2021 January 21 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുന്നാക്ക സമുദായ സംവരണം ജാതി രാഷ്ട്രീയത്തിന്റെ വികൃതമുഖം

പിണങ്ങോട് അബൂബക്കര്‍

രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാതിരാഷ്ട്രീയത്തെ അധികാരത്തിലെത്താനുള്ള വഴിയായിട്ടാണ് ഉപയോഗിച്ചുവരുന്നത്. ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായ കാലത്തും ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്നത് മുന്നാക്ക ജാതികള്‍ക്ക് വേണ്ടിയാണ്. മേല്‍ജാതിക്കാരായ താക്കൂര്‍ മുതലാളി കുട്ടികള്‍ ഹത്രാസിലെ 19 കാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന പുതിയ ഭാരത മുഖം മറ്റെന്താണ് പറയുന്നത്. സനാതന ധര്‍മം മൂല്യങ്ങളുടെ പ്രതിപുരുഷന്‍ എന്ന് അവകാശപ്പെടുന്ന കഷായ വേഷം ധരിച്ച യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദലിത്, സ്ത്രീ പീഡനങ്ങളും മനുഷ്യാവകാശലംഘനങ്ങളും നടക്കുന്നത്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട യഥാര്‍ഥ സ്വാതന്ത്ര്യം തടയിടാനാണ് ജാതി മേലാളന്മാര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 14, നിയമത്തിനുമുമ്പില്‍ സമത്വവും, നിയമപരമായ തുല്യ സംരക്ഷണവും ഉറപ്പുനല്‍കുന്നു. അനുഛേദം 15, മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു. അനുഛേദം 25, ആശയ സ്വാതന്ത്ര്യവും ഏത് മതവും വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനുള്ള അവകാശം ഉറപ്പുവരുത്തുന്നു. അനുഛേദം 29, തങ്ങളുടെ ഭാഷ, ലിപി, സംസ്‌കാരം എന്നിവ സംരക്ഷിക്കാനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പുവരുത്തുന്നു. ഭരണഘടനയുടെ ഈ ഉദാത്ത മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഭരണഘടനയില്‍ തൊട്ടു പ്രതിജ്ഞയെടുക്കാത്ത ഒരു ഭരണാധികാരിയും സ്വതന്ത്രഭാരതം പ്രസവിച്ചിട്ടില്ല. എന്നാല്‍, ഈ മൂല്യങ്ങളോട് ഒളിയുദ്ധം നടത്താനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ പിന്തള്ളപ്പെട്ടു പോയ ജനസമൂഹത്തെ ഉന്നതിയിലെത്തിക്കാന്‍ കോണിപ്പടിയായി നിലനില്‍ക്കുന്ന സംവരണത്തില്‍ പ്രീണന രാഷ്ട്രീയം നടത്തുന്നത് സാധാരണ സംഭവമായിരിക്കുന്നു. ഭൂരിഭാഗം ഉയര്‍ന്ന തസ്തികകളിലും ഇപ്പോള്‍ തന്നെ ഉന്നത ജാതിക്കാര്‍ ആനുപാതിക ശതമാനത്തിന്റെ പല ഇരട്ടിയിലധികം കൈയടക്കിയിട്ടുണ്ട്. എങ്ങോട്ട് തിരിഞ്ഞു ഏതു കസേര നോക്കിയാലും ഉയര്‍ന്ന ജാതിക്കാര്‍ മാത്രം. വിദ്യാഭ്യാസ രംഗങ്ങളില്‍ പണവും പദവിയും ഉപയോഗപ്പെടുത്തി തങ്ങളുടെ സന്താനങ്ങളെയും സമുദായത്തെയും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ എത്തിക്കാന്‍ വ്യവസ്ഥാപിത ലോബി സിവില്‍ സര്‍വിസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങള്‍ മാത്രമേ തുടര്‍ഭരണം നിലനിര്‍ത്താറുള്ളൂ.

സ്വാതന്ത്ര്യം അര്‍ഥമാക്കുന്ന അവകാശങ്ങള്‍ ദലിത്, പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് ലഭ്യമാക്കിയെന്ന് നെഞ്ചത്ത് കൈവച്ചു പറയാന്‍ ഇന്ത്യയിലെ ഒരു ഭരണാധികാരിക്കും സാധിച്ചിട്ടില്ല. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ ഇപ്പോഴും ഏഴു പതിറ്റാണ്ട് പിറകില്‍ തന്നെയാണുള്ളത്. പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ മലപ്പുറം ജില്ലയില്‍ മാത്രം നാല്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ നട്ടംതിരിയുന്നു. അനുവദിച്ച സീറ്റിന് അപേക്ഷ ഇല്ലാതെ ചില ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. സാമൂഹ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ തുടരുന്ന അവഗണന മാറ്റമില്ലാതെ ഭരണകൂടങ്ങള്‍ മാറി മാറി ഭരണ നിര്‍വഹണം നടത്തുന്നു. മേല്‍ജാതി രാഷ്ട്രീയം അഥവാ ഹിന്ദുത്വ ബോധം വളര്‍ത്തി മതരാഷ്ട്രീയ അരികുപറ്റി ഇടതുപക്ഷങ്ങള്‍ പോലും പച്ചയായ രാഷ്ട്രീയ അധര്‍മം കളിക്കുകയാണ്. അടിസ്ഥാനവര്‍ഗ പ്രഘോഷണവും അകത്തളങ്ങളില്‍ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ബോധവും ഇന്ത്യന്‍ രാഷ്ട്രീയത്തെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പുതുതായി സംവരണം ഏര്‍പ്പെടുത്തുക വഴി പിന്നാക്ക, അവര്‍ണ സമുദായങ്ങളുടെ ചട്ടിയില്‍ കൈയിട്ടു വാരുകയും ഭൂരിപക്ഷ ഹിന്ദുത്വ പ്രീണനം വഴി വോട്ടുബാങ്ക് ഭദ്രമാക്കുകയുമാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നത്.
വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ നിലനില്‍ക്കുന്ന വിടവുകള്‍ നികത്താന്‍ പ്രായോഗിക സമീപനം എന്ന നിലക്ക് സംവരണം ഉപയോഗപ്പെടുത്താന്‍ പദ്ധതികളുണ്ടായില്ല. സംവരണ സീറ്റുകളില്‍ നിയമനം സംവരണ വിഭാഗങ്ങള്‍ക്ക് മാത്രമായിരിക്കണമെന്ന് കണിശമായ നിലപാടുകളും സ്വീകരിച്ചില്ല. പതിറ്റാണ്ടുകളായി പിറകില്‍ നില്‍ക്കുന്ന ഒരു ജനവിഭാഗത്തെ അവരുടെ പാട്ടിന് വിടുകയല്ല വേണ്ടത്. സ്ഥിതിവിവരക്കണക്ക് ശേഖരിച്ചുവച്ചു പരിഹാരമുണ്ടാക്കാതെ കാലം കഴിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ഭരണകക്ഷി. മുന്നാക്ക സംവരണത്തിനുള്ള പി.എസ്.സി നിര്‍ദേശം നടപ്പിലാക്കുന്നതിനായി അടിയന്തര മന്ത്രിസഭാ യോഗം ചേരാന്‍ ഗവണ്‍മെന്റ് കാണിച്ച തിടുക്കം സംശയാസ്പദമാണ്. ഭരണകൂടത്തിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളും ആക്ഷേപങ്ങളും മറികടക്കാന്‍ സംവരണ സമൂഹങ്ങളെ ബലി നല്‍കുന്ന രാഷ്ട്രീയം അപരാധമല്ലാതെ മറ്റെന്താണ്.

മര്‍ദിത സമൂഹം ഇപ്പോഴും കുടിയാന്മാരായി കഴിയുന്നു. ജന്മിത്തം ഇല്ലാതാക്കി എന്നത് സത്യം തന്നെ. എന്നാല്‍ ഭൂവിസ്തൃതി കുറച്ചു സാമൂഹ്യ തലങ്ങളില്‍ മേധാവിത്വം നിലനിര്‍ത്താനാണ് ഭരണകൂടങ്ങള്‍ ശ്രമിച്ചത്. മുക്കാല്‍ ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ള ഉദ്യോഗസ്ഥ ശൃംഖല ആരാണ് ഉണ്ടാക്കിയത്. ദേശീയ തൊഴിലുറപ്പ് കൂലി 300 രൂപയില്‍ താഴെ. ഒരു വര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങള്‍. ഇവരുടെ വാര്‍ഷിക വരുമാനം മുപ്പതിനായിരം രൂപ. അഞ്ചു ലക്ഷം മാസപ്പടിക്കാരന്റെ വാര്‍ഷിക വരുമാനം 60 ലക്ഷം രൂപ. ഈ വൈരുധ്യം കൊളോണിയന്‍ സംസ്‌കാരത്തിന്റെ ജീര്‍ണ ശേഷിപ്പുകളാണ്. ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് എന്തു മാറ്റമാണ് ഉണ്ടാക്കാന്‍ സാധിച്ചത് എന്നതായിരിക്കണം തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാകുന്ന മുഖ്യവിഷയം.

കൊവിഡ് 19 കാലം കോര്‍പറേറ്റ് മുതലാളിമാരുടെ വിറ്റുവരവ് വര്‍ധിച്ചു. എന്നാല്‍, സാധാരണക്കാരുടെ വരവ് പകുതിയിലധികം കുറഞ്ഞു. തൊഴില്‍ ഇല്ലാതായി, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അടിസ്ഥാനവര്‍ഗത്തിന്റെ മടിശ്ശീലയില്‍ എത്തിയില്ല. ഇന്ത്യ പിന്തുടരുന്ന സാമ്പത്തിക നയം കടംകൊണ്ടതാണ്. കൃഷിയില്‍ അധിഷ്ഠിതമായ സാമ്പത്തിക കാഴ്ചപ്പാട് ഉണ്ടായില്ല. ഇപ്പോള്‍ കര്‍ഷകര്‍ തെരുവില്‍ പ്രക്ഷോഭത്തിലാണ്. അവരുടെ വിളകളുടെ വില നിശ്ചയിക്കാനുള്ള അധികാരം അവരില്‍ നിന്നും എടുത്തു മാറ്റി കുത്തകക്കാര്‍ക്ക് നല്‍കിയ പുതിയ കാര്‍ഷിക നയം ജനാധിപത്യ ഭാരതം കണ്ട കൊടും വഞ്ചന കൂടിയായിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി ലോകവിപണിയില്‍ എത്തിച്ചാല്‍ ഇരുകരവും നീട്ടി ചോദിക്കുന്ന വിലക്ക് വാങ്ങാന്‍ ആളുണ്ട്. പക്ഷേ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ഭരണകൂടം ഇല്ല. അവര്‍ മുന്നാക്കകാരുടെ മുന്നില്‍ തന്നെ ഓടുകയാണ്. തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നവരും ഭരണത്തിന്റെ ഗുണഫലം അനുഭവിക്കുന്നവരും ഭരണകൂടങ്ങളെ നിര്‍മിക്കുന്നവരും ഉദ്യോഗസ്ഥരും മുന്നാക്കക്കാര്‍ തന്നെ. ഈ തിരിച്ചറിവ് തന്നെയാണ് പിണറായി സര്‍ക്കാര്‍ പിന്തുടരുന്ന നിലപാടുകളുടെ ബാലന്‍സ് ക്രമീകരിക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.