2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

മെഡിക്കല്‍ പി.ജി ഫീസ് വര്‍ധന അധാര്‍മികം


മെഡിക്കല്‍ പി.ജി ഫീസ് ആറുലക്ഷത്തില്‍നിന്നു പതിനേഴു ലക്ഷത്തിലേയ്ക്കു വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് അധാര്‍മികമാണ്. റഗുലേറ്ററി കമ്മിഷനാണു ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അതിലിടപെടാന്‍ സര്‍ക്കാരിനു കഴിയില്ലെന്നുമാണ് ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞത്. അതു മുഖവിലക്കെടുക്കാനാവില്ല.
ഈ വിഷയത്തില്‍ സര്‍ക്കാരിന് ഉറച്ച നിലപാടുണ്ടായിരുന്നെങ്കില്‍ അതിനുചിതമായ തീരുമാനമെടുക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ നിര്‍ബന്ധിതമാകുമായിരുന്നു. ഫീസിന്റെ കാര്യത്തില്‍ സ്വാശ്രയമാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി ഇതു രണ്ടാംതവണയാണു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിക്കുകയാണു ചെയ്ത്. ഇതിനെത്തുടര്‍ന്ന് അവര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
നീറ്റ് സംവിധാനം വന്നതിനെത്തുടര്‍ന്നു മാനേജ്‌മെന്റ് ക്വാട്ടയെന്നും സര്‍ക്കാര്‍ ക്വാട്ടയെന്നും വേര്‍തിരിവില്ലാതായി എന്നതു യാഥാര്‍ത്ഥ്യം തന്നെ. സുപ്രിം കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ നീറ്റ് പരീക്ഷയിലെ റാങ്കു പ്രകാരമാണു പ്രവേശനം നല്‍കേണ്ടത്. അതായത് പ്രവേശനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. പാവങ്ങളെന്നോ പണക്കാരെന്നോയുള്ള വ്യത്യാസവും അതിലില്ല. എല്ലാവരും ഒരേ നിരക്കില്‍ ഫീസ് നല്‍കാന്‍ ബാധ്യസ്ഥരാണ്.
എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിനു പലതും ചെയ്യാനാകുമായിരുന്നു. ആറരലക്ഷത്തില്‍നിന്ന് ഒറ്റയടിക്കു മൂന്നിരട്ടിയോളം കൂടുതല്‍ ഫീസ് ഒടുക്കാന്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു കഴിയില്ല. അതോടെ മെഡിക്കല്‍ തുടര്‍പഠനത്തില്‍ നിന്ന് അവര്‍ മാറിനില്‍ക്കാന്‍ നിര്‍ബന്ധിതരാകും. മെഡിക്കല്‍ സ്‌പെഷ്യാലിറ്റിയെന്നത് സമ്പന്നന്റെ കുത്തകയായിത്തീരും.
വിദ്യാര്‍ഥികള്‍ക്കുള്ള സ്‌റ്റൈപ്പന്റ് വര്‍ധിച്ചതിനാലാണു ഫീസു വര്‍ധിപ്പിക്കേണ്ടിവന്നതെന്ന ന്യായം അംഗീകരിക്കാനാവില്ല. സ്‌റ്റൈപ്പന്റ് വിദ്യാര്‍ഥികളുടെ അവകാശമാണ്. വിദ്യാര്‍ഥികളില്‍നിന്നു പിരിച്ചു അവര്‍ക്കു മടക്കിക്കൊടുക്കേണ്ടതല്ല. പി.ജി വിദ്യാര്‍ഥികള്‍ നല്‍കുന്ന സേവനത്തിനുള്ള പ്രതിഫലമാണത്. സാധാരണ ഡോക്ടര്‍മാര്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നുണ്ട്. എന്നിട്ടും, പല സ്വാശ്രയകോളജ് മാനേജ്‌മെന്റുകളും പി.ജി വിദ്യാര്‍ഥികള്‍ക്കു നാമമാത്രമായ സ്‌റ്റൈപ്പന്റാണു നല്‍കുന്നത്.
വിദ്യാര്‍ഥികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുംവിധമുള്ള തുച്ഛമായ സ്‌റ്റൈപ്പെന്റ് നല്‍കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. നീറ്റ് നിലവില്‍വന്നപോലെ മാനേജുമെന്റുകള്‍ക്ക് അന്യായമായി സംഭാവനയെന്ന പേരില്‍ വമ്പിച്ച തുക ഈടാക്കാന്‍ കഴിയില്ല. മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നല്‍കേണ്ടിവരുമ്പോള്‍ ഇത്തരമൊരു സാധ്യത മാനേജുമെന്റുകള്‍ക്ക് ഇല്ലാതാകും. അതിനാലാണു പണമുണ്ടാക്കാന്‍ കനത്ത ഫീസ് ഏര്‍പ്പെടുത്തുകയെന്ന വളഞ്ഞമാര്‍ഗം അവര്‍ സ്വീകരിക്കുന്നത്.
ഫീറെഗുലേറ്ററീ കമ്മിഷനോടു ഫീസ് കുറയ്ക്കാന്‍ പറയാന്‍ സര്‍ക്കാരിനു പരിമിതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിച്ചു പാവപ്പെട്ട വിദ്യാര്‍ഥികളോടുള്ള പ്രതിബദ്ധത നിറവേറ്റുകയായിരുന്നു വേണ്ടത്. സ്വാശ്രയ കോളജുകള്‍ക്കെതിരേ സമരംചെയ്ത ഇന്നത്തെ ഭരണകക്ഷിക്ക് അതിനുള്ള ധാര്‍മിക ഉത്തരവാദിത്വവുമുണ്ട്. ഫീസ് റെഗുലേറ്ററി കമ്മിഷന്‍ പറഞ്ഞതില്‍നിന്ന് ഒരു രൂപ അധികം വാങ്ങാന്‍ സ്വാശ്രയ മാനേജുമെന്റുകളെ അനുവദിക്കുകയില്ലെന്ന മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ പ്രഖ്യാപനംകൊണ്ട് എന്തു ഗുണമാണുണ്ടാവുക.
നാലു ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ക്ക് അവര്‍ ആവശ്യപ്പെട്ട പതിനേഴ് ലക്ഷം ഫീസ് വാങ്ങാന്‍ അനുവദിക്കുകയായിരുന്നു സര്‍ക്കാര്‍. രാജേന്ദ്രബാബു കമ്മിഷന്‍ അതിനു പരിപൂര്‍ണ പിന്തുണ നല്‍കുകയും മറ്റു കോളേജുകള്‍ക്കുകൂടി അതു ബാധകമാക്കുകയുമാണു ചെയ്തത്. സര്‍ക്കാരിന് ഇവിടെ ക്രിയാത്മകമായി ഇടപെടാമായിരുന്നു. പതിനേഴ് ലക്ഷമെന്നതു പത്തു ലക്ഷമായി പരിമിതപ്പെടുത്താമായിരുന്നു.
നേരത്തേ ആറു ലക്ഷം കൊടുത്ത പാവങ്ങളും 20 ലക്ഷം കൊടുത്ത ധനാഢ്യരും പതിനേഴ് ലക്ഷത്തിലേയ്ക്കുവരുമ്പോള്‍ പാവങ്ങള്‍ക്കു കുരുക്കും പണക്കാര്‍ക്കു സൗകര്യവുമായാണു ഭവിക്കുക. മെറിറ്റ് തന്നെ ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. സ്വാശ്രയ മാനേജുമെന്റുകള്‍ക്കെതിരെന്നു പ്രഖ്യാപിക്കുന്ന ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ഇത്തരമൊരു അധാര്‍മിക തീരുമാനം ഉണ്ടാകരുതായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.