2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘം പിടിയില്‍

കല്ലമ്പലം: സ്വര്‍ണ പണയ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കുന്ന സംഘം പിടിയിലായി. കടയ്ക്കല്‍, മതിര കിഴുനില പാറവിള വീട്ടില്‍ റഹീമിന്റെ (30) നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. പള്ളിക്കല്‍ എല്‍.പി.എസിന് സമീപം നാസിം മന്‍സിലില്‍ ബഹദൂര്‍ എന്ന് വിളിക്കുന്ന നവാസ് (55), പള്ളിക്കല്‍ മുക്കംകോട് വാഴവിള വീട്ടില്‍ അലിഫുദീന്‍ (59), മടവൂര്‍, തുമ്പോട് ജെ.എന്‍ മന്‍സിലില്‍ അസ്‌ലം (20), മടവൂര്‍, സീമന്തപുരം നക്രാംകോണം അന്‍സര്‍ മന്‍സിലില്‍ അക്ബര്‍ (20) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. പള്ളിക്കല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫൈനാന്‍സ് ലിമിറ്റഡ്, മഹാലക്ഷ്മി ഫൈനാന്‍സിയേഴ്‌സ്, പകല്‍ക്കുറിയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേഷ് ഫൈനാന്‍സ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് പ്രതികള്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയത്. പ്രതികള്‍ പണയം വച്ച മുക്കുപണ്ടങ്ങള്‍ യഥാര്‍ഥ സ്വര്‍ണത്തെപ്പോലും വെല്ലുന്ന തരത്തിലുള്ളതാണ്. അതുകൊണ്ട് സ്ഥാപനങ്ങളിലെ ആധുനിക ഗുണമേന്മാ പരിശോധനകളില്‍ പോലും ഇവ വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാം പ്രതിയായ റഹീം സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ സമാന കുറ്റത്തിന് പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ആറ്റിങ്ങല്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ വിവിധ ജില്ലകളില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെ കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തിയാല്‍ മറ്റ് തട്ടിപ്പുകളും തെളിയിക്കാനാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പള്ളിക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ഡി.മിഥുന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി. ഗംഗാപ്രസാദ്, റൂറല്‍ ഷാഡോ ടീമിലെ ബി. ദിലീപ്, പള്ളിക്കല്‍ സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജിഷി ബാഹുലേയന്‍, ഷാന്‍, അനീഷ്, ശ്രീരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.