
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച പി.ജി ക്വാര്‍ട്ടേഴ്സില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു.
മതില് കെട്ടി ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന ക്വാര്‍ട്ടേഴ്സിന്റെ മതില് ചാടികടന്ന് ഇതിനുള്ളിലിരുന്നാണ് ദിവസവും മദ്യപാനം നടത്തുന്നത്. ഇന്നലെ ഇതിനുള്ളില്‍ പ്രവേശിച്ച് സാമൂഹ്യ വിരുദ്ധര്‍ ഇവിടെ സൂക്ഷിച്ചിരുന്ന തീ അണയ്ക്കാന്‍ ഉപയോഗിക്കുന്ന രണ്ട് വാതക സിലണ്ടര്‍ സമീപത്തെ കുറ്റി കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സംഭവം അറിഞ്ഞ ആശുപത്രി സാര്‍ജന്റ് രമേഷ് ബാബു എയ്ഡ്പോസ്റ്റ് പൊലിസിനേയും സെക്യൂരിറ്റി ഓഫീസറേയും വിവരം അറിയിക്കുകയും എയ്ഡ്പോസ്റ്റ് എ.എസ്.ഐ മാരായ അജയന്, ചിത്തരഞ്ജന്, സെക്യൂരിറ്റി ഓഫിസര്‍ വിജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയപ്പോഴേയ്ക്കും സാമൂഹ്യ വിരുദ്ധര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വാതക സിലണ്ടര്‍ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തു. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും ഇതുവരെയും തുറന്നുകൊടുത്തിട്ടില്ല.
ഇതേതുടര്‍ന്ന് ദൂരദേശത്തുനിന്ന് എത്തുന്ന ഡോക്ടര്‍മാര്‍ പുറത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. ഇതുമൂലം ഇവര്‍ക്ക് കൃത്യസമയത്ത് ജോലിക്ക് എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നു. ക്വാട്ടേഴ്സിന്റെ തെക്കെ അറ്റത്ത് മതില് തകര്‍ന്നു കിടന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇത് കെട്ടി അടയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. ഈ മതിലിന് സമീപത്തായാണ് നഴ്സിങ് ക്വാര്‍ട്ടേഴ്സും സ്ഥിതി ചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ ജോലികഴിഞ്ഞ് എത്തുന്ന നേഴ്സുമാരും സാമൂഹ്യവിരുദ്ധ ശല്യംമൂലം ഭയപ്പാടിലാണ്.