
ചേളാരി(മലപ്പുറം): അന്താരാഷ്ട്ര ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗില്‍ അംഗത്വമുള്ള കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസി(സി.ഐ.സി)ന്റെ അക്കാദമിക് കൗണ്‍സില്‍ ഡയരക്ടറായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു.
ഇന്നലെ ചേളാരിയില്‍ ചേര്‍ന്ന സി.ഐ.സി സെനറ്റ് യോഗമാണ് വി.പി സെയ്ത് മുഹമ്മദ് നിസാമിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് മുനവ്വറലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തത്. കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ സി.ഐ.സിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന 81 ഉന്നത ഇസ്ലാമിക മത ഭൗതിക കലാലയങ്ങളുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ആണ്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റെക്ടറും പ്രൊഫ. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി കോഡിനേറ്ററും അലി ഫൈസി തൂത ട്രഷററുമായ സി.ഐ.സിയുടെ പ്രധാന ബോഡിയാണ് അക്കാദമിക് കൗണ്‍സില്‍.
സലാം ഫൈസി എടപ്പാള്‍, മുഹമ്മദ് ഫൈസി അടിമാലി, ഡോ. സലാഹുദ്ദീന് വാഫി, അലി ഹുസൈന് വാഫി, ഡോ. അയ്യൂബ് വാഫി എന്നിവരാണ് മറ്റ് അംഗങ്ങള്‍.