ന്യൂഡല്‍ഹി: ഇ.എസ്.ഐ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് നീക്കിവച്ചിരുന്ന മെഡിക്കല്‍, ഡെന്റല്‍ സീറ്റുകള്‍ ഓള്‍ ഇന്ത്യ ക്വാട്ടയിലേക്ക് മാറ്റിയ നടപടി മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണെന്നും വിഷയത്തില്‍ സുപ്രിം കോടതിയെ സമീപിക്കുമെന്നും ഇ.എസ്.ഐ ഡയരക്ടര്‍ ജനറല്‍ അനുരാധ പ്രസാദ്. ഡയരക്ടര്‍ ജനറലുമായി എം.കെ രാഘവന്‍ എം.പി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
നീറ്റ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ മക്കള്‍ക്ക് ഈ ക്വാട്ടയില്‍ ലഭിക്കുമായിരുന്ന വിദ്യാഭ്യാസ സാധ്യത ഇല്ലായ്മ ചെയ്യരുതെന്നും ഇ.എസ്.ഐ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളില്‍ അംഗങ്ങളുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം എടുത്തുകളയുന്നത് തൊഴിലാളികള്‍ക്ക് കിട്ടേണ്ട ന്യായമായ അവകാശങ്ങള്‍ ഹനിക്കുന്നതിന് തുല്യമാണെന്ന കാര്യവും എം.പി കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി. വിവിധ ഇ.എസ്.ഐ മെഡിക്കല്‍ കോളജുകളിലായി മുന്നൂറില്‍ പരം എം.ബി.ബി.എസ് സീറ്റുകളും ഇരുപതോളം ബി.ഡി.എസ് സീറ്റുകളുമാണ് നഷ്ടപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും എം.പി പറഞ്ഞു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.