
നീലേശ്വരം: കിനാനൂര്‍ കരിന്തളം – കയ്യൂര്‍ ചീമേനി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുക്കട പാലം നിര്‍മിച്ചു പത്തുവര്‍ഷം കഴിഞ്ഞിട്ടും ഇതുവഴി ബസ് സര്‍വിസ് ആരംഭിച്ചില്ല. മലയോരത്തു നിന്നു ചീമേനി, പയ്യന്നൂര്‍, ചെറുവത്തൂര്‍, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴികൂടിയാണ് ഈ പാലം.
പാലം വരുന്നതോടെ ബസ് സര്‍വിസ് ആരംഭിക്കുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. വര്‍ഷങ്ങള്‍ക്കു മുന്‍പ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പയില്‍ നിന്നു ചീമേനി, പയ്യന്നൂര്‍ വഴി പറശ്ശിനിക്കടവിലേക്കു ഒരു കെ.എസ്.ആര്.ടി.സി ബസ് അനുവദിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ മാത്രമേ ഇത് ഓടിയുള്ളൂ. ഇതുവഴി ബസില്ലാത്തതിനാല്‍ മലയോര ജനത കിലോമീറ്ററുകള്‍ സഞ്ചരിച്ചു നീലേശ്വരത്തെത്തിയാണ് കണ്ണൂര്‍ ഭാഗങ്ങളിലേക്കു പോകുന്നത്.
ചീമേനി ഐ.എച്ച്.ആര്.ഡി, തൃക്കരിപ്പൂര്‍ എന്‍ജിനിയറിങ് കോളജ്, പയ്യന്നൂര്‍ പാസ്പോര്‍ട്ട് ഓഫിസ്, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെത്താന്‍ 25 കിലോമീറ്ററുകളോളം അധികം യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്. പയ്യന്നൂരില്‍ നിന്നു ചീമേനി, പള്ളിപ്പാറ, മുക്കട വഴി പരപ്പയിലേക്കും വെള്ളരിക്കുണ്ടിലേക്കും ബസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.