
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ഒരു സംഘം യുവാക്കള്‍ മുസ്്ലിം വൃദ്ധന് നേരെ മതാധിക്ഷേപം നടത്തുകയും പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിക്കുകയും ചെയ്തതായി ആക്ഷേപം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം വനിതാ സംഘടനാ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ കവിതാ കൃഷ്ണന് ഫേസ്ബുക്കില്‍ അപ്്ലോഡ് ചെയ്തതോടെയാണ് പുറത്തറിഞ്ഞത്.
മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ വൃദ്ധന് സീറ്റ് നിഷേധിച്ചുവെന്ന് മാത്രമല്ല പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിക്കുകയും ചെയ്തതായാണ് പരാതി. വൃദ്ധനുനേരെ ആക്രോശിക്കുന്നതിന്റെ വിഡിയോ അടക്കമാണ് ഫേസ്ബുക്കില്‍ ഇട്ടത്.
യുവാക്കളുടെ പരാക്രമം കണ്ടതോടെ അഖിലേന്ത്യാ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂനിയന്‍ ദേശീയ സെക്രട്ടറി സന്തോഷ് റോയ് വൃദ്ധന്റെ രക്ഷക്കായി എത്തിയെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഖാന്‍മാര്‍ക്കറ്റ് സ്റ്റേഷനില്‍ എത്തിയതോടെ ഗാര്‍ഡുമാര്‍ എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലിസിന് കൈമാറി. ഇതിനുശേഷം സന്തോഷ് റോയ് വീണ്ടും പൊലിസ് സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോള്‍ തനിക്ക് പരാതിയില്ലെന്നും തനിക്കുനേരെ ആക്രോശിക്കുകയും സീറ്റ് നിഷേധിക്കുകയും ചെയ്ത യുവാക്കള്‍ മാപ്പ് പറഞ്ഞതുകാരണം പരാതി പിന്‍വലിക്കുന്നതായി വൃദ്ധന് അറിയിച്ചുവെന്ന് പൊലിസ് പറഞ്ഞു.