2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മിഷന്‍ പ്ലസ്‌വണ്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

പനമരം: ഹയര്‍ സെക്കന്‍ഡറി ഏകജാലക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സൗജന്യ സേവനം നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന നൂതന പദ്ധതി മിഷന്‍ പ്ലസ് വണ്ണിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ 2016-17 ബജറ്റില്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പ്രത്യേക പദ്ധതിയാണ് മിഷന്‍ പ്ലസ് വണ്‍. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു.
 വിദ്യാഭ്യാസത്തിലൂടെ അറിവ് നേടിയാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പിന്നാക്കാവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ നല്‍കിവരുന്ന സേവനങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കൂടുതലുള്ള ജില്ലയില്‍ പത്താംതരം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് യോഗ്യത നേടിയാലും തുടര്‍ വിദ്യാഭ്യാസം സാധിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായി വിദ്യാഭ്യാസമേഖലയില്‍ മാതൃകാപരമായ പദ്ധതിയെന്ന നിലയിലാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും അവര്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷനായി.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി മുഖ്യപ്രഭാഷണം നടത്തി. മനോജ് ജോണ്‍ ഏകജാലക സംശയ ദൂരീകരണ സെമിനാര്‍ അവതരിപ്പിച്ചു. ജില്ലയില്‍ ഇത്തവണ 12000ത്തോളം വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പഠനത്തിന് യോഗ്യത നേടിയത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാതിരിക്കുന്നതിനാലും രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ സംഭവിക്കുന്ന തെറ്റുകള്‍ കാരണവും നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ നഷ്ടമാകാറുണ്ട്.

 ഉപരിപഠനത്തിന് യോഗ്യത നേടിയ പട്ടികവര്‍ഗ-പട്ടികജാതി-മറ്റു പിന്നാക്ക വിഭാഗങ്ങളിലേതടക്കം മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഹയര്‍ സെക്കന്‍ഡറി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കും. കൃത്യമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി കരിയര്‍-സൗഹൃദ കോഡിനേറ്റര്‍മാരുടെയും അധ്യാപകരുടെയും സേവനവും രജിസ്‌ട്രേഷന്‍ നടത്തുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയിലൂടെ സൗജന്യ സേവനവും ലഭ്യമാകും.

 ജില്ലയിലെ മുഴുവന്‍ മുന്‍സിപ്പല്‍ കേന്ദ്രങ്ങളിലും പിന്നോക്ക പ്രദേശങ്ങളിലും സേവനം ലഭിക്കും. സേവനം നല്‍കുന്നതിന് ഓരോ സെന്ററുകളിലും അസാപ് ഫ്രണ്ട് ഓഫിസ് ട്രെയിനികള്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പ്രവേശനം ഉറപ്പാക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പ്, സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. ഏകദേശം 90ഓളം മിഷന്‍ പ്ലസ് വണ്‍ കേന്ദ്രങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തയാറാക്കിയിട്ടുള്ളത്. ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ ഏഴിനും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 13നും പ്രസിദ്ധീകരിക്കും.
 പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും. പരിപാടിയില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ അനില്‍ കുമാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് ുമാര്‍, പനമരം പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രഭാകരന്‍, പി ഇസ്മയില്‍, പി.ടി.എ പ്രസിഡന്റ് കുഞ്ഞമ്മദ്, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ ബിബിന്‍,  വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ താജ് മന്‍സൂര്‍, പ്രിന്‍സിപ്പല്‍മാരായ കെ.കെ വര്‍ഗ്ഗീസ്, എം അബ്ദുല്‍ അസീസ്, ജയരാജ് മീത്തലത്ത്, കോഡിനേറ്റര്‍മാരായ സി.ഇ ഫിലിപ്, കെ.ബി സംസാരിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.