
കോഴിക്കോട്: പ്രളയത്തിനിടെ പ്രായമേറിയ സ്ത്രീകളെയടക്കം ബോട്ടില്‍ കയറ്റാന്‍ മുതുക് ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജയ്്‌സലിനു ലഭിച്ചത് മഹീന്ദ്രയുടെ പുതുപുത്തന്‍ കാര്‍. മഹീന്ദ്രയും വിതരണക്കാരായ ഇറാം മോട്ടോഴ്‌സും ചേര്‍ന്നാണ് കാര്‍ ജയ്‌സലിന് സമ്മാനമായി നല്‍കിയത്.
മഹീന്ദ്ര കഴിഞ്ഞ ദിവസം മാത്രം പുറത്തിറക്കിയ മറാസോ കാറാണ് ഇന്നലെ കോഴിക്കോട്ട് നടന്ന ചടങ്ങില്‍ എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ജയ്‌സലിന് കൈമാറിയത്. ജയ്‌സലിന് കാര്‍ നല്‍കികൊണ്ട് മറാസോയുടെ വിപണനോദ്ഘാടനം നിര്‍വഹിക്കാന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും വിതരണക്കാരായ ഇറോം മോട്ടോഴ്‌സും തീരുമാനിക്കുകയായിരുന്നു.
കാര്‍ സമ്മാനമായി ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച ജയ്‌സല്‍ വാഹനം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ ഉപയോഗിക്കുമെന്ന് പറഞ്ഞു.
ജില്ലാ കലക്ടര്‍ യു.വി ജോസ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയരക്ടരുമായ സിദ്ദീഖ് അഹമ്മദ്, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, എന്‍.സി അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.