
ന്യൂഡല്‍ഹി: മൊബൈല്‍ ടവറിലൂടെയുള്ള റേഡിയേഷന് കാന്‍സറിനു കാരണമായെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹരജിയില്‍ ബി.എസ്.എന്‍.എല്‍ ടവര്‍ അടച്ചു പൂട്ടാന്‍ സുപ്രിം കോടതി ഉത്തരവ്. ഗ്വാളിയോര്‍ സ്വദേശി ഹരീഷ് ചന്ദ് തിവാരി നല്കിയ ഹരജിയിലാണ് കോടതി നടപടി. മൊബൈല്‍ ടവറിലെ റേഡിയേഷന് കാന്‍സറിനു കാരണമായതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നു സര്‍ക്കാര്‍ വാദിച്ചെങ്കിലും മൊബൈല്‍ ടവര്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
2002 മുതല്‍ താന്‍ ജോലി ചെയ്യുന്ന വീടിന്റെ അയല്‍വക്കത്തെ കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന് മൂലമാണ് തനിക്ക് കാന്സറുണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണ് തിവാരി സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, നവീന്‍ ശര്‍മ എന്നിവരുടെ ബെഞ്ച്, ബന്ധപ്പെട്ട കക്ഷികളില്‍ നിന്നു അഭിപ്രായം തേടിയിരുന്നു.
എന്നാല്‍, മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന് കാന്‍സറിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരും മൊബൈല്‍ സേവന ദാതാക്കളും അറിയിച്ചത്.എന്നാല്‍, സര്‍ക്കാരിന്റെ വാദം തള്ളി രംഗത്തെത്തിയ സന്നദ്ധ സംഘടനകള്‍, മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന് മൂലം ചില പ്രത്യേക വിഭാഗത്തിലുള്ള പക്ഷികള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നും മനുഷ്യനു ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ പറയുന്നതെന്നും ചൂണ്ടിക്കാട്ടി.
തനിക്കുണ്ടായ കാന്‍സര്‍ രോഗത്തിനു പ്രധാന കാരണം ടവറില്‍ നിന്നുള്ള റേഡിയേഷനാണെന്നു ചൂണ്ടിക്കാട്ടുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഹരിഷ് ചന്ദ് തിവാരി ഹാജരാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് ടവര്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ കോടതി ഉത്തരവിട്ടത്. ഏഴ് ദിവസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് ബി.എസ്.എന്‍.എല്ലിനോടു കോടതി നിര്‍ദേശിച്ചു.