2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുന്നണി പ്രവേശനത്തിനരികെ ജോസ് കെ. മാണി; ആദ്യം ‘കാന ദര്‍ശനം’; പിന്നെ എ.കെ.ജി സെന്ററിന്റെ പടികയറ്റം

തിരുവനന്തപുരം: ഇടയുമെന്നു തോന്നിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അദ്ദേഹമിരിക്കുന്ന എം.എന്‍ സ്മാരകത്തില്‍ ആദ്യം ചെന്നു കണ്ടു കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പാക്കി ജോസ് കെ.മാണി. എം.എന്‍ സ്മാരകത്തില്‍ എത്തിയപ്പോള്‍ കാനത്തിന്റെയും സി.പി.ഐ നേതാക്കളുടെയും നല്ല വാക്കുകള്‍ കേട്ടു. അവിടെ നിന്നും എ.കെ.ജി സെന്ററിന്റെ പടികള്‍ കയറി എത്തിയ ജോസിനും കൂട്ടര്‍ക്കും ഹൃദ്യമായ സ്വാഗതം നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും.
ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുന്നതിനിടയിലാണ് ജോസ് കെ.മാണിയും റോഷി അഗസ്റ്റിനും കോടിയേരിയെ കാണാനെത്തിയത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഓഫിസ് സെക്രട്ടറിയെയാണ് ജോസ് കെ.മാണിയേയും നേതാക്കളെയും സ്വീകരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിയോഗിച്ചത്. എ.കെ.ജി സെന്ററിന്റെ പടികയറി വന്ന പുതിയ രാഷ്ട്രീയ ചങ്ങാതിമാരെ ചര്‍ച്ച കഴിഞ്ഞു മടങ്ങുമ്പോള്‍ എ.കെ.ജി സെന്ററിന്റെ പടിവാതിലില്‍ വന്നു യാത്രയയ്ക്കാന്‍ കോടിയേരിയും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും സമയം കണ്ടെത്തി.
ഇന്നലെ രാവിലെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്നും എ.കെ.ജി സെന്റര്‍ നല്‍കിയ വാഹനത്തിലാണ് ജോസ് കെ.മാണിയും റോഷി അഗസ്റ്റിനുമടക്കമുള്ള നേതാക്കള്‍ കാനം രാജേന്ദ്രനെ കാണാന്‍ സി.പി.ഐ ആസ്ഥാനത്തെത്തിയത്. അതിഥികളെ ഗൗരവത്തില്‍ തന്നെ കാനം രാജേന്ദ്രന്‍ സ്വീകരിക്കുകയും ചെയ്തു. ജോസിന്റെ പുതിയ രാഷ്ട്രീയ നിലപാടിനെ സി.പി.ഐ സ്വാഗതം ചെയ്യുന്നുവെന്നും ബാക്കി കാര്യങ്ങള്‍ ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യുമെന്നും കൂടിക്കാഴ്ചയില്‍ കാനം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിനോടു നേരത്തേ ഉണ്ടായിരുന്ന കടുത്ത നിലപാട് പുതിയ സാഹചര്യത്തില്‍ കാനത്തിനില്ല. അതു ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ വാക്കിലും മുഖത്തും നന്നായി പ്രകടവുമായിരുന്നു. ജോസിന്റെ വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ച കാനം കെ.എം മാണിയുമായുള്ള ചില രാഷ്ട്രീയ ഓര്‍മകളും പങ്കുവച്ചു.
സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ആരോഗ്യത്തെ സംബന്ധിച്ചും ജോസ് തിരക്കി. ഇരുപതു മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം എം.എന്‍ സ്മാരകത്തില്‍ നിന്നും മടങ്ങിയ ജോസ് കെ.മാണിയുടെ മുഖത്തു പുഞ്ചിരി മാത്രമായിരുന്നു.
കാനത്തെ കണ്ട ശേഷം ജോസ് കെ.മാണി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെയും കണ്ടു. മുന്നണി പ്രവേശനത്തിന് ഇനി ഇടതുമുന്നണി യോഗം ചേരേണ്ട താമസം മാത്രമേയുള്ളൂവെന്നു കോടിയേരി ജോസിനെ അറിയിച്ചു.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഒപ്പം നില്‍ക്കുന്നവരില്‍ നിന്നും കൊഴിഞ്ഞുപോക്കുണ്ടാകാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് ജോസ് കെ.മാണിയോട് സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടു. മറ്റു കാര്യങ്ങളില്‍ ഇടതുമുന്നണി യോഗത്തിനു ശേഷം കൂടുതല്‍ ചര്‍ച്ചയാകാമെന്നും നേതാക്കള്‍ ധാരണയിലെത്തി. മുഖ്യമന്ത്രിയെയും ഇന്നലെ തന്നെ കാണാന്‍ ജോസ് കെ.മാണി തീരുമാനിച്ചിരുന്നുവെങ്കിലും ക്വാറന്റൈനില്‍ ആയതിനാല്‍ പിന്നീടാകാമെന്ന് മുഖ്യമന്ത്രി ജോസ് കെ.മാണിയെ അറിയിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.