2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാവോവാദികള്‍ക്കെതിരായ നയം പുനഃപരിശോധിക്കും: രാജ്‌നാഥ് സിങ്

റായ്പൂര്‍: ഛത്തിസ്ഗഡില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാവോവാദികള്‍ക്കെതിരായ സര്‍ക്കാരിന്റെ നയം പുനഃപരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ജവാന്മാര്‍ക്കുനേരെയുണ്ടായ ആക്രമണത്തെ വെല്ലുവിളിയായിതന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്നും മന്ത്രി അറിയിച്ചു.
മാവോവാദി ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള സി.ആര്‍.പി.എഫ് ജവാന്മാരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. ആക്രമണം നടന്ന സാഹചര്യത്തില്‍ ഛത്തിസ്ഗഡില്‍ സന്ദര്‍ശനം നടത്തിയ ആഭ്യന്തര മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തുകയും മാവോവാദികള്‍ക്കെതിരായ നയം പുനഃപരിശോധിക്കുമെന്നും അറിയിച്ചു. മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ കൂടുതല്‍ സൈനികരെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അക്രമികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി സ്വീകരിക്കുകയാണ്. അവരൊരിക്കലും വിജയിക്കില്ല. അവര്‍ക്കെതിരായ തന്ത്രങ്ങള്‍ പുനഃക്രമീകരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത മാസം എട്ടിന് മാവോവാദി സ്വാധീനം കൂടുതലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഡി.ജി.പിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു.
ഛത്തിസ്ഗഡിലെ ആംഡ് ഫോഴ്‌സ് ക്യാംപിലെത്തിയ മന്ത്രി, മരിച്ച സി.ആര്‍.പി.എഫ് ജവാന്മാരുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്ഥാന ഗവര്‍ണര്‍ ബാല്‍രാംജി ദാസ് ടാന്‍ഡന്‍, മുഖ്യമന്ത്രി രമണ്‍ സിങ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് ആഹിര്‍ തുടങ്ങിയവരും സി.ആര്‍.പി.എഫ് ക്യാംപിലെത്തിയിരുന്നു.
ഛത്തിസ്ഗഡില്‍ മാവോവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ-ഛത്തിസ്ഗഡ് അതിര്‍ത്തിയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായി ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു. അതിര്‍ത്തിയോടു ചേര്‍ന്ന മല്‍ക്കാന്‍ഗിരി പൊലിസ് സ്റ്റേഷനിലേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി പൊലിസ് സൂപ്രണ്ട് മിത്രഭാനു മൊഹാപത്ര അറിയിച്ചു. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതിനൊപ്പം മല്‍ക്കാന്‍ഗിരി ജില്ലയില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശ്-ഒഡിഷ അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.