2021 February 28 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുത്വലാഖ്, സ്വത്തവകാശം, ബഹുഭാര്യത്വം

പിണങ്ങോട് അബൂബക്കര്‍

മുസ്‌ലിംസമുദായത്തെ ഒരിക്കല്‍ക്കൂടി അപമാനിക്കാനുള്ള വടിയായാണു കേന്ദ്രസര്‍ക്കാരിന്റെ നിയമവിരുദ്ധമായ മുത്വലാഖ് ഓര്‍ഡിനന്‍സ്. സ്വത്തവകാശം, ബഹുഭാര്യത്വം എന്നിവ സംബന്ധിച്ചു കോടതി കയറുമെന്ന കോഴിക്കോട്ടെ ഒരു പെണ്‍സംഘടനയുടെ പ്രസ്താവനയും വന്നുകഴിഞ്ഞു. മോദി ഭരണത്തിലെ പരാജയവും അഴിമതിയും 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വേട്ടയാടാനുള്ള സാധ്യതയില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിട്ടു രക്ഷനേടാനുള്ള അടുവുമാത്രമായി ഇതിനെ കണ്ടുകൂടാ. കിട്ടാവുന്ന സന്ദര്‍ഭത്തിലെല്ലാം മുസ്‌ലിമിന് ഒരടി നല്‍കുകയെന്ന ജന്മലക്ഷ്യം കൂടി ബി.ജെ.പി ഇത്തരം പ്രവൃത്തികളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്.

മുത്വലാഖ് ഒരു സാങ്കല്‍പിക സംഗതിയാണ്. ഓരോ മതത്തിലും വിശ്വസിക്കുന്നവരുടെ സ്വകാര്യതയാണു മതനിയമം. അതിന്റെ ഗുണദോഷങ്ങള്‍ അതതു മതങ്ങളാണു പരിശോധിക്കേണ്ടത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയ മതസ്വാതന്ത്ര്യത്തിലുള്ള കൈയേറ്റമാണു ബി.ജെ.പി നടത്തിയിരിക്കുന്നത്.
വിവാഹം പ്രകൃതിപരമായ പൂരണമാണ്. പല മതങ്ങള്‍ പല വിധമാണതു നിര്‍വഹിച്ചത്. മതരഹിതരും ഒരേ ലിംഗക്കാരും ഇണകളെ കണ്ടെത്തുന്നുണ്ട്. അത് അവരുടെ രീതിയനുസരിച്ച്. ഭിന്നലിംഗക്കാര്‍ തമ്മിലുള്ള വിവാഹത്തിനു സദാചാരം, ധാര്‍മികം, വംശവര്‍ധനവ് തുടങ്ങിയ നിരവധി നൈതികമാനങ്ങളുണ്ട്.
ഒന്നിച്ചു ജീവിച്ചശേഷം പില്‍ക്കാലത്ത് ഒന്നിച്ചു പോകാനാവില്ലെന്ന് ഒരാള്‍ക്കോ ഇരുവര്‍ക്കുമോ ബോധ്യപ്പെട്ടാല്‍ പിരിയാനുള്ള മതാവകാശമാണു വിവാഹമോചനം. രോഗം, ലൈംഗികശേഷിക്കുറവ്, താല്‍പര്യമില്ലായ്മ, ഭ്രാന്ത്, ഒത്തുപോകാനാവാത്ത ചീത്തസ്വഭാവം, പരപുരുഷബന്ധം, പരസ്ത്രീബന്ധം ഇങ്ങനെ വിവിധ കാരണങ്ങളാലാണു വിവാഹമോചനം നടക്കുന്നത്.
ത്വലാഖ്, ഫസ്ഖ്, ഖുല്‍അ് എന്നിങ്ങനെ ഇസ്‌ലാമില്‍ സ്ത്രീക്കും പുരുഷനും ഈ വേര്‍പിരിയല്‍ അവകാശം അനുവദിക്കപ്പെട്ടിട്ടുണ്ട്. വിവാഹജീവിതം പരാജയപ്പെട്ടാല്‍ ഏക പരിഹാരമാര്‍ഗം ആത്മഹത്യയല്ലെന്ന ലളിതസത്യമാണ് ഇതിന്റെ തത്വശാസ്ത്രം.
വിവാഹമോചനത്തിന്റെ ഘട്ടങ്ങള്‍ കര്‍മശാസ്ത്രപണ്ഡിതര്‍ നിര്‍ണയിച്ചിട്ടുണ്ട്. കിടപ്പുമുറിയിലെ ബഹിഷ്‌കരണം, ഉഭയകക്ഷി അനുരഞ്ജനം, ഒരു ത്വലാഖ് ചൊല്ലി ഭര്‍തൃഭവനത്തില്‍ ഭര്‍ത്താവിന്റെ ചെലവിലും സംരക്ഷണത്തിലും ദീക്ഷാകാലം താമസിപ്പിക്കല്‍ തുടങ്ങിയവയാണവ. ഈ കാലയളവില്‍ മാനസാന്തര സാധ്യതയുണ്ടങ്കില്‍ അതു സംഭവിക്കാന്‍ വേണ്ടിയാണിത്. ഇങ്ങനെ മൂന്ന് അവസരം നല്‍കുക വഴി പുരുഷനെയും സ്ത്രീയെയും ഇസ്‌ലാം പരിഗണിച്ചുവെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ബോധ്യമാകും.
വൈകാരികമായോ മറ്റോ ഒരാള്‍ ഈ മൂന്നവസരങ്ങളും ഒരുമിച്ചുപയോഗപ്പെടുത്തിയാല്‍ സാധ്യമാണെന്ന് എല്ലാ കര്‍മശാസ്ത്ര സരണിയും യോജിക്കുന്നു. ഈ മതകാര്യത്തില്‍ ഭരണകൂടങ്ങള്‍ക്കെന്താണു കാര്യം.
മുത്വലാഖ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ലോകത്ത് ഏറ്റവും കുറവു വിവാഹമോചനം മുസ്‌ലിംകളിലാണ്. സംതൃപ്തരായ വനിതകള്‍ മുസ്‌ലിംകളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യയുടെ അവസ്ഥയെന്താണ്. വിധവയെപ്പോലെ കഴിയുന്ന അവരെപ്പോലുള്ള അനേകലക്ഷം ഹിന്ദുസ്ത്രീകളുടെ കാര്യത്തില്‍ ബി.ജെ.പിക്കെന്തേ വേവലാതിയുണ്ടായില്ല. പിഡകരും പാരതന്ത്രകളുമായ അമുസ്‌ലിം സമൂഹത്തിലെ സ്ത്രീകളെക്കുറിച്ച് എന്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറങ്ങുന്നില്ല.
ബഹുഭാര്യത്വം
പ്രകൃതിപരമായ യാഥാര്‍ഥ്യങ്ങള്‍ പരിശോധിച്ചു വേണം തീര്‍പ്പുണ്ടാക്കാന്‍. യുദ്ധം കൂടുതല്‍ ഒറ്റപ്പെടുത്തുന്നതു സ്ത്രീകളെയാണ്. ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്കാണ്. ശരാശരിയില്‍ സ്ത്രീകളാണു മുന്നില്‍. സംരക്ഷണമാവശ്യമുള്ള വിഭാഗമെന്ന നിലയ്ക്ക് അനിവാര്യഘടകങ്ങളില്‍ പൂര്‍ണനീതി പുലര്‍ത്തി ബഹുഭാര്യത്വമാവാമെന്ന മതവിധി മാനിക്കാനുള്ള മനസ്സാണ് ഉണ്ടാവേണ്ടിയിരുന്നത്.
ബഹുഭാര്യത്വം അപൂര്‍ണമാണെന്നിരിക്കെ കേസ് കൂടാന്‍ വക്കീലിനെ തെരഞ്ഞു നടക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയും ധനസ്രോതസ്സും സംശയാസ്പദമാണ്. ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്ന കാലത്തോളം മതസ്വാതന്ത്ര്യം ഹനിക്കാനാവില്ല. മുസ്‌ലിം സമുദായത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് അപമാനിക്കാനുള്ള നീക്കം തിരിച്ചറിയാതെ പോകരുത്. ഫാസിസം പാലു കൊടുത്തു വളര്‍ത്തുന്നവരാണിവരൊക്കെയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സ്വത്തവകാശം
മുസ്‌ലിംസ്ത്രീകളുടെ സ്വത്തവകാശത്തിലും ഫാസിസത്തിന്റെ കണ്ണു സംശുദ്ധമല്ല. പെണ്ണിന്റെ ഭക്ഷണം, പാര്‍പ്പിടം, ചികിത്സ, വസ്ത്രച്ചെലവുകള്‍ തുടങ്ങിയവ പൂര്‍ണമായും പുരുഷന്റെ ബാധ്യതയായി ഇസ്‌ലാം നിര്‍ണയിച്ചിരിക്കുന്നു. അനന്തരാവകാശത്തില്‍ പകുതിയെന്നതു മാത്രം അടര്‍ത്തി വായിച്ചു അവഗണന കാണുന്നതു നീതിയല്ല.
ബ്രാഹ്മണസ്ത്രീകള്‍ക്ക് അനന്തരാവകാശമേയില്ല. പല ഹൈന്ദവജാതികളിലും സ്ഥിതി മറിച്ചല്ല. മതത്തിന്റെ സ്വകാര്യതകള്‍ മതവിശ്വാസികള്‍ സ്വയംവരിക്കുന്നതായിരിക്കെ പാളി നോക്കി പഴുതുണ്ടാക്കുന്നതു സദുദ്ദേശ്യപരമല്ല.
ഇമ്രാന്‍ ഖാനെ അവിശ്വസിക്കേണ്ടതില്ല
സാമ്പ്രദായിക രാഷ്ട്രീയക്കാരനല്ലാത്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അവിശ്വസിക്കേണ്ട കാര്യമില്ല. പാകിസ്താന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന അയല്‍ക്കാരല്ല. തീവ്രവാദികളെ വളര്‍ത്തി ഇന്ത്യയെ ശല്യപ്പെടുത്തുന്ന സ്വഭാവക്കാരാണ്. ഏഴു പതിറ്റാണ്ടുകൊണ്ടു പാകിസ്താനെ പാതാളത്തിലെത്തിച്ച പട്ടാളവും പാര്‍ട്ടികളും മാറിയിട്ടില്ലെങ്കിലും കളിക്കളത്തില്‍ നിന്നു വന്ന ഇമ്രാന്‍ ഖാന്‍ നല്ല സൂചന നല്‍കുന്നുണ്ട്.
കാന്‍സര്‍ രോഗത്തില്‍ മരിച്ച മാതാവിന്റെ സ്മരണാര്‍ഥം പാകിസ്താനില്‍ വലിയൊരു ആശുപത്രി തുറന്നാണ് ഇമ്രാന്‍ ഖാന്‍ പൊതുരംഗത്തേയ്ക്കു വരുന്നത്. ഉള്ളിലെവിടെയോ നന്മയുണ്ടെന്നുവേണം കരുതാന്‍. കേരളം പ്രളയത്തില്‍പെട്ടപ്പോള്‍ നമ്മുടെ കളിക്കാരും താരങ്ങളും നക്കാപിച്ച തന്നവരും തരാത്തവരും ഉണ്ടെന്നുകൂടി ഓര്‍ക്കണം.
ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിരോധ ചെലവ് ഊഹങ്ങള്‍ക്കപ്പുറത്താണ്. ഓഡിറ്റില്ലാത്ത, ബജറ്റ് നിര്‍ദേശമില്ലാത്ത ഈ ഭാരിച്ച പണമൊഴുക്കു നിയന്ത്രിക്കാന്‍ സൗഹൃദാന്തരീക്ഷം ഇടയാവും. ഇതു യുദ്ധങ്ങളുടെ കാലമല്ല, സമാധാനത്തിന്റേതാവണം. മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കോളമെത്തിയ ഉത്തര കൊറിയന്‍, അമേരിക്കന്‍ ഭരണാധികാരികളുടെ വാക്‌പോര് ഒരു മേശയ്ക്കിരുവശവും ഇരുന്നപ്പോള്‍ സമാധാനച്ചര്‍ച്ചയായി മാറി. ദോക്‌ലാമില്‍ ഇന്ത്യന്‍, ചൈനീസ് പട്ടാളക്കാര്‍ ഗുസ്തി പിടിച്ചതു നാം കണ്ടതാണ്.
ഫലസ്തീന്‍ പോലെ കശ്മീരിലും എല്ലാ ദിവസവും മനുഷ്യര്‍ കൊല്ലപ്പെടുന്നു. ജവാന്മാര്‍ വീരമൃത്യു വരിക്കുന്നു. അനേകായിരം കുഞ്ഞുങ്ങള്‍ അനാഥരും പെണ്ണുങ്ങള്‍ വിധവകളുമാവുന്നു.
പകയും ഈഗോയും വാശിയും വെടിഞ്ഞു പരസ്പരം സംസാരിച്ചാല്‍ ഈ ഉപഭൂഖണ്ഡത്തിലും ശാന്തി പുലരാതിരിക്കില്ല. സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും പാക് പ്രധാനമന്ത്രിയും മനസറിഞ്ഞു സംസാരിച്ചാല്‍ മഞ്ഞുരുകാതിരിക്കില്ല. അടല്‍ബിഹാരി വാജ്‌പേയ് തുറന്നുവച്ച ചര്‍ച്ചയുടെ വാതില്‍ കൊട്ടിയടച്ചുകൂടാ.
പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിക്കയച്ച കത്ത് നല്ല തുടക്കമാവട്ടെ. നല്ല അയല്‍പക്കക്കാര്‍ നന്മ വളര്‍ത്തും. ചൈന, മ്യാന്‍മര്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ അയല്‍ക്കാരുമായി സ്‌നേഹോഷ്മള സൗഹൃദം ഇന്ത്യയെ വന്‍ ശക്തിയാക്കി വളര്‍ത്തും. തീവ്രവാദം തടയാനും പരസ്പരവിശ്വാസം വളര്‍ത്താനും സാധിച്ചാല്‍ അതായിരിക്കും വര്‍ത്തമാനത്തിന്റെ രാജനീതി.
മുല്ലപ്പള്ളി ഓടിപ്പോകരുത്
ഗ്രൂപ്പുരഹിത അധ്യക്ഷന് ആഭ്യന്തരസഹായം ഒരുക്കാന്‍ കാലാള്‍പ്പട കാണില്ല. സുധീരാനുഭവം മുല്ലപ്പള്ളിക്കുണ്ടാവരുത്. വര്‍ക്കിങ് പ്രസിഡന്റുമാര്‍ കാല്‍ഡസനാണെങ്കിലും എവിടെയോ ഒരു സംഘടനാ മിസ്റ്റിക്ക് ബാക്കിയുണ്ട്. നോമിനേഷന്‍ പാര്‍ട്ടിയുടെ ജന്മദോഷമാണെങ്കിലും 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ പരസ്പരം തോല്‍പിക്കാനാവരുത് മത്സരം. കോണ്‍ഗ്രസ്സിനെ ഇന്നോളം തോല്‍പിച്ചതു കോണ്‍ഗ്രസാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കടത്തനാടന്‍ അടവറിയുന്ന രാഷ്ട്രീയക്കാരനാണെങ്കിലും കടത്തിവെട്ടാന്‍ കരുത്തുള്ള സുധാകരനും ചാണ്ടിയുമൊക്കെ നിര്‍ജീവമാവില്ലെന്നുകൂടി ഓര്‍ക്കണം. കോണ്‍ഗ്രസിന് നല്ലതു വരാനാണ് മതേതരവിശ്വാസികള്‍ ആഗ്രഹിക്കുന്നത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.