2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുട്ടുവേദനയ്ക്ക്‌ ഫിസിയോതെറാപ്പി പരിഹാരം

ഇന്ന് സമൂഹത്തില്‍ ഏറെ കേള്‍ക്കുന്ന ആരോഗ്യ പ്രശ്‌നമാണ് കാല്‍മുട്ടുവേദന. കുറച്ച് നടക്കുമ്പോഴേക്കും വേദനകൊണ്ട് കാല്‍ മുറിഞ്ഞ് പോകുന്നത് പോലെ തോന്നുക, പടികള്‍ കയറുവാനും ഇറങ്ങുവാനും പ്രയാസം അനുഭവപ്പെടുക, കാല്‍ മടക്കിഇരിക്കുവാന്‍ കഴിയാതിരിക്കുക, നീരുവന്ന് കാല്‍മുട്ട് വണ്ണം വയ്ക്കുക, മുട്ടില്‍നിന്ന് ശബ്ദം കേള്‍ക്കുക ഇങ്ങനെയുള്ള രോഗികളുടെ വിവരണങ്ങള്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍ കിലോമീറ്ററുകള്‍ നടന്നിരുന്ന മുന്‍തലമുറയില്‍ ഇത്തരം രോഗങ്ങള്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തതായിരുന്നു. നടത്തം കുറയുകയും ശരാശരി ശാരീരിക അധ്വാനം കുറയുകയും ചെയ്ത പുതിയ തലമുറയില്‍ ഈ പ്രയാസങ്ങള്‍ കൂടുതലാണുതാനും. എന്താണ് ഇത്തരത്തില്‍ രോഗങ്ങള്‍ കൂടുവാനുള്ള കാരണം എന്ന് അന്വേഷിച്ചിട്ടുണ്ടോ.?

 

കാരണങ്ങള്‍

1) അമിതവണ്ണം: നമ്മുടെ ശരീരഭാരത്തെ താങ്ങി നിര്‍ത്തുന്നത് രണ്ട് കാല്‍മുട്ടിലൂടെയാണല്ലോ? അമിത വണ്ണമുള്ളവരില്‍ മുട്ടില്‍ താങ്ങി നിര്‍ത്താനുള്ള ബലം കുറയുന്നു. ഇതുമൂലം മുട്ടിനുചുറ്റുമുള്ള പേശികള്‍ക്ക് ബലക്കുറവും അതോടൊപ്പം വേദനയും അനുഭവപ്പെടുന്നു. അമിതവണ്ണത്തിന്റെ പ്രധാന കാരണം വ്യായാമമില്ലായ്മയും ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മയും തന്നെയാണ്.
2) യൂറിക് ആസിഡ്, കൊളസ്‌ട്രോള്‍ പോലെയുള്ള ജീവിത ശൈലികള്‍
3)സന്ധിക്കുണ്ടാകുന്ന അണുബാധകള്‍
4)വാതസംബന്ധമായ പ്രശ്‌നങ്ങള്‍
5) മുട്ടിലുണ്ടാകുന്ന പൊട്ടലുകള്‍, ചതവുകള്‍
6)എല്ലു തേയ്മാനം
7) മുട്ടിലെ ലിഗമെന്റ്, കാര്‍ട്ടിലേജ്, ബേഴ്‌സാ എന്നിവയ്ക്കുണ്ടാകുന്ന അണുബാധ, ക്ഷതം എന്നിവയും മുട്ടുവേദനയ്ക്ക് കാരണമാകും.

 

പലരോഗികളും പറയുന്നതുകേള്‍ക്കാം മരുന്ന് കഴിച്ചുകഴിച്ചു മടുത്തു, വേദന മാറുന്നില്ല. ഇതുപോലെ തന്നെയാണ് ഓപ്പറേഷന്‍ ചെയ്ത പലരുടെയും അനുഭവം. ഈ സാഹചര്യത്തിലാണ് ഒരു ശാശ്വത പരിഹാരം എന്ന ചോദ്യം ഉയരുന്നത്. നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളോടൊപ്പം ശാസ്ത്രീയ ഫിസിയോതെറാപ്പി ചികിത്സ തുടരുകയാണെങ്കില്‍ മുട്ടുവേദന എന്ന പ്രയാസത്തെ അകറ്റാവുന്നതാണ്.

 

ഫിസിയോതെറാപ്പി

നമ്മളില്‍ പലരും ഫിസിയോതെറാപ്പി എന്ന വൈദ്യശാഖയെ വേണ്ടവിധം മനസിലാക്കാത്തവരാണ്. മാന്വല്‍ തെറാപ്പി, ഇലക്ട്രോണിക് തെറാപ്പി, വ്യായാമ ചികിത്സ, മാനിപ്പുലേഷന്‍ ഇവയിലൂടെ വൈകല്യങ്ങള്‍ പരിഹരിക്കാനും ചലനശേഷിയും പ്രവര്‍ത്തനക്ഷമതയും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന വൈദ്യശാസ്ത്രശാഖയാണ് ഫിസിയോതെറാപ്പി.
വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് മുതല്‍തന്നെ ഫിസിയോതെറാപ്പിക്കുള്ള പ്രേരണ തുടങ്ങിയവര്‍ മസാജിങ്, മാന്വല്‍ തെറാപ്പി, ഹൈഡ്രോതെറാപ്പി എന്നീ ചികിത്സകളെ പരിപോഷിപ്പിച്ചവരും പ്രോത്സാഹിപ്പിച്ചവരുമായിരുന്നു. വിവിധ രാജ്യങ്ങളില്‍ പല പേരുകളിലായി ഈ ശാസ്ത്രം പുരോഗമനം പ്രാപിക്കുകയുമുണ്ടായി.
ഉഴിച്ചില്‍ മസാജിങ് എന്ന പേരില്‍ പലപല രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ രൂപങ്ങളില്‍ ഇത് പ്രചാരത്തില്‍ വരുകയും ചെയ്തു. പിന്നീട് ശാസ്ത്രത്തിന്റെ പുരോഗതിക്കനുസരിച്ച് മാറ്റങ്ങള്‍ വരികയും അത് ക്രോഡീകരിച്ച് ഒരു വൈദ്യശാസ്ത്ര രൂപത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഇന്ന് വ്യവസ്ഥാപിതമായ സ്ഥാപനങ്ങള്‍ ഇത് പഠിപ്പിക്കുകയും കൃത്യമായ യോഗ്യതയും പരിശീലനവും സിദ്ധിച്ചവര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നുണ്ട്.

 

രീതിയും നേട്ടങ്ങളും

രോഗിയുടെ പ്രയാസങ്ങളെപ്പറ്റിയും വേദനയുടെ കാരണങ്ങളെപ്പറ്റിയും ശരിയായി മനസിലാക്കിയശേഷം ചികിത്സ തുടങ്ങുന്നു. വിവിധതരം ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തെറാപ്പി ചെയ്യുന്നത്. ഇത് വേദനയെയും വീക്കത്തെയും കുറയ്ക്കുന്നു. ഇതോടെ രോഗിക്ക് നടക്കാനും മുട്ട് മടക്കാനുമുള്ള ബുദ്ധിമുട്ട് കുറയുകയും ചെയ്യുന്നു.
തെറാപ്പിസ്റ്റ് മുട്ടിലെ പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ പഠിപ്പിച്ച് കൊടുക്കുന്നു. അതോടൊപ്പം രോഗി സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു.
1)വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.
2)പല കേസുകളില്‍ ഓപ്പറേഷന്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.
3)മരുന്നുകളില്‍ നിന്ന് ശാശ്വത മുക്തി നേടാന്‍ സഹായിക്കുന്നു.
4)നടത്തത്തിനും എഴുന്നേറ്റ് നില്‍ക്കുന്നതിനും നടക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചവര്‍ക്ക് ഇവ ഒഴിവാക്കാന്‍ ഫലപ്രദം.
5)പാര്‍ശ്വഫലങ്ങള്‍ ഇല്ല.
6)ശരീരത്തിന്റെ സ്വാഭാവികത, ചലനാത്മകത എന്നിവ തിരികെ കിട്ടാന്‍ സഹായിക്കുന്നു.
7)ചികിത്സയുടെ കാലദൈര്‍ഘ്യം കുറയ്ക്കാന്‍ സഹായിക്കുന്നു.
8)പാര്‍ശ്വഫലങ്ങളില്ല.
9)വേദനയ്ക്ക് ശാശ്വത പരിഹാരം നല്‍കുന്നു.
10)മറ്റ് മരുന്നുകളുടെ കൂടെ ഫലപ്രദമായി തുടരാന്‍ കഴിയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.