
അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് യു.എ.ഇയില്‍ പരിശീലനം ആരംഭിച്ചു. ഏഴ് ദിവസത്തെ ക്വാറന്റൈന് വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് മുംബൈ താരങ്ങള്‍ നെറ്റ്സില്‍ പരിശീലനം ആരംഭിച്ചത്. യു.എ.ഇയില്‍ കനത്ത ചൂടായതിനാല്‍ വൈകുന്നേരമാണ് താരങ്ങള്‍ പരിശീലനം നടത്തുന്നത്. മുംബൈ നായകന് രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബൂംറ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് അഞ്ച് മാസമായി താരങ്ങളെല്ലാം വീടുകളിലായിരുന്നു.
മുഖ്യ പരിശീലകന് മഹേല ജയവര്‍ധന,ബൗളിങ് കോച്ച് സഹീര്‍ ഖാന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലനം. ശക്തമായ താരനിരയാണ് ഇത്തവണയും ടീമിനൊപ്പമുള്ളത്. ടീമിന്റെ പേസര്‍മാരിലൊരാളായ ലസിത് മലിംഗയ്ക്ക് ഈ സീസണിലെ പകുതിയിലധികം മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബൂംറ, ട്രന്റ് ബോള്‍ട്ട്, മിച്ചല്‍ മഗ്ലെങ്ങന്‍, ധവാല്‍ കുല്‍ക്കര്‍ണി, നഥാന്‍ കോള്‍ട്ടര്‍നെയ്ല്‍ തുടങ്ങിയ മികച്ച പേസ് നിര ഇത്തവണ മുംബൈയ്ക്കൊപ്പമുണ്ട്.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പമെത്താന്‍ വൈകും.ഇതിനിടെ സി.എസ്.കെ ക്യാംപില്‍ കൊവിഡ് വ്യാപനം തുടരുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇതിനോടകം 13ന് മുകളില്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ സി.എസ്.കെ താരങ്ങള്‍ പരിശീലനം ആരംഭിക്കാന്‍ ഇനിയും വൈകും. സി.എസ്.കെ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഐ.പി.എല്‍ ഷെഡ്യൂളും വൈകുമെന്നാണ് വിവരം.