2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

മാലിന്യസംസ്‌കരണം തഥൈവ തദ്ദേശഭരണം ഉറക്കത്തില്‍


ഇന്നലെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആശുപത്രിയില്‍ കുന്നുകൂടി കിടക്കുന്ന മദ്യക്കുപ്പികള്‍ കണ്ട് അമ്പരന്നുപോയത്രേ. തിരുവനന്തപുരം ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമായതിനെത്തുടര്‍ന്നായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ആശുപത്രി എത്രത്തോളം ശുചിത്വം പാലിക്കുന്നുവെന്നറിയാനാണു മന്ത്രിയെത്തിയത്. പത്തുമണി കഴിഞ്ഞിട്ടും ആശുപത്രി സൂപ്രണ്ട് എത്തിയിരുന്നില്ല.
ഇതാണ് കേരളത്തിലെ മൊത്തം സര്‍ക്കാര്‍ ആശുപത്രികളുടെയും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും അവസ്ഥ. മതിയായ രൂപത്തില്‍ കാര്യം നടക്കുന്നില്ല. ശരിയായ തരത്തില്‍ ശുചീകരണം നടക്കുന്നില്ല. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ആരോഗ്യവകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടമാടുന്നത്.
അതിനാല്‍തന്നെയാണു മഴക്കാലത്തിനു മുന്‍പുള്ള ശുചീകരണപ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്തു ഡെങ്കിപ്പനി വ്യാപകമായിട്ടും സര്‍ക്കാര്‍ ഇപ്പോഴും വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രി സൂപ്രണ്ടിനോടു മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ അനന്തരനടപടി എന്തായിരിക്കുമെന്നു അറിയാന്‍ വഴിയില്ല.
തിരുവനന്തപുരം നഗരസഭയും ആരോഗ്യവകുപ്പും പരസ്പരം കുറ്റപ്പെടുത്തുകയാണ്. മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം നഗരസഭകള്‍ക്കാണ്. ചെങ്കളത്തു നിക്ഷേപിക്കുന്നതുകൊണ്ട് മാലിന്യം ഇല്ലാതാകുന്നില്ല. അവിടെയും ജനങ്ങള്‍ താമസിക്കുന്നുണ്ട്. മഴവന്നാല്‍ കുന്നുകൂടിയ മാലിന്യങ്ങളെല്ലാം മലിനജലമായി നഗരത്തിലൂടെ ഒഴുകും.
മാലിന്യസംസ്‌കരണം സംസ്ഥാനത്ത് ഇല്ലാതായിരിക്കുന്നു. മിക്ക മാലിന്യസംസ്‌കരണ പ്ലാന്റുകളും അടഞ്ഞുകിടക്കുകയാണ്. ഇതു തുറന്നുപ്രവര്‍ത്തിക്കാനാവശ്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇന്നലെവരെ രണ്ടായിരത്തിലധികം ഡെങ്കിപ്പനി കേസുകളാണു തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് പതിനായിരത്തിലധികം പേര്‍ ഡെങ്കിപ്പനിയുടെ പിടിയിലാണ്. പത്തുലക്ഷത്തിലധികം പേര്‍ താമസിക്കുന്ന തിരുവനന്തപുരം ജില്ല ഇപ്പോള്‍തന്നെ ഡെങ്കിപ്പനിയുടെ പിടിയിലായിരിക്കെ മഴക്കാലം തുടങ്ങിയാലുള്ള അവസ്ഥ വിവരണാതീതമായിരിക്കും.
നഗരസഭകള്‍ക്കും ആരോഗ്യവകുപ്പിനും പറയാനുള്ളത് മതിയായ ജീവനക്കാരില്ലെന്നാണ്. 1960 ലെ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് ഇപ്പോഴും നഗരസഭകളില്‍ തുടരുന്നത്. ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും പൊതുപ്രവര്‍ത്തകരെയും സംഘടിപ്പിച്ചുകൊണ്ട് ആരോഗ്യവകുപ്പിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതേയുള്ളു.
അതുമുണ്ടാകുന്നില്ല. തെക്കന്‍ കേരളത്തില്‍ ഡെങ്കിപ്പനിക്ക് പുറമെ എച്ച് വണ്‍ എന്‍ വണ്‍ പനിയും പടര്‍ന്നു പിടിച്ചിരിക്കുകയാണ്. 21 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനി പിടിപെട്ടതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നു. 109 പേര്‍ നിരീക്ഷണത്തിലാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്നു മന്ത്രി കെ.ടി ജലീല്‍ അന്വേഷിക്കുന്നുണ്ടോ?. കൊച്ചിയില്‍ മാലിന്യനീക്കം സ്തംഭിച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ഈ നഗരത്തില്‍ മഴക്കാലം വന്നാല്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണ്. മഴക്കാലം വരുമ്പോള്‍ മാലിന്യം നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കുറേ പണം ചെലവാക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേയ്ക്കായിരിക്കും ഈ പണത്തിലധികവും ചെന്നുചേരുക.
ശുചീകരണപ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന അഴിമതിയും അലംഭാവവും മന്ത്രിമാരുടെ മിന്നല്‍പരിശോധനകൊണ്ടു തീരില്ല. 2005 മുതല്‍ മാലിന്യസംസ്‌കരണനിയമം നിലവിലുണ്ട്. ഈ നിയമമനുസരിച്ചു മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനം കേസെടുത്തിട്ടുണ്ടോ?. കുടിവെള്ള സ്രോതസ്സിലേയ്ക്കുവരെ മാലിന്യം വലിച്ചെറിയുന്നു. കക്കൂസ് മാലിന്യം തോടുകളിലേക്കൊഴുക്കുന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ?.
കടുത്ത നടപടികള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ മാലിന്യം വലിച്ചെറിയുന്ന പ്രവണതയ്ക്ക് അവസാനം ഉണ്ടാകൂ. തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി നിത്യവും വടിവൊത്ത വാചകങ്ങള്‍ ഉതിര്‍ക്കുന്നതുകൊണ്ടു മാലിന്യം നീക്കപ്പെടുകയില്ല. അതിനുവേണ്ടതു കഴിവും പ്രാപ്തിയുമാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.