്ററുകളും കള്ളക്കഥകളുമായിരുന്നു ഭരണം നടത്തുന്ന ഇടതന്റെ ആലംബം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘികളെ നേരിടാന്‍ സഖാക്കള്‍ക്കേ കഴിയൂ എന്നവകാശപ്പെട്ട് കലാലയങ്ങളില്‍ വരെ ബീഫ് വിളമ്പി സംഘിവിരുദ്ധപ്പട്ടം ഏറ്റെടുത്ത് എല്ലാം ശരിയാക്കാന്‍ വന്നവര്‍ ആദ്യം ചെയ്ത പരിപാടി ഗുജറാത്ത് കലാപകാലത്ത് സംഘി സഹായിയായി നിലകൊണ്ട ലോക് നാഥ് ബെഹ്‌റയെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് ശരിയാക്കലിന് തുടക്കം കുറിച്ചത്. പിന്നീട് സംഘികളെ യുഎപിഎ യില്‍ നിന്നൊഴിവാക്കി മുസ്‌ലിംകളില്‍ ആ കിരാതനിയമം ഉപയോഗിച്ച് ശരിയാക്കുന്നതുമാണ് കണ്ടത്.
അതിലുപരി ഗള്‍ഫില്‍നിന്ന് മടങ്ങുന്നവര്‍ക്ക് ആറു മാസ ശമ്പളം വാഗ്ദത്തം ചെയ്ത പിണറായി, സൗദിയിലേക്ക് മടങ്ങാനിരുന്ന കൊടിഞ്ഞിയിലെ ഫൈസലിനെ അന്യായമായി സംഘികള്‍ വധിച്ചപ്പോള്‍ ആ പ്രതികളെ പിടികൂടാന്‍ വരെ വലിയ പ്രക്ഷോഭം വേണ്ടിവന്നു.
മാത്രമല്ല, അനാഥരായ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ മടിച്ച പിണറായി നിലപാട് അവരുടെ സംഘിവിരുദ്ധതയില്‍ ആത്മാര്‍ഥതയില്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.
കാനം തന്നെ മുണ്ടുടുത്ത മോദി എന്ന് പിണറായിയെ ചുമ്മാവിളിച്ചതല്ലെന്ന് തിരിച്ചറിഞ്ഞ മലപ്പുറത്തുകാര്‍, മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരേ ചിന്തിക്കുന്നവരും രാജ്യത്തുണ്ട് എന്നറിയിച്ച ഈ മലപ്പുറം ജനവിധി മതേതര ഇന്ത്യക്ക് പ്രതീക്ഷയും ആശ്വാസവുമാണ്. മലപ്പുറത്തിന്റെ തന്റേടം രാജ്യത്തിനു മാതൃകയാവട്ടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.