2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുസ്‌ലിം ലീഗ് പുതിയ കമ്മിറ്റി മാർച്ചിൽ; ഭരണഘടനാ ഭേദഗതിയിൽ സംസ്ഥാന സെക്രട്ടേറിയറ്റും

സ്വന്തം ലേഖകൻ
മലപ്പുറം • മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി മാർച്ച് ആദ്യവാരത്തിൽ നിലവിൽ വരും. മെമ്പർഷിപ്പ് കാംപയിൻ നവംബർ ഒന്നിന് തുടങ്ങി 30ന് പൂർത്തിയാക്കാനാണ് പാർട്ടി നിർദേശം.
പാർട്ടിയിൽനിന്ന് അകന്നുനിൽക്കുന്നവരേയും വിട്ടുപോയവരേയും ചേർത്ത് വാർഡ് തലം മുതൽ മെമ്പർഷിപ്പ് കാംപയിൻ സജീവമാക്കാനാണ് നിർദേശം.
അംഗത്വ കാംപയിനിനുശേഷം ഡിസംബറിൽ വാർഡ് കമ്മറ്റികളും ജനുവരി, ഫെബ്രുവരി മാസത്തിൽ പഞ്ചായത്ത്, നഗരസഭ, മണ്ഡലം, ജില്ലാ കമ്മറ്റികളും നിലവിൽ വരും. മാർച്ച് ആദ്യാവാരത്തിലാണ് സംസ്ഥാന കമ്മിറ്റി നിലവിൽ വരിക. മാർച്ച് 10ന് പാർട്ടിയുടെ 75ാം വാർഷികമാണ്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിനു ശേഷം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയാണ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.
നിലവിലെ ജന.സെക്രട്ടറിയായിരുന്ന കെ.പി.എ മജീദ് നിയമസഭാ സാമാജികനായതോടെ പി.എം.എ സലാമിനെ ആക്ടിങ് ജന. സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു. പാർട്ടിയുടെ നിയമാവലി ഭേദഗതിക്കുശേഷം വരുന്ന ആദ്യ കമ്മിറ്റിയാണിത്.

പാർട്ടിക്കുള്ളിലെ താഴെത്തട്ടിൽ തുടങ്ങി സംസ്ഥാനതലം വരെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനായി സംസ്ഥാനതലത്തിൽ 21 അംഗ സെക്രട്ടറിയേറ്റ് രൂപീകരിക്കാൻ ബുധനാഴ്ച ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ഭരണഘടന ഭേദഗതി സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് അടുത്ത മാസം അഞ്ചിന് ചേരുന്ന സംസ്ഥാന സമിതി പരിശോധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളും.
സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.

ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് പി.എം.എ സലാം,ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ് എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, വി.കെ ഇബ്രാഹിംകുഞ്ഞ്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, സംസ്ഥാന ഭാരവാഹികളായ പി.എച്ച് അബ്ദുസലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിർ, സി.പി ബാവ ഹാജി, സി.എ.എം.എ കരീം, അബ്ദുറഹ്മാൻ കല്ലായി, ടി.എം സലീം, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ശാഫി ചാലിയം, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, മഞ്ഞളാംകുഴി അലി, പി. അബ്ദുൽഹമീദ്, പി. ഉബൈദുല്ല, ടി.വി ഇബ്രാഹിം, കുറുക്കോളി മൊയ്തീൻ, എ.കെ.എം അഷ്‌റഫ് സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.