2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മിന്നല്‍: അരൂക്കുറ്റിയില്‍ പ്ലാസ്റ്റിക് ഗോഡൗണ്‍ കത്തിനശിച്ചു; ആളപായമില്ല

പൂച്ചാക്കല്‍: അരൂക്കുറ്റിയില്‍ 1008ന് സമീപത്തെ പ്ലാസ്റ്റിക് ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം മിന്നലില്‍ കത്തി നശിച്ചു. 28 ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചതായി നടത്തിപ്പുകാര്‍ പറഞ്ഞു. എറണാകുളം വെണ്ണല, ചളിക്കവട്ടം കണിയാവേലി വീട്ടില്‍ ഹാഷിമിന്റെ ഉടമസ്തതയില്‍ ഉള്ള പ്ലാസ്റ്റിക് ഗ്രൈന്റിങ്് യൂനിറ്റാണിത്. ഇയാള്‍ വിദേശത്തായതിനാല്‍ ഭാര്യാപിതാവ് മൈസൂര്‍ സ്വദേശിയായ ബാബുവാണ് സ്ഥാപനം നടത്തുന്നത്. ബോംബെയിലേക്കുള്ള പ്ലാസ്റ്റിക്ചിപ്‌സ് ലോഡ് ഇന്നലെ കയറ്റി അയക്കുന്നതിന് തയാറാക്കി വച്ചിരുന്നതാണ് കത്തി നശിച്ചത്. ഇന്നലെ വെളുപ്പിന് രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഈ സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. ചെറിയ മഴയോടു കൂടിയ ഇടിയും മിന്നലും ഉണ്ടായിരുന്നു.
സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെഡിന്റെ ഇരുമ്പു തൂണു വഴി മിന്നല്‍ ഏറ്റതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ സമയം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ ഉറങ്ങുകയായിരുന്നു. ഇവര്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ തീ കത്തുന്നത് കണ്ടതോടെ ഗോഡൗണില്‍ നിന്നും പുറത്തിറങ്ങി. അയല്‍വാസികളെ വിളിച്ചുണര്‍ത്തി. അയല്‍വാസികളാണ് പൊലിസിനെയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചത്.
അരൂരില്‍ നിന്നും ഫയര്‍ ആന്റ് റസ്‌ക്യൂ വാഹനം എത്താന്‍ ഒരു മണിക്കൂറോളം വൈകിയതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനിടയില്‍ നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. അരൂരില്‍ നിന്നും എത്തിയ വാഹനത്തിന് തീ നിയന്ത്രിക്കാനാകാതെ വന്നതോടെ ചേര്‍ത്തല, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും അടക്കം ഫയര്‍ ആന്‍ഡ് റസ്‌ക്യുവിന്റെ ടാങ്കര്‍ ഉള്‍പ്പെടെ ഏഴ് വാഹനങ്ങള്‍ എത്തി രാവിലെ 7.00 മണിയോടെയാണ് തീ പൂര്‍ണ്ണമായും അണക്കാനായത്.
പ്ലാസ്റ്റിക് ആക്രി സാധനങ്ങളാണ് ഇവിടെ ശേഖരിക്കുന്നത്. പ്ലാസ്റ്റിക് ഗ്രൈന്റിങ് യൂനിറ്റായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക്‌ഗ്രൈന്റ് ചെയ്ത് സൂക്ഷിച്ചിരുന്ന പത്ത് ടണ്‍ ചിപ്‌സ് കത്തി നശിച്ചു. കൂടാതെ ഇവിടെ കൂട്ടിയിട്ടിരുന്ന മറ്റ് ആക്രി സാധനങ്ങളും ഗ്രൈന്റിംഗ് മെഷീന്‍ ഉള്‍പ്പെടെ കത്തിനശിച്ചവയില്‍ പെടും. തീപിടിത്തത്തിനിടയില്‍ നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന ചിപ്‌സുകള്‍ കുറെ എടുത്ത് മാറ്റിയതിനാല്‍ തീപിടിത്തത്തിന്റെ വ്യാപ്തി കുറക്കാനായി.
ഗോഡൗണ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. അരൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ കെ.വി.മനേഹരന്‍, ചേര്‍ത്തല സ്റ്റേഷന്‍ ഓഫിസര്‍ പ്രസാദ്, ഫയര്‍മാന്‍മാരായ സുമേഷ്, ശ്രീ ദാസ് ,രാധാകഷ്ണന്‍ മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണക്കല്‍ നടന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.