2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുല്ലാ നാസറുദ്ദീന്റെ മക്കളും കൊറോണക്കാലവും

 

മുറ്റത്ത് കളിക്കുകയായിരുന്നു മുല്ലാ നാസറുദ്ദീന്റെ മക്കള്‍. അപ്പോഴാണ് മുല്ലായുടെ ഒരു പഴയ സുഹൃത്ത് അവിടെയെത്തിയത്. കുട്ടികളോട് ലോഹ്യം പറഞ്ഞു കൊണ്ടിരിക്കെ അയാള്‍ അവരോട് ഒരു ചോദ്യം ചോദിച്ചു.
‘ഈ സ്രാവും തിമിംഗലവും തമ്മിലുള്ള ബന്ധമെന്താണെന്നറിയാമോ?’
‘ഓ അറിയാം’. മുല്ലായുടെ മകന്‍ തല്‍ക്ഷണം മറുപടി നല്‍കി.
‘ശരി. എങ്കില്‍ പറയൂ’. അയാള്‍ പ്രോല്‍സാഹിപ്പിച്ചു.
‘സ്രാവ് വളര്‍ന്നാണ് തിമിംഗലമായിത്തീരുന്നത്!’.
അവന്‍ ആധികാരികമായി വ്യക്തമാക്കി.
‘അതേയോ? എത്ര കാലമെടുക്കും സ്രാവ് തിമിംഗലമായിത്തീരാന്‍?’
‘ മുന്ന് കൊല്ലവും എട്ടുമാസവും പതിനേഴു ദിവസവും. മാത്രമല്ല, എല്ലാ സ്രാവുകളും ഇങ്ങിനെ വളരുകയില്ല. കരിങ്കടലിനടിയിലെ പ്രത്യേക തരം കള്ളിച്ചെടികള്‍ ഭക്ഷിക്കുന്ന സ്രാവുകള്‍ മാത്രമാണ് ഇത്തരത്തില്‍ വലുതാവുക.’ കിറുകൃത്യമായിരുന്നു അവന്റെ മറുപടി.
‘ങ്‌ഹേ’, അയാള്‍ ഇത്തവണ ശരിക്കും അന്തംവിട്ടു; ‘ഇതൊക്കെ ഇത്ര കൃത്യമായി എങ്ങിനെ മോന്‍ പഠിച്ചുവെച്ചു?’
‘ഓ, അതെല്ലാം പാഠശാലയില്‍ പഠിച്ചതല്ലേ!! ഞങ്ങളുടെ ക്ലാ ിലെ നാലാമത്തെ പാഠമാണത്!!’
അവന്‍ വിശദീകരിച്ചുകൊടുത്തു.സുഹൃത്ത് പോയി. ഉടനെതന്നെ മുല്ലാ ഓടിയെത്തി മകനെ കെട്ടിപ്പിടിച്ചു.
‘എടാ നീയാടാ എന്റെ മോന്‍. എത്ര കൃത്യമായാണ് പൊട്ടത്തങ്ങള്‍ സ്വന്തമായി ഉണ്ടാക്കി പറയുന്നത്!!’

ദാര്‍ശനികനും മരമണ്ടനും പണ്ഡിതനും കോമാളിയുമൊക്കെയായി പലപല കഥകളില്‍ പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് മുല്ലാ നാസറുദ്ദീന്‍ ഹോജാ. എല്ലാ കാലത്തും ഏത് സന്ദര്‍ഭത്തിലും ലോകത്തിന്റെ സര്‍വകോണുകളിലും എല്ലാ തരം പ്രഭാഷകരും അദ്ധ്യാപകരും എഴുത്തുകാരുമൊക്കെ ഈ അതിശയ മനുഷ്യന്റെ ജീവിത കഥകള്‍ ഉപയോഗപ്പെടുത്തുന്നു. അത് കുട്ടികളെയും മുതിര്‍ന്നവരെയും സ്ത്രീകളെയും പുരുഷന്മാരെയുമൊക്കെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ തുര്‍ക്കിയിലെ ഒരു ഗ്രാമത്തില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുല്ലാ നാസിറുദ്ദീന്‍ ഹോജായെക്കുറിച്ചുള്ള അതീവ രസകരവും ചിന്തോദ്ദീപകവുമായ കഥകള്‍ ക്രമേണ ലോകമെമ്പാടും പ്രചരിക്കുകയായിരുന്നു. നിര്‍ദ്ദോഷമെന്ന് ആദ്യ കേള്‍വിയില്‍ തോന്നുന്ന തമാശക്കഥകള്‍ക്കുള്ളില്‍ മനുഷ്യചരിത്രത്തില്‍ എക്കാലത്തേക്കും പ്രസക്തമായ ദാര്‍ശനികമായ സന്ദേശങ്ങള്‍ ഉള്‍ച്ചേര്‍ന്നുവെന്നതാണ് മുല്ലാക്കഥകളുടെ സവിശേഷത.
അതിബുദ്ധിയും അതീവ പൊട്ടത്തരങ്ങളും സമ്മേളിച്ചതാണ് ഹോജായുടെ പ്രകൃതം. ഇതെന്തൊരു വൈരുദ്ധ്യം എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. പക്ഷെ ശാന്തമായി വീണ്ടും ആലോചിക്കുമ്പോള്‍ മനസിലാവുന്ന ഒരു വസ്തുതയുണ്ട്. രണ്ടും മാറിമാറി പ്രത്യക്ഷപ്പെടാത്ത മനുഷ്യര്‍ ഭൂമിയിലുണ്ടാവുമോ? തോതില്‍ വ്യത്യസ്തതകളുണ്ടെങ്കിലും നമ്മിലൊക്കെയില്ലേ ഈ പ്രകൃതം? ആലോചിച്ചു നോക്കിയാല്‍ നാം തന്നെ അതിശയിച്ചു പോവും! ചിലരില്‍ ഈ അംശം വളരെ കൂടുതലായിരിക്കും എന്ന് മാത്രം.
അങ്ങിനെ നമ്മുടെ ഉള്ളിലെ മണ്ടത്തങ്ങളെ ഉണര്‍ത്തിവിടുന്ന വിരുതന്മാരുടെ സുവര്‍ണ്ണകാലമാണ് ഈ കൊറോണക്കാലം അഥവാ കോവിഡ് കാലം!!
വാട്‌സപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വെറും കേട്ടുകേള്‍വികളിലൂടെയും ചില പ്രസിദ്ധീകരണങ്ങളിലൂടെയുമൊക്കെ ഇത്തരം പൊട്ടത്തങ്ങള്‍ മഹദ്‌വചനങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. കൊറോണയുടെ വേഗതയില്‍ അവ പ്രസരിക്കുന്നു. ഏറ്റവും ആധികാരികം എന്ന രൂപത്തിലാണ് ഏറ്റവും വലിയ മണ്ടത്തങ്ങള്‍ വാട്‌സാപ്പിലും മറ്റും പ്രത്യക്ഷപ്പെടുക! ഇവ ഫോര്‍വാഡ് ചെയ്യുന്നതാവട്ടെ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വിദ്യാഭ്യാസം കുറഞ്ഞവരെന്നോ വിദ്യാസമ്പന്നരെന്നോ വിദ്യാര്‍ത്ഥികളെന്നോ റിട്ടയര്‍ ചെയ്തവരെന്നോ ഭേദവുമില്ല!!
മാനുഷരെല്ലാരുമൊന്നുപോലെ എന്നും പറയാം.

പ്രചരിച്ചവയില്‍ ചിലത് കാണുക;
വൈറസിനെ സമ്പൂര്‍ണ്ണമായി നശിപ്പിക്കുന്നതിന് വേണ്ടി, രാജ്യം മുഴുവന്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഹെലിക്കോപ്റ്ററില്‍ അണുനാശിനി തളിക്കാന്‍ പോവുന്നു എന്ന വിചിത്ര പ്രചരണം നടന്നത് ഒരു വിദേശ രാജ്യത്തായിരുന്നു. മുന്നറിയിപ്പിനൊപ്പം മുന്‍കരുതലുകളെടുക്കാനുള്ള ചില നിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നു. പാതിരാവില്‍ പന്ത്രണ്ടു മണി കഴിഞ്ഞ് ശബ്ദം കേട്ടാല്‍ അത് ഹെലിക്കോപ്റ്ററിന്റേതാണെന്ന് മനസിലാക്കിക്കൊള്ളണം. രാത്രിയില്‍ തുണികളൊന്നും പുറത്തിടരുത്!. അവയിലൊക്കെ കീടനാശിനി വീഴാതിരിക്കാനായിരുന്നു ആ മുന്‍കരുതല്‍!!
പതിനാറു മണിക്കൂര്‍ വെയില്‍ കൊണ്ടാല്‍ കൊറോണ ചത്തു പോവും എന്ന് ഒരു പ്രചാരണം!!
ഒരു സംസ്ഥാനത്ത് കോഴിക്കര്‍ഷകരെ തകര്‍ക്കാന്‍ പറ്റിയ ഒരവസരമായി ചിലര്‍ കൊറോണയെ ഉപയോഗിച്ചു. കോഴിയിറച്ചിയില്‍ കൊറോണ വൈറസ് ഉണ്ട് എന്നായിരുന്നു കുപ്രചരണം.

വാട്‌സാപ്പില്‍ മുഴങ്ങുന്നത് അതി പ്രശസ്തരായ പ്രഗല്‍ഭ ഡോക്റ്റര്‍മാരുടെ ഉപദേശങ്ങളാണെങ്കിലോ? വിശ്വാസ്യത വര്‍ദ്ധിക്കുമെന്നുറപ്പ്. യഥാര്‍ത്ഥ ഡോക്റ്റര്‍ ചിന്തിച്ചിട്ടു പോലുമില്ലാത്ത പടുവങ്കത്തങ്ങളാണ് അവരുടെ പേരില്‍ ശബ്ദരൂപത്തില്‍ ഇറങ്ങിയതും ലക്ഷങ്ങള്‍ക്കിടയില്‍ പ്രചരിച്ചതും.
ചൈനയില്‍ മാത്രം കൊറോണ പ്രചരിച്ച ആദ്യ നാളുകളില്‍ അവിടുത്തെ കഥകളിറക്കുന്നതായിരുന്നു ഇത്തരം വീരന്മാരുടെ ഹോബി. കൊറോണ ബാധിച്ചവരെ വെടിവെച്ചു കൊല്ലുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു കഥകള്‍!! ആ ദൃശ്യങ്ങളുടെ സത്യാവസ്ഥയെന്തെന്നൊന്നും അന്വേഷിക്കാന്‍ മെനക്കെടാതെ നമ്മളില്‍പലരും അവ മറ്റുള്ളവരിലേക്ക് തള്ളിക്കൊടുത്തു.
(ഒന്നാമതായി കൈമാറി ആളാവണം എന്നല്ലാതെ, മെസേജുകളുടെ നിജസ്ഥിതി അന്വേഷിക്കാനൊക്കെ ആര്‍ക്ക് നേരം!!) പിന്നീട് കൊറോണ ഇവിടേക്കുമെത്തുകയും ഒരു ആഗോളപ്രശ്‌നമാവുകയും ചെയ്തപ്പോഴേക്കും കഥകള്‍ മാറി. ചെറുനാരങ്ങയും ചൂടുവെള്ളവും കൊണ്ടുള്ള ചികില്‍സ, തേനും ഇഞ്ചിയും മറ്റു സുഗന്ധദ്രവ്യങ്ങളും ചേര്‍ന്ന മരുന്നുകള്‍ എന്നിങ്ങനെ പോയി കഥകള്‍.
കൊറോണയ്ക്ക് പുകവലി തീരെ ഇഷ്ടമല്ലത്രേ. കൂട്ടമായിരുന്ന് പുകവലിച്ചാല്‍ വൈറസ് കാഞ്ഞു പോയതുതന്നെ. ചിലയിടങ്ങളില്‍ ഇത്തരം പുകവലിപ്പാര്‍ട്ടികള്‍ തന്നെ നടന്നു! വാട്‌സാപ്പ് സര്‍വകലാശാലയിലെ ഈ കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതാവ് എവിടെയോ ഇരുന്ന് ചിരിച്ച് രസിക്കുന്നുണ്ടാവും!
പിന്നെ മദ്യം ഉപയോഗിച്ചുള്ള ചികില്‍സകളെക്കുറിച്ച്: അല്ലെങ്കിലും മദ്യത്തിന്റെ അതിശയ ശക്തിയെക്കുറിച്ച് പ്രത്യേകിച്ചു പറയേണ്ടതില്ല!!
എന്തിനും പറ്റിയ സര്‍വ്വപ്രശ്‌ന സംഹാരിയാണല്ലോ ആ ദിവ്യദ്രാവകം!!
കൊറോണ പ്രമാണിച്ച് ഒരു ജി.ബി ഡാറ്റയും രണ്ടായിരം രൂപയും സൗജന്യം എന്ന് കേട്ടാലുടനെ ആ മെസേജ് ഫോര്‍വാഡ് ചെയ്യാന്‍ കൈ ത്രസിക്കുകയാണ് നമ്മുടെ നാട്ടിലെ ചില മുതിര്‍ന്നവര്‍ക്ക് പോലും!! അപ്പോള്‍പ്പിന്നെ, ‘അത്രയ്ക്ക് പ്രായവും പക്വതയും ഇല്ലാത്ത പുതുതലമുറക്കാരുടെ’ കാര്യം പറയാനുമില്ല.
ചില മഹാകണ്ടുപിടുത്തങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രശസ്ത താരങ്ങള്‍ തന്നെ നേരിട്ട് ചാനലുകള്‍ വഴി ഭൂമിയിലേക്കിറങ്ങിയത് വളരെ കൗതുകകരമായി. പറയുന്നത് താരമല്ലേ എന്ന രീതിയില്‍ പലരും അതിനെക്കണ്ടു.

സാമാന്യബോധം അഥവാ കോമണ്‍സെന്‍സ് നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടുന്ന സമയമാണ് ഈ കൊറോണക്കാലം. ചെകുത്താന്‍ പല രൂപത്തിലും വരും എന്ന വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് പോലെ, വ്യാജ വാര്‍ത്തകളും പല രൂപത്തിലും വരും. ഏറ്റവും ആകര്‍ഷകമായ രീതിയിലാവും നുണകള്‍ അവതരിപ്പിക്കപ്പെടുക. അവയെ നമുക്ക് കോമണ്‍സെന്‍സ് കൊണ്ട് നേരിടാം. അങ്ങിനെ വരാന്‍ വഴിയുണ്ടോ എന്നാലോചിക്കാം.അതിലുമുപരി,
ഈ വീട്ടുവിശ്രമക്കാലം എന്തൊക്കെ നല്ല വഴികളില്‍ ചെലവഴിക്കാമെന്ന് നോക്കാം. ഉപയോഗപ്പെടുത്താമെന്ന് നോക്കാം. എല്ലാം കഴിഞ്ഞ് നമ്മുടെ പഴയ സുന്ദരലോകം തിരിച്ചു കിട്ടുമ്പോള്‍ സ്വയം തോന്നണം;
‘ഈ വീട്ടിലിരിപ്പ് കാലം വെറുതെയായില്ലല്ലോ’
‘എനിക്കത് പല രൂപത്തില്‍ പ്രയോജനപ്പെട്ടുവല്ലോ’
‘ വിഷമതകളുടെ കറുത്ത കടലാസില്‍ പൊതിഞ്ഞ അനുഗ്രഹമായിരുന്നുവല്ലോ ആ ദിവസങ്ങള്‍’
”This time, like all times, is a very good one, if we but know what to do with it’.
Ralph Waldo Emerson
(1803 1882)
അതെ, എങ്ങിനെ ഉപയോഗപ്പെടുത്താം എന്നറിയാമെങ്കില്‍ ഈ സമയവും നല്ല സമയം തന്നെ!!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.