സ്വന്തം ലേഖകൻ
തൊടുപുഴ • മുലപ്പെരിയാർ അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന പ്രവർത്തന ക്ഷമമല്ലാത്ത ഉപകരണങ്ങൾ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യത്തിന് മറുപടി നൽകാതെ തമിഴ്‌നാട്. തുലാവർഷത്തിന് മുന്നോടിയായി ക്രമീകരണങ്ങൾ വിലയിരുത്താൻ ഉപസമിതി അംഗങ്ങൾ അണക്കെട്ടിൽ പരിശോധനക്കെത്തിയിരുന്നു.
ഇതിന് ശേഷം ചേർന്ന യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അണക്കെട്ടിലെ മർദ്ദം, ഭൂചലനം തുടങ്ങിയവ അളക്കാനുള്ള ഉപകരണങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് കേരളം നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. അണക്കെട്ടിൽ സ്ഥാപിക്കാൻ സീസ്‌മോ ഗ്രാഫ്, ആക്‌സിലറോമീറ്റർ എന്നിവ വാങ്ങിയിട്ടുണ്ട്. ഇത് കൊണ്ടുപോകാൻ അനുമതി തേടി തമിഴ്‌നാട് കത്ത് നൽകിയിട്ടുണ്ട്. വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാറിലേക്കുള്ള റോഡിലെ തകർന്ന് കിടക്കുന്ന ചപ്പാത്ത് പുനർ നിർമിക്കണമെന്ന ആവശ്യം തമിഴ്‌നാട് ഉന്നയിച്ചു. അണക്കെട്ടിന്റെ അപ് ലിഫ്റ്റ് പ്രഷർ ആളക്കാനുളള ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചിരുന്നതിനാൽ സീപ്പേജ് ജലത്തിന്റെ അളവ് സംഘത്തിന് ശേഖരിക്കാനായില്ല. ഷട്ടറുകൾ ഉയർത്തി പ്രവർത്തനം വിലയിരുത്തി. മൂന്ന് മാസത്തിലൊരിക്കൽ അണക്കെട്ട് പരിശോധിക്കണമെന്ന് ഉപസമിതിക്ക് ഉന്നതാധികാര സമിതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര ജലകമ്മിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ശരവണകുമർ അധ്യക്ഷനായ സമിതിയിൽ ഇരുസംസ്ഥാനങ്ങളിലെയും രണ്ട് പ്രതിനിധികൾ വീതമുണ്ട്.
Comments are closed for this post.