2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മെയ് അകലെയെങ്കിലും ഡോ. റഹ്മത്ത്  ബീഗത്തിന്റെ മനം നിറയെ ദ്വീപിന്റെ ആശങ്കകള്‍  

 
ടി. മുംതാസ്
 
കോഴിക്കോട്:    ഇങ്ങ് കേരളക്കരയിലിരുന്ന് ജന്മനാടിന്റെ ആകുലതകള്‍   നെഞ്ചേറ്റി നീറിപ്പുകയുകയാണ് ലക്ഷദ്വീപുകാരുടെ സ്വന്തം ബീബി ഡോക്ടര്‍ എന്ന പത്മശ്രീ ഡോ. എസ് റഹ്മത്ത് ബീഗം. തങ്ങളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാവുന്ന പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ ദ്വീപ് ജനത പോരാടുമ്പോള്‍ നിലമ്പൂരിനടുത്ത കാട്ടുമുണ്ട പള്ളിപ്പടിയിലെ വീട്ടിലിരുന്നു റഹ്മത്ത് ബീഗവും അവരുടെ വേദനയില്‍ പങ്കാളിയാവുകയാണ്. 
 
ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയിലൂടെയാണ് മുന്‍കാലങ്ങളിലെത്തിയ എല്ലാ അഡ്മിനിസ്‌ട്രേറ്റര്‍മാരും ലക്ഷദ്വീപിനെ ഇന്നു കാണുന്ന വികസനത്തിലേക്ക് എത്തിച്ചത്. അത് ഒട്ടും പര്യാപ്തമല്ലെന്നത് വിസ്മരിക്കാന്‍ കഴിയില്ല. എങ്കിലും നിലവില്‍ തങ്ങള്‍ക്കു ബുദ്ധിമുട്ടാക്കുന്ന നിയമങ്ങള്‍ അവിടത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. തികച്ചും സമാധാനപരമായി ജീവിച്ചിരുന്നു ദീപില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്. അവര്‍ അത്രയും ആശങ്കാകുലരാണ്.
അഗത്തിയില്‍ ജനിച്ചു വളര്‍ന്ന് ദീര്‍ഘകാലം ദ്വീപിന്റെ പരിമിതികളോട് പൊരുതി അവിടെ സേനവം ചെയ്ത താന്‍ ഇത്രയും ആശങ്കാകുലരായി അവരെ കാണുന്നത് ആദ്യമായാണെന്നും ഡോക്ടര്‍ പറയുന്നു. 
 
താനടക്കമുള്ളവരുടെ അശ്രാന്ത പരിശ്രമങ്ങളുടെ ഭാഗമായി ദ്വീപ് ജനതയ്ക്ക് അനുവദിച്ചുകിട്ടിയ എയര്‍ ആംബുലന്‍സ്, അങ്കണവാടി സൗകര്യങ്ങള്‍ പോലുള്ളവ അവര്‍ക്ക് നഷ്ടപ്പെടുമോയെന്നോര്‍ക്കുമ്പോള്‍ ദ്വീപ് ജനതയുടെ ആദ്യ വനിതാ ഡോക്ടറുടെ ആശങ്കയേറുന്നു. 
അങ്കണവാടികള്‍ അടച്ചുപൂട്ടുന്നതോടെ കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം മുടങ്ങില്ലേയെന്നും അവര്‍ ആശങ്കപ്പെടുന്നു.  അത്യാസന്ന നിലയിലുള്ള രോഗികളെ എയര്‍ ഇവാക്വേറ്റ് ചെയ്യണമെങ്കില്‍ ഇതുവരെ മെഡിക്കല്‍ ഓഫിസറുടെ ശിപാര്‍ശയില്‍ ഹെല്‍ത്ത് ഡയരക്ടര്‍ ആവശ്യപ്പെട്ടാല്‍ പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഉടന്‍ എയര്‍ ആംബുലന്‍സ് വിട്ടുനല്‍കുമായിരുന്നു. 
എന്നാല്‍ ഇപ്പോള്‍ പുതിയതായി നിയമിച്ച നാലംഗ സമിതിയുടെ അനുമതി നല്‍കിയാല്‍ മാത്രമേ രോഗികളെ എയര്‍ ഇവാക്വാറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇതിന് എടുക്കുന്ന സമയം രോഗികളുടെ ജീവന്‍ അപകടത്തിലാക്കാനിടയാക്കും. ഇത് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ദ്വീപിന്റെ ആരോഗ്യ രംഗത്തെ പരിമിതികള്‍ അനുഭവിച്ചറിഞ്ഞ ഡോ. റഹ്മത്ത് ബീഗം വ്യക്തമാക്കുന്നു. 
 
അത്യാസന്ന നിലയിലായ രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി കപ്പലില്‍ കോഴിക്കോട്ടും കൊച്ചിയിലും എത്തിക്കുമ്പോഴേക്കും ദിവസങ്ങളെടുക്കുമായിരുന്നു. പലപ്പോഴും ഇത് രോഗികളുടെ ജീവന്‍ അപകടത്തിലാക്കാനിടയാക്കി. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ ദ്വീപ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു എയര്‍ ആംബുലന്‍സ് അനുവദിച്ചു കിട്ടിയതെന്നും ഇവര്‍ പറഞ്ഞു.
 
ദ്വീപ് മെഡിക്കല്‍ ഡയരക്ടറായിരുന്ന റഗ്മത്ത് ബീഗം നാലു ടേമില്‍ സോഷ്യല്‍ വെല്‍ഫെയര്‍ബോര്‍ഡ് ചെയര്‍പേഴ്‌സണായും ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സില്‍ പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. ഈ കാലഘട്ടങ്ങളിലെല്ലാം അങ്കണവാടികളിലും വിവിധ സാമൂഹിക സേവന മേഖലകളിലും നിരവധി സ്ത്രീകളെ ജോലി നേടാന്‍ സഹായിച്ചിരുന്നു.
 അത്തരം തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചവരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടു എന്നു കേള്‍ക്കുന്നത്. ഇവരെ ജോലിയില്‍ നിന്നു പിരുച്ചുവിട്ടാല്‍ എന്ത് വികസനമാണ് നടക്കുക. അവരുടെ ജീവനോപാധി തന്നെ ഇല്ലാതാവുകയല്ലേ ചെയ്യുകയെന്നും റഹ്മത്ത് ബീഗം ചോദിക്കുന്നു.
1971ല്‍ മെഡിക്കല്‍ ഓഫിസറായി ചുമതലയേറ്റ ഡോ.റഹ്മത്ത് ബീഗം ദ്വീപിലെ ആദ്യ വനിതാ ഡോക്ടറായിരുന്നു. പിന്നീട് 1978ല്‍ ലക്ഷദ്വീപിന്റെ ആദ്യ ഗൈനക്കോളജി വിദഗ്ധയായി. ലക്ഷദ്വീപിലെ ആരോഗ്യ മേഖലക്ക് നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്ത് 1999ല്‍ രാജ്യം ഇവരെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.