2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാലിന്യ നിക്ഷേപകേന്ദ്രമായി വേമ്പനാട്ടുകായല്‍; അപകട ഭീഷണിയില്‍ ജീവജാലങ്ങള്‍

കോട്ടയം: മനുഷ്യന്റെ അനാവശ്യമായ ഇടപെടല്‍ വേമ്പനാടു കായലിനെ മാലിന്യ വാഹിനിയാക്കുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ദൈനംദിനം കായിലേക്ക് തള്ളുന്നത് ഏറുകയാണ്.
ഇത്തരത്തില്‍ കായല്‍ മാലിന്യവാഹിനിയാകുമ്പോള്‍ ജീവജാലങ്ങളും ഭീഷണി നേരിടുന്നുവെന്ന് പഠനങ്ങള്‍. മത്സ്യ സമ്പത്ത് ഏറെയുള്ള കായലില്‍ പ്ലാസ്റ്റിക് മാലിന്യം ഏറുന്നത് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.കായല്‍ മാലിന്യവാഹിനിയായി മാറിയതോടെ അടിഞ്ഞുകൂടിയ മാലിന്യം കക്കാവാരല്‍ തൊളിലാളികള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
നൂറുകണക്കിന് തൊഴിലാളികളാണ് വേമ്പനാട്ടുകായലിനെ ആശ്രയിച്ച് ജീവിക്കുന്നത്. കായലില്‍ മണിക്കൂറുകളോളമുള്ള അധ്വാനം തങ്ങളെ രോഗികളാക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. കായലിലൂടെ സഞ്ചാരം നടത്തുന്ന വീട് വഞ്ചിയില്‍ നിന്നും അനുദിനം വെള്ളത്തിലേക്ക് ഇന്ധനം കലരുന്നതും ജലം അശുദ്ധമാകാന്‍ കാരണമാകുന്നു.
നിലവില്‍ വീട് വഞ്ചികള്‍ വര്‍ധിചു വരുന്ന സാഹചര്യത്തില്‍ വെള്ളത്തിലേക്ക് പുറന്തള്ളുന്ന ഇന്ധനങ്ങളുടെയും മാലിന്യങ്ങളുടെയും തോത് കൂടുന്നുണ്ട്. ഇത്തരത്തില്‍ ഒരുഭാഗത്തൂടെ ടൂറിസം വികസിക്കുമ്പോള്‍ മറുഭാഗത്തൂടെ പ്രകൃതിയെയും ജലാശയത്തെയും മനുഷ്യര്‍ നശിപ്പിക്കുകയാണെന്ന്  പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. റിസോര്‍ട്ടുകള്‍, ഹൗസ്‌ബോട്ടുകള്‍ തുടങ്ങിയവയില്‍നിന്നുള്ള മാലിന്യം കായലിനെ വിഷമയമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഏറെ കാലപ്പഴക്കമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ബോട്ടുകളില്‍നിന്ന് വെള്ളത്തില്‍ കലരുന്ന ഇന്ധനവും  തൊഴിലാളികള്‍ക്കും ജീവജാലങ്ങള്‍ക്കും വെല്ലുവിളിയാണ്. ഏഴടിവരെ താഴ്ചയില്‍ വേമ്പനാട്ടുകായലില്‍ മുങ്ങി ചെളികുത്തിമാറ്റിയാണ് തൊഴിലാളികള്‍ വെള്ള കക്കാവാരുന്നത്. ഇതിന് ഏകദേശം നാലുമണിക്കൂറെങ്കിലും വേണം.  കാലങ്ങളായി ഇത്തരത്തില്‍ ജോലി ചെയുന്നവര്‍ക്ക്  കേള്‍വിക്കുറവും തലച്ചോറില്‍ അണുബാധയും അടക്കമുള്ളവ ഉണ്ടാകുന്നതായി പറയുന്നു. ഇതിനു മുന്‍പും സമാനരീതിയിലുള്ള അസുഖം കക്കാവാരല്‍ തൊഴിലാളികള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കൂടാതെ ഇയര്‍ ബാലന്‍സിങ് പ്രശ്‌നവും പലര്‍ക്കുമുണ്ടാകുന്നു.
മാലിന്യം കുമിഞ്ഞുകൂടി  വെള്ളം മലിനമായതോടെ   വ്യാപകമായി ആമകള്‍  ചത്തുപൊങ്ങുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.  മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് കായല്‍ വെള്ളത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്നു. ഹൗസ്‌ബോട്ടുകളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യം കൂടാതെ തണ്ണീര്‍മുക്കം ഭാഗത്ത് ബണ്ട് റോഡിലെ വഴിയരികില്‍  സ്ഥാപിച്ചിരിക്കുന്ന  ചെറുബങ്കുകളില്‍നിന്നുള്ള മാലിന്യം തള്ളുന്നതും വേമ്പനാട്ടുകായലിലേക്ക് തന്നെ. കരിക്കിന്റെയും തണ്ണിമത്തന്റെയും തൊണ്ടുകളും പസ്റ്റിക് ുകപ്പികളുമാണ് വ്യാപകമായി ഹൗസ് ബോട്ടുകളില്‍ നിന്നും പുറംതള്ളുന്നത്.  മാലിന്യം ശേഖരിക്കാനോ സംസ്‌കരിക്കാനോ സംവിധാനമില്ല.
ഇത്തരത്തില്‍ മലീമസമായ കായലിലാണ് തൊഴിലാളികള്‍ ഒരു സുരക്ഷാസംവിധാനവും ഇല്ലാതെ ജോലി നോക്കുന്നത്.  ദിവസവും പണി ചെയുന്നത് കൊണ്ടുവേണം പലര്‍ക്കും ഒരു ദിവസം ജീവിതം കഴിയാന്‍. ഒരു പുരുഷായുസുമുഴുവന്‍ വെള്ളത്തില്‍ കഴിയുന്ന ഇവര്‍ സമ്പാദിക്കുന്നത് രോഗങ്ങള്‍ മാത്രമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.