സര്‍ക്കാര്‍പദ്ധതികള്‍ പലതും കൊട്ടിഘോഷങ്ങളോടെ തുടങ്ങുകയും പാതിവഴിയിലെത്തുമ്പോള്‍ ആരോരുമറിയാതെ ഒടുങ്ങുകയും ചെയ്യുകയാണു പതിവ്. അത്തരം ആവര്‍ത്തനങ്ങളില്‍നിന്നു നിര്‍ബന്ധമായും മുക്തമാകേണ്ടതുണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഹരിത കേരള മിഷന്.
മനുഷ്യന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ പ്രകൃതിസംരക്ഷണത്തെ മുന്‍നിര്‍ത്തിയുള്ള ഈ പദ്ധതി അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തരം ഒരു സംരംഭത്തിനു തുടക്കമിട്ട ഇടതുപക്ഷസര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു മുന്നോട്ടുകൊണ്ടുപോവാന്‍ കൃഷിമന്ത്രിയുടെയോ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുടെയോ നേതൃത്വത്തില്‍ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ തുടര്‍പരിപാടികളും ആസൂത്രണം ചെയ്യേണ്ടതാണ്.
ക്ഷിപ്രസാധ്യമല്ല ഹരിതകേരള മിഷന്. വര്‍ഷങ്ങളുടെ കഠിനപ്രയത്നത്തിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടാല്‍ മാത്രമേ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭൂമിയുടെ ആവരണമായ പച്ചപ്പ് നമുക്കു തിരികെ പിടിക്കാനാകൂ. ഹരിതമിഷന്‍ വിജയകരമായാല്‍ ഒരുപക്ഷേ ഈ സര്‍ക്കാര്‍ ഓര്‍മിക്കപ്പെടുക ഇതിന്റെ പേരിലായിരിക്കും.
വയലാര്‍ പാടിയപോലെ മലകളും പുഴകളും ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങളല്ലെങ്കിലും മനുഷ്യജീവന്റെ താളംനിലനിര്‍ത്താന്‍ ഇവയെല്ലാം അത്യന്താപേക്ഷിതമാണ്. തലതിരിഞ്ഞ വികസനപ്രവര്‍ത്തനങ്ങളും മനുഷ്യന്റെ ഒടുങ്ങാത്ത ആര്‍ത്തിയുമാണു പുഴകളെ മാലിന്യനിക്ഷേപകേന്ദ്രങ്ങളാക്കിയതും മലകളെ ഇടിച്ചുനിരപ്പാക്കിയതും.
ഒരുകാലത്തു സമൃദ്ധമായി ഒഴുകിയിരുന്ന നിളാനദി എന്നോ അപ്രത്യക്ഷമായി. പൊന്നാനി സാഹിത്യകാരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ ഈ പുഴ വഹിച്ച പങ്ക് അപാരമായിരുന്നു. പി.കുഞ്ഞിരാമന്‍നായര്‍ മുതല്‍ എം.ടി വാസുദേവന്‍നായര്‍വരെയുള്ള എഴുത്തുകാര്‍ നിളയുടെ ഉപാസകരായിരുന്നു. നിളയുടെ തിരോധാനത്തെക്കുറിച്ച് എം.ടി വേദനയോടെ പരിതപിച്ചതു നിള തന്റെ നെഞ്ചിലൂടെയാണ് ഇപ്പോള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞായിരുന്നു.
അക്ഷരവും സംസ്കാരവുമായി ബന്ധപ്പെട്ടതാണു പ്രകൃതിയും മണ്ണും ജലവും. ഇവയെ നെഞ്ചേറ്റണമെങ്കില്‍ അക്ഷരസംസ്കൃതിയുടെ ഈര്‍പ്പം ഉള്ളില്‍ ഉറവയെടുക്കണം. വായന മരിച്ചുപോയ സമൂഹത്തിന്റെ അപചയമാണു പ്രകൃതിയുടെ നാശത്തിനു കാരണം. പുതിയ തലമുറയ്ക്കു കരഗതമാകാതെ പോകുന്നതാണു പരന്ന വായന. സംസ്കൃതി ആര്‍ജിക്കുന്നത് അക്ഷരങ്ങളിലൂടെയാണ്. പ്രകൃതിതന്നെയാണ് ഇതിന്റെ ആദ്യപാഠവും.
ഡോക്ടറും എന്‍ജിനിയറുമാകാനുള്ള തത്രപ്പാടില്‍ സമൂഹത്തില്‍നിന്നു വേരറ്റുപോകുന്നതാണു വായനയും അതിന്റെ ഉപോല്‍പ്പന്നമായ സംസ്കാരവും. പുഴകളും മലകളും ഇല്ലാതാകുന്നതു കുന്നിടിച്ച മണ്ണ് നെല്‍പ്പാടങ്ങളില്‍ ഒരു കാരുണ്യവുമില്ലാതെ നികത്തുന്നതിനാലാണ്. അധികാരത്തിന്റെ ഹുങ്കില്‍ നമ്മുടെ പച്ചപ്പും ജലസ്രോതസ്സുകളും ജലസംഭരണികളായ കുന്നുകളും കാവുകളും നീര്‍ച്ചോലകളും കണ്ണെത്താദൂരത്തോളം പച്ചപ്പട്ടു വിരിച്ചിരുന്ന വയലേലകളും ഇല്ലാതായി.
മൂലധനശക്തികള്‍ക്കെതിരേയുള്ള, ആര്‍ത്തിപൂണ്ട മനുഷ്യര്‍ക്കെതിരേയുള്ള യുദ്ധ പ്രഖ്യാപനവും കൂടിയാകണം ഹരിത കേരള മിഷന്. പ്രകൃതിയുടെ ലാവണ്യം നഷ്ടപ്പെടുന്നതിലൂടെ മനുഷ്യമനസ്സ് കൂടുതല്‍ ഊഷരമാവുകയും അവിടെ അധികാര ധനമോഹവും കൊടികുത്തി വാഴുകയും ചെയ്യുന്നു. നാട്ടിലുടനീളം പെരുകിക്കൊണ്ടിരിക്കുന്ന കോഴിക്കടകളുടെ ഇറച്ചിമാലിന്യങ്ങള്‍ മുഴുവനും തള്ളുന്നതു സമീപസ്ഥലങ്ങളിലെ പുഴകളിലും തോടുകളിലുമാണ്.
ഇത്തരം കോഴിക്കടകള്‍ക്കെതിരേ ഈ പദ്ധതിയുടെ കീഴില്‍ത്തന്നെ നടപടിയെടുക്കേണ്ടതാണ്.
കുളങ്ങളും തോടുകളും പുഴകളും മാലിന്യമുക്തമാകണം. എല്ലാ അഴുക്കുചാലുകളും പുഴകളിലേക്കും തോടുകളിലേക്കും ഒഴുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുകയും വേണം. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുവാനും മാലിന്യമുക്തമാക്കാനും കാര്‍ഷികസംസ്കൃതി തിരികെപിടിക്കുവാനും കേരള ഹരിത മിഷന് ഉപയോഗപ്പെടേണ്ടതുണ്ട്.
തെളിഞ്ഞൊഴുകിയ പുഴകളെ കണ്ണാടികളെന്നും മന്ദാരവും തെച്ചിയും തുളസിയും പൂത്തുലഞ്ഞ മലനിരകളെ വര്‍ണചിത്രങ്ങളെന്നും ഒരുകാലത്തു പാടിപ്പുകഴ്ത്തിയിരുന്നു. കുന്നുകള്‍ക്കും പുഴകള്‍ക്കും ആ ശോഭ നല്കാന് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്കുന്ന ഹരിത കേരള മിഷനില്‍ നാട്ടുകൂട്ടങ്ങളും സന്നദ്ധസംഘടനകളും പങ്കാളികളാകേണ്ടതുണ്ട്. പ്രകൃതിസംരക്ഷണത്തോടൊപ്പം സംസ്കാരഭദ്രമായ സമൂഹത്തെ കെട്ടിപ്പടുക്കുവാനും ഇത് അനിവാര്യമാണ്.