
ബാസിത് ഹസൻ
തൊടുപുഴ
ആധുനികവൽക്കരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിൽ വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പൊലിസിനും എക്സൈസിനും സമാനമായി വിവിധ തസ്തികകൾക്ക് കോഡ് നെയിമും കോൾ സൈനും അനുവദിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വയർലെസ് ഉപയോഗിക്കുമ്പോൾ കോഡ് നെയിം പ്രകാരം സംബോധന ചെയ്യേണ്ടതും സന്ദേശങ്ങൾ കൈമാറേണ്ടതുമാണെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഇൻ ചാർജ് പ്രമോജ് ശങ്കർ പി.എസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് പൊലിസിനു മാത്രമാണ് നിലവിൽ വിപുലമായ വയർലസ് സംവിധാനമുള്ളത്. എൻഫോഴ്സ്മെന്റ് ജോലികൾ കാര്യക്ഷമമായി നിർവഹിക്കാൻ വയർലെസ് സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 2020ൽ മോട്ടോർ വാഹന വകുപ്പ് സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന് നടപടികൾക്കായി 99.98 ലക്ഷം രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. പരീക്ഷണാർഥം ഏതാനും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് വയർലസ് അനുവദിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പിന്റെ വയർലസ് ടവറാണ് മോട്ടോർ വാഹന വകുപ്പ് പങ്കുവയ്ക്കുന്നത്.